ഫുട്ബോളില്‍ ഇനി നീല കാര്‍ഡും; കളിക്കളത്തിലെ മുട്ടാളന്‍മാര്‍ക്ക് മുട്ടന്‍ പണി! അറിയേണ്ടതെല്ലാം

By Web Team  |  First Published Feb 9, 2024, 6:18 PM IST

പുതിയ നീല കാര്‍ഡിന്‍റെ വരവോടെ വിപ്ലവകരമായ മാറ്റത്തിനാണ് ഫുട്ബാൾ കളിക്കളം സാക്ഷ്യം വഹിക്കുക


സൂറിച്ച്: ഫുട്ബോൾ കാർ‍‍ഡുകളുടെ കൂട്ടത്തിലേക്ക് മറ്റൊരു നിറത്തിലുള്ള കാർ‍‍ഡും എത്തുന്നു. നീല നിറത്തിലുള്ള കാർ‍ഡാണ് അന്താരാഷ്ട്ര ഫുട്ബോൾ അസോസിയേഷൻ ബോർ‍‍‍ഡ് പരീക്ഷണാടിസ്ഥാനത്തിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്നത്.

ഫുട്ബോൾ കളി നിയമങ്ങളിൽ മഞ്ഞ, ചുവപ്പ് നിറത്തിലുള്ള കാർ‍ഡുകൾക്ക് പ്രാധാന്യമേറെയാണ്. മത്സരം തന്നെ മാറ്റിമാറിക്കാൻ ഈ കാർഡുകൾക്കാകും. അച്ചടക്ക നടപടിയുടെ ഭാഗമായി കളിക്കാർക്കും ഒഷീഷ്യൽസിനും എതിരെ റഫറിമാർ ഉപയോഗിക്കുന്ന ഈ കാർഡുകളുടെ കൂട്ടത്തിലേക്ക് മറ്റൊരു നിറത്തിലുള്ള കാർഡ് കൂടിയെത്തുന്നു. നീല നിറത്തിലുള്ള കാർഡാണ് (ബ്ലൂ കാര്‍ഡ്) അന്താരാഷ്ട്ര ഫുട്ബാൾ അസോസിയേഷൻ ബോർഡ് അവതരിപ്പിക്കാൻ ഒരുങ്ങുന്നത്. 

Latest Videos

undefined

പുതിയ നീല കാര്‍ഡിന്‍റെ വരവോടെ വിപ്ലവകരമായ മാറ്റത്തിനാണ് ഫുട്ബാൾ കളിക്കളം സാക്ഷ്യം വഹിക്കുക. മത്സരത്തിൽ അനാവശ്യമായി ഫൗളുകൾ വരുത്തുകയും മാച്ച് ഓഫീഷ്യൽസിനോട് അപമര്യാദയായി പെരുമാറുകയും ചെയ്യുന്ന കളിക്കാർക്കാണ് നീല കാർഡ് ലഭിക്കുക. ഈ കാർഡ് ലഭിച്ചാൽ 10 മിനിറ്റ് കളത്തിൽ നിന്നും മാറി നിൽക്കണം. ഒരു മത്സരത്തിൽ രണ്ട് നീല കാർഡുകൾ ലഭിക്കുന്ന കളിക്കാരനെ ചുവപ്പിന് തുല്യമായി കണക്കാക്കി പുറത്തിരുത്തും. ഒരു നീലയും ഒരു മഞ്ഞകാർഡും ലഭിച്ചാലും ചുവപ്പ് കാർഡ് ഉയർത്തും. ഗോളിലേക്കുള്ള മുന്നേറ്റം തടയാൻ നടത്തുന്ന ഫൗളുകൾക്കാകും പ്രധാനമായും നീല കാർഡ് ലഭിക്കുകയെന്നാണ് സൂചനകൾ. 

അഞ്ച് പതിറ്റാണ്ട് മുൻപാണ് ഫുട്ബോളിൽ മഞ്ഞയും ചുവപ്പും നിറത്തിലുള്ള കാർഡുകൾ അവതരിപ്പിക്കുന്നത്. അന്ന് തൊട്ട് ഇന്നോളം കളത്തിലെ അച്ചടക്ക നടപടിക്കുള്ള ഏക ആയുധം ഈ രണ്ട് കാർഡുകളായിരുന്നു. ഇവർക്കൊപ്പം നീലയും ചേരുന്നതോടെ മത്സര നടത്തിപ്പ് കൂടുതൽ എളുപ്പമാകുമെന്നാണ് കണക്കുകൂട്ടൽ. നിലവിൽ പരീക്ഷണാടിസ്ഥാത്തിൽ മാത്രമാകും നീല കാർഡ് ഉപയോഗിക്കുക. വരുന്ന സമ്മർ സീസണിൽ പരീക്ഷണം ആരംഭിക്കാനുള്ള പദ്ധതിയുണ്ടെന്ന് ഇഫാബ് സൂചന നൽകി. എന്നാൽ പ്രധാനപ്പെട്ട മത്സരങ്ങളിൽ നീല കാർഡ് ഉടനെത്തില്ല. എഫ്എ കപ്പിൽ നീല‌കാർഡ് പരീക്ഷണം നടത്തിയേക്കുമെന്ന് സൂചനയുണ്ട്. പരീക്ഷണം വിജയകരമാണെങ്കിൽ ഭാവിയിൽ പ്രധാന ലീഗുകളിലും നീല കാർഡ് നടപ്പിലാക്കും.

Read more: പാകിസ്ഥാന്‍റെ തോൽവി സ്വയം കുഴിതോണ്ടി; ഓസ്ട്രേലിയയോട് സംഭവിച്ചത് ആന മണ്ടത്തരം!

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!