വീരനായകനായി മെസി, ബുള്ളറ്റ് ഗോള്‍; ഇന്‍റര്‍ മയാമിക്ക് കന്നി ലീഗ്‌സ് കപ്പ്; വിധിയെഴുത്ത് സഡന്‍ ഡത്തില്‍- വീഡിയോ

By Web Team  |  First Published Aug 20, 2023, 9:05 AM IST

അര്‍ജന്‍റൈന്‍ ഇതിഹാസം ലിയോണല്‍ മെസിയെ സ്റ്റാര്‍ട്ടിംഗ് ഇലവനില്‍ ഇറക്കിയാണ് ഇന്‍റര്‍ മയാമി ലീഗ‌്‌സ് കപ്പിന്‍റെ കലാശപ്പോരില്‍ മൈതാനത്ത് എത്തിയത്


നാഷ്‌വിൽ: ലിയോണല്‍ മെസി ഗോള്‍മിശിഹായായി അവതരിച്ചപ്പോള്‍ ഇന്‍റര്‍ മയാമിക്ക് ലീഗ്‌സ് കപ്പില്‍ മുത്തം. ഫൈനലില്‍ നാഷ്‌വില്ലിനെ സഡന്‍ ഡത്തില്‍ 10-9 എന്ന ഗോള്‍നിലയില്‍ തോല്‍പിച്ചാണ് മയാമിയുടെ കിരീടധാരണം. ക്ലബ് ചരിത്രത്തില്‍ ഇന്‍റര്‍ മയാമിയുടെ കന്നിക്കിരീടമാണിത്. നിശ്ചിത സമയത്ത് ഇരു ടീമും ഓരോ ഗോള്‍ വീതമടിച്ച് സമനില പാലിച്ചതോടെയാണ് മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്കും അവിടെ നിന്ന് സഡന്‍ ഡത്തിലേക്കും നീണ്ടത്. ഇരു ടീമുകളും 11 വീതം കിക്കുകള്‍ ഷൂട്ടൗട്ടില്‍ എടുക്കേണ്ടിവന്നു വിജയിയെ കണ്ടെത്താന്‍. മെസിയുടെ കരിയറിലെ 44-ാം കിരീടമാണിത്.

അര്‍ജന്‍റൈന്‍ ഇതിഹാസം ലിയോണല്‍ മെസിയെ സ്റ്റാര്‍ട്ടിംഗ് ഇലവനില്‍ ഇറക്കിയാണ് ഇന്‍റര്‍ മയാമി ലീഗ‌്‌സ് കപ്പിന്‍റെ കലാശപ്പോരില്‍ മൈതാനത്ത് എത്തിയത്. കിക്കോഫായി 23-ാം മിനുറ്റില്‍ ബോക്‌സിന് പുറത്തുനിന്നുള്ള ശക്തമായ ഇടംകാലന്‍ അടിയില്‍ മെസി മയാമിക്ക് ലീഡ് സമ്മാനിച്ചു. നാഷ്‌വിൽ പ്രതിരോധത്തെ വെട്ടിത്തിരിഞ്ഞുള്ള നീക്കത്തിനൊടുവില്‍ സുന്ദരമായി ഫിനിഷ് ചെയ്യുകയായിരുന്നു ലിയോ. ഇതോടെ മയാമി 1-0ന്‍റെ ലീഡുമായി ഇടവേളയ്‌ക്ക് പിരിഞ്ഞെങ്കിലും രണ്ടാംപകുതിയില്‍ കളി മാറി. 

Latest Videos

undefined

മത്സരം പുനരാരംഭിച്ച് 57-ാം മിനുറ്റില്‍ ഫഫാ പിക്കൗള്‍ട്ട് നാഷ്‌വില്ലിനെ 1-1 എന്ന തുല്യതയിലെത്തിച്ചു. എന്നാല്‍ തിരിച്ചടിക്കാനുള്ള മയാമിയുടെ ശ്രമങ്ങളെല്ലാം പിഴച്ചു. മെസിയുടെ ഉഗ്രനൊരു ഇടംകാലനടി പോസ്റ്റില്‍ തട്ടി മടങ്ങി. 90 മിനുറ്റുകളിലും ഇഞ്ചുറിടൈമിലും ഇരു ടീമിനും വീണ്ടും ഗോള്‍ നേടാനാവാതെ വന്നതോടെ മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടു. ഷൂട്ടൗട്ടില്‍ ഇന്‍റര്‍ മയാമിക്കായി ലിയോണല്‍ മെസിയാണ് ആദ്യ കിക്കെടുത്തത്. മെസിയും സെര്‍ജിയോ ബുസ്‌കറ്റ്‌സും ലിയണാണ്ട്രോ കാംപാനയും കാമല്‍ മില്ലറും വലചലിപ്പിച്ചപ്പോള്‍ വിക്ടര്‍ ഉല്ലോയ്‌ക്ക് പിഴച്ചു. നാഷ്‌വിൽ താരങ്ങളില്‍ റാണ്ടര്‍ ലീലിന് പാളിയെങ്കിലും ഹാനി മഖ്‌തറും അനിബാല്‍ ഗോഡോയും വാള്‍ക്കര്‍ സിമര്‍മാനും സാം സറിഡ്‌ജും ലക്ഷ്യം കണ്ടതോടെ അഞ്ച് വീതം കിക്കുകളില്‍ ഗോള്‍നില 4-4. 

Out of this WORLD. 💫

Take a bow, Leo Messi. pic.twitter.com/qm90VJtVbc

— Major League Soccer (@MLS)

ഇതോടെ മത്സരം സഡന്‍ ഡത്തിലേക്ക് പ്രവേശിച്ചു. സഡന്‍ ഡത്തില്‍ മയാമിക്കായി സെര്‍ഹി ക്രിവ്‌റ്റ്‌സോവും ജോര്‍ഡി ആല്‍ബയും ഡിയോഗോ ഗോമസും ഡേവിഡ് റൂയിസും വല ചലിപ്പിച്ചപ്പോള്‍ നാഷ്‌വില്ലിനായി ഷാഖ്വല്‍ മൂറെയും ഡാനിയേല്‍ ലോവിറ്റ്‌സും ലൂക്കാസ് മക്നോട്ടണും ഷോണ്‍ ഡേവിസും ലക്ഷ്യം കണ്ടതോടെ 8-8 എന്ന നിലയില്‍ ഇരു ടീമും തുല്യതയിലായി. ഇതിന് ശേഷം ഇന്‍റര്‍ മയാമിക്കായി ഡീആന്‍ഡ്രേ യെഡിനും ഡ്രേക്ക് കലണ്ടറും എടുത്ത കിക്കുകള്‍ വലയിലെത്തിയപ്പോള്‍ നാഷ്‌വില്ലില്‍ ജേക്കബ് ഷഫില്‍ബര്‍ഗിന്‍റെ ശ്രമം ഗോളായെങ്കിലും എലിയറ്റ് പാനിക്കോയ്‌ക്ക് പിഴച്ചതോടെ മയാമി കിരീടം സ്വന്തമാക്കുകയായിരുന്നു. നാഷ്‌വില്‍ ഗോളി കൂടിയായ പാനിക്കോയുടെ കിക്ക് മയാമി ഗോളി കലണ്ട‍ര്‍ തടുത്തിട്ടു. 

WHAT. AN. ENDING.

The moment Drake Callender won it with a save for ! 🏆 pic.twitter.com/Krx8sOfX6I

— Major League Soccer (@MLS)

Another trophy for Leo. 🏆🐐 pic.twitter.com/SYoqBQDXTc

— Major League Soccer (@MLS)

Read more: മായിക ചടങ്ങ്, 70000ത്തോളം കാണികള്‍; നെയ്‌മ‍ര്‍ ജൂനിയറെ അവതരിപ്പിച്ച് സൗദി ക്ലബ് അൽ ഹിലാൽ- വീഡിയോ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം


 

click me!