പാസില്‍ തൂങ്ങി ഗോളടിക്കാന്‍ മറന്നവരെന്ന കറ മാറ്റി; ശൈലിയും ചരിത്രവും തിരുത്തി 'പുത്തന്‍ സ്‌പെയ്ന്‍'

By Web Team  |  First Published Jun 16, 2024, 12:50 PM IST

ടിക്കി ടാക്കയുമായി സ്‌പാനിഷ് ടീം ഫുട്ബോൾ ലോകം കീഴടക്കുന്നത് 2008ലെ യൂറോ കപ്പിലായിരുന്നു


ബര്‍ലിന്‍: യൂറോ കപ്പ് 2024ല്‍ ക്രൊയേഷ്യക്കെതിരായ മത്സരത്തിൽ സ്‌പാനിഷ് താരങ്ങളുടെ തലമുറ മാറ്റത്തിന് മാത്രമല്ല ഫുട്ബോൾ ലോകം സാക്ഷ്യംവഹിച്ചത്. വിഖ്യാതമായ ടിക്കി ടാക കേളീശൈലിയുടെ മാറ്റത്തിന് കൂടിയായിരുന്നു.

പുതിയ തലമുറയും പുതിയ ശൈലിയും പുതിയ തുടക്കവുമായി സ്‌പെയ്‌ന് ക്രൊയേഷ്യക്കെതിരായ മത്സരം. ഒന്നരപതിറ്റാണ്ടിൽ ഏറെയായി കണ്ടുശീലിച്ച സ്പെയ്ൻ ആയിരുന്നില്ല ക്രൊയേഷ്യക്കെതിരെ പന്തുതട്ടിയത്. പതിനാറ് വർഷത്തിനിടയിലെ 137 മത്സരങ്ങളിൽ ആദ്യമായി എതിരാളികൾ സ്പെയ്നെക്കാൾ പന്ത് കൈവശം വച്ചതിനും പാസുകൾ കൈമാറിയതിനുമാണ് ക്രൊയേഷ്യക്കെതിരായ മത്സരത്തില്‍ ഫുട്ബോള്‍ ലോകം സാക്ഷ്യംവഹിച്ചത്. പന്തടക്കം കുറഞ്ഞിട്ടും സ്പെയ്ൻ മൂന്ന് ഗോളടിച്ച് തകര്‍പ്പന്‍ ജയം ക്രോക്കുകള്‍ക്കെതിരെ സ്വന്തമാക്കി.

Latest Videos

undefined

ടിക്കി ടാക്കയുമായി സ്‌പാനിഷ് ടീം ഫുട്ബോൾ ലോകം കീഴടക്കുന്നത് 2008ലെ യൂറോ കപ്പിലായിരുന്നു. എട്ടുകാലി വലവിരിക്കുന്നതുപോലെ കുറിയ പാസുകളുമായി കളിക്കളംവാണ് എതിരാളികളെ നിഷ്പ്രഭരാക്കുന്ന ശൈലിയായിരുന്നു ടിക്കി ടാക. ആ ടിക്കി ടാകയിലൂടെ 2010 ലോകകപ്പ് സ്വന്തമാക്കിയ സ്പെയ്ൻ 2012ൽ യൂറോ കപ്പ് നിലനിർത്തി. എന്നാല്‍ ഇതിന് ശേഷം സ്പാനിഷ് ടീം ഖത്തർ ലോകകപ്പിൽ ഉൾപ്പടെ തിരിച്ചടി നേരിട്ടു. ആയിരത്തിലേറെ പാസുകൾ കൈമാറി എതിരാളികളെ വീർപ്പുമുട്ടിച്ചെങ്കിലും ഗോൾ നേടാൻ പാടുപെട്ടു. പാസുകൾക്കിടെ ഗോളടിക്കാൻ മറക്കുന്നവരെന്ന വിമർശനം ഇതോടെ ശക്തമായി. 

2024 യൂറോ കപ്പിലെ ആദ്യ മത്സരത്തിൽ ഇതിനെല്ലാം പരിഹാരം കണ്ടിരിക്കുകയാണ് സ്‌പാനിഷ് കോച്ച് ലൂയിസ് ഡി ലാ ഫ്യൂണ്ടെ. 2008 യൂറോ കപ്പ് ഫൈനലിന് ശേഷം ആദ്യമായാണ് എതിരാളികൾ സ്പെയ്നെക്കാൾ പന്ത് കൈവശം വച്ചതും പാസുകൾ നൽകിയതും. 54 ശതമാനം സമയം പന്ത് നിയന്ത്രിച്ച ക്രൊയേഷ്യ കൈമാറിയത് 518 പാസുകള്‍. സ്പാനിഷ് പോസ്റ്റിലേക്കുതിർത്തത് പതിനാറ് ഷോട്ടുകളും. അതേസമയം ടിക്കി ടാക ശൈലി കൈവിട്ട സ്പെയ്ൻ കൈമാറിയത് 457 പാസുകൾ മാത്രം. പന്ത് കൈവശം വച്ചത് 46 ശതമാനം മാത്രം. ക്രൊയേഷ്യൻ പോസ്റ്റിലേക്ക് ലക്ഷ്യംവച്ചത് പതിനൊന്ന് തവണ. 

പാസുകളുടെ കൃത്യതയിലും സ്‌പാനിഷ് താരങ്ങളേക്കാൾ എറെമുന്നിലായിരുന്നു ക്രോട്ടുകൾ. ബോൾ പൊസഷന് വേണ്ടിയുള്ള ശൈലിയോട് വിടപറഞ്ഞതോടെ കളിയുടെ വിധി നിശ്ചയിച്ച മൂന്ന് ഗോളുകള്‍ സ്‌പാനിഷ് താരങ്ങളുടെ പേരില്‍ കുറിക്കപ്പെട്ടു. ഇനിയുളള മത്സരങ്ങളിലും പുതിയ കാലത്തിലേക്കും ശൈലിയിലേക്കും കളംമാറ്റിച്ചവിട്ടിയ സ്പെയ്നെയാവും കാണുകയെന്നുറപ്പ്. 

Read more: യൂറോ കപ്പ്: 23-ാം സെക്കന്‍ഡില്‍ അല്‍ബേനിയയുടെ റെക്കോര്‍ഡ് ഗോള്‍; തിരിച്ചടിച്ച് ജയിച്ച് ഇറ്റലി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!