ചൈനയുടെ മണ്ടത്തരം സൗദിയും തുടരുന്നു; പൊന്നുംവില നല്‍കി വമ്പന്‍ താരങ്ങളെ എത്തിച്ചിട്ട് കാര്യമില്ലെന്ന് യുവേഫ

By Web Team  |  First Published Jun 21, 2023, 10:48 AM IST

വമ്പൻ താരങ്ങളുടെ കൂടുമാറ്റത്തിൽ യൂറോപ്യൻ ക്ലബുകൾക്ക് ആശങ്കവേണ്ടെന്നും പണംവാരിയെറിഞ്ഞതുകൊണ്ട് സൗദി ഫുട്ബോളിന് കാര്യമായി നേട്ടങ്ങളുണ്ടാവില്ലെന്നും യുവേഫ പ്രസിഡന്‍റ് അലക്സാണ്ടർ സെഫറിൻ


സൂറിച്ച്: സൗദി ലീഗിലേക്കുള്ള പ്രധാന താരങ്ങളുടെ കൂടുമാറ്റത്തിൽ ആശങ്കയില്ലെന്ന് യുവേഫ പ്രസിഡന്റ് അലക്സാണ്ടർ സെഫറിൻ. താരങ്ങൾക്ക് അ‍ർഹിച്ചതിൽ കൂടുതൽ പണംനൽകുന്നത് സൗദി ക്ലബുകൾക്ക് തിരിച്ചടിയാവുമെന്നും അലക്സാണ്ടർ സെഫറിൻ മുന്നറിയിപ്പ് നൽകി.

പോർച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയെ സ്വന്തമാക്കിയാണ് സൗദി ലീഗ് ഫുട്ബോൾ ലോകത്തെ ഞെട്ടിച്ചത്. മാഞ്ചസ്റ്റർ യുണൈറ്റഡുമായി ഇടഞ്ഞുനിന്ന റൊണാൾഡോയെ സൗദി ക്ലബ് അൽ നസ്ർ സ്വന്തമാക്കിയത് ലോക റെക്കോർഡ് പ്രതിഫലത്തിന്. ഇതിന് പിന്നാലെ റയൽ മാഡ്രിഡ് താരം കരീം ബെൻസേ വൻതുകയ്ക്ക് അൽ ഇത്തിഹാദിലെത്തി. എൻഗോളെ കാന്‍റെ, റിയാദ് മെഹറസ് തുടങ്ങിയ താരങ്ങളും വരുംദിവസങ്ങളിൽ സൗദി ക്ലബുകളിലെത്തും.

Latest Videos

undefined

വമ്പൻ താരങ്ങളുടെ കൂടുമാറ്റത്തിൽ യൂറോപ്യൻ ക്ലബുകൾക്ക് ആശങ്കവേണ്ടെന്നും പണംവാരിയെറിഞ്ഞതുകൊണ്ട് സൗദി ഫുട്ബോളിന് കാര്യമായി നേട്ടങ്ങളുണ്ടാവില്ലെന്നും യുവേഫ പ്രസിഡന്‍റ് അലക്സാണ്ടർ സെഫറിൻ പറയുന്നു. കരിയറിന്‍റെ അവസാന കാലത്തുള്ള കളിക്കാ‍ർക്ക് വലിയ പ്രതിഫലം നൽകാനുള്ള സൗദി ക്ലബുകളുടെ തീരുമാനം വൈകാതെ തിരിച്ചടിയായി മാറും.

'ബാലണ്‍ ഡി ഓറിന് ഞാനും അര്‍ഹന്‍', തുറന്നു പറഞ്ഞ് എംബാപ്പെ

പണംമാത്രം ലക്ഷ്യമിട്ട് എത്തുന്ന കളിക്കാർക്ക് പ്രതീക്ഷിച്ച മികവിലേക്ക് ഉയരാൻ കഴിയില്ല. മുൻപ് ചൈനീസ് ക്ലബുകൾ സമാനരീതി പരീക്ഷിച്ച് പരാജയപ്പെട്ടതാണ്. സൗദി ഫുട്ബോളിന് ഇതിലൂടെ ഗുണമൊന്നും കിട്ടില്ല. ഫുട്ബോൾ വളരാനാണ് സൗദി ആഗ്രഹിക്കുന്നതെങ്കിൽ അക്കാദമികളിലാണ് പണം നിക്ഷേപിക്കേണ്ടത്.

കളി വറ്റിത്തുടങ്ങിയ കളിക്കാരെയല്ല മികച്ച പരിശീലകരെയാണ് സൗദിയിലെത്തിക്കേണ്ടത്. ഇതോടൊപ്പം അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തണമെന്നും യുവേഫ പ്രസിഡന്‍റ് പറഞ്ഞു. 2030ലെ ലോകകപ്പ് വേദിയാവുക എന്ന ലക്ഷ്യത്തോടെ സൗദി ഭരണകൂടത്തിന്‍റെ സഹായത്തോടെയാണ് ക്ലബുകൾ വൻതുകയ്ക്ക് താരങ്ങളെ സ്വന്തമാക്കുന്നത്. യൂറോപ്പിലെ വമ്പന്‍ താരങ്ങള്‍ കൂട്ടത്തോടെ സൗദി പ്രോ ലീഗിലേക്ക് കൂടുമാറുന്നത് യൂറോപ്യന്‍ ക്ലബ്ബുകള്‍ക്ക് ആശങ്കയായ പശ്ചാത്തലത്തിലാണ് വിശദീകരണവുമായി യുവേഫ പ്രസിഡന്‍റ് തന്നെ രംഗത്തുവന്നത്.

click me!