അന്ന് അര്‍ജന്റീനയോട് തോറ്റപ്പോള്‍ തുടങ്ങിയതാണ് കഷ്ടകാലം! ലോകത്തെ വിസ്മയിപ്പിച്ച ബ്രസീലിന് എന്തുപറ്റി?

By Web Team  |  First Published Jul 7, 2024, 8:39 PM IST

സ്വന്തം തട്ടകമായ മാരാക്കാനയിലെ കോപ്പ ഫൈനലില്‍ ചിരവൈരികളായ അര്‍ജന്റീനയോട് തോറ്റത് മുതല്‍ തുടങ്ങിയതാണ് ഈ കഷ്ടക്കാലം.


ന്യൂയോര്‍ക്ക്: എതിരാളികള്‍ ഭയന്നിരുന്ന ബ്രസീല്‍ ടീമിന് ഇതെന്ത് പറ്റി. ഫുട്‌ബോള്‍ ആരാധകര്‍ ഒന്നടങ്കം ചോദിക്കുന്ന ചോദ്യമാണിത്. പുതിയ പരിശീലകന്‍ എത്തിയിട്ടും തിരിച്ചടികളില്‍ നിന്ന് കരകയറാന്‍ കാനറിക്കൂട്ടങ്ങള്‍ക്കായില്ല. കോപ്പ അമേരിക്കയില്‍ ബ്രസീലിന്റെ മത്സരങ്ങള്‍ കാണില്ലെന്ന് റൊണാള്‍ഡീഞ്ഞോ പറഞ്ഞപ്പോള്‍ ആരാധകര്‍ പരിഹസിച്ചു. ശ്രദ്ധ നേടാനുള്ള അടവെന്ന് പുച്ഛിച്ചു. കാനറിക്കൂട്ടത്തിന് ഇപ്പോളെങ്കിലും ഇതിഹാസ താരം പറഞ്ഞതിന്റെ പൊരുള്‍ മനസ്സിലായി കാണും.

ഈ കോപ്പ അമേരിക്കയില്‍ കളിച്ച നാല് മത്സരങ്ങളില്‍ ഒരൊറ്റ ജയം മാത്രമാണ് മുന്‍ ചാംപ്യന്മാര്‍ക്ക് സ്വന്തമാക്കാനായത്. സ്വന്തം തട്ടകമായ മാരാക്കാനയിലെ കോപ്പ ഫൈനലില്‍ ചിരവൈരികളായ അര്‍ജന്റീനയോട് തോറ്റത് മുതല്‍ തുടങ്ങിയതാണ് ഈ കഷ്ടക്കാലം. ഖത്തര്‍ ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ ഞ്ഞെട്ടിക്കുന്ന തിരിച്ചടികള്‍. ദുര്‍ബലരായ കാമറൂണിനോട് തോറ്റു. ക്വാര്‍ട്ടര്‍ ഫൈനലില്‍ ക്രെയേഷ്യയോട് പെനാല്‍റ്റി ദുരന്തം. ഇതിനൊക്കെ കണക്കു തീര്‍ക്കാനെത്തിയ ബ്രസീലിന് ഈ കോപ്പയിലും കണ്ണീരണിഞ്ഞ് മടക്കം. വമ്പന്‍ ടൂര്‍ണമെന്റുകളിലെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ അര്‍ഹിച്ച ജയം തുലച്ചുകളയുന്ന ബ്രസീല്‍.

Latest Videos

ഉടനൊന്നും വിരമിക്കാനില്ല! നിലപാട് വ്യക്തമാക്കി ക്രിസ്റ്റ്യാനോ; താങ്കളുടെ ഇഷ്ടമെന്ന് പോര്‍ച്ചുഗീസ് ടീം

പ്രതിഭാ ധാരാളിത്തം കൊണ്ട് ഫുട്‌ബോള്‍ ലോകത്തെ വിസ്മയിപ്പിച്ച ടീമില്‍ നിന്ന് ആരും പ്രതീക്ഷിക്കാത്ത പ്രകടനം. കോപ്പയ്ക്ക് ഒരുങ്ങുന്നതിന് മുന്‍പ് കളിച്ച സൗഹൃദ മത്സരങ്ങളിലും നിറംമങ്ങി. നെയ്മര്‍ പരിക്കിന്റെ പിടിയിലായതോടെ ബ്രസീലിന്റെ ആക്രമണങ്ങളുടെ മുനയൊടിഞ്ഞു. നെയ്മറിന് പകരം വെക്കാന്‍ ടീമില്‍ മറ്റൊരാളില്ല. റഫീഞ്ഞയും വിനീഷ്യസ് ജൂനിയറും അടക്കമുള്ള മുന്‍നിര താരങ്ങളുണ്ടായിട്ടും ഫിനിംഷിംഗില്‍ അമ്പേ  പരാജയമാകുന്നു. ഒട്ടനവധി മിസ് പാസുകള്‍ നടത്തുന്ന ബ്രസീല്‍ ടീമിനെ ഇങ്ങനെ മുന്‍പ് കണ്ടിട്ടില്ല.

പുതിയ കോച്ചിനെ കൊണ്ടുവന്നിട്ടും കളിരീതിയില്‍ ഒരു മാറ്റമുണ്ടായില്ല. യുവതാരങ്ങള്‍ക്ക് അവസരം നല്‍കിയുള്ള ഡൊറിവല്‍ ജുനിയറിന്റെ പരീക്ഷണങ്ങള്‍ പാളി. കാസിമെറോ, തിയോഗോ സില്‍വ, ഗബ്രീയേല്‍ ജീസസ് തുടങ്ങിയ മുതിര്‍ന്ന താരങ്ങളെ ടീമിലെടുക്കാത്തതും തിരിച്ചടിയായി. ബ്രസീല്‍ ലോകകിരീടം നേടിയിട്ട് 22 വര്‍ഷങ്ങള്‍ പിന്നിടുകയാണ്. ഈ നീണ്ട കാത്തിരിപ്പും കഷ്ടക്കാലവും 2026 ലോകകപ്പില്‍ ബ്രസീല്‍ അറുതിയിടുമോ. കാത്തിരുന്ന് കാണാം.

click me!