യൂറോ കപ്പ്: 23-ാം സെക്കന്‍ഡില്‍ അല്‍ബേനിയയുടെ റെക്കോര്‍ഡ് ഗോള്‍; തിരിച്ചടിച്ച് ജയിച്ച് ഇറ്റലി

By Web Team  |  First Published Jun 16, 2024, 7:29 AM IST

കളി തുടങ്ങി ഇരുപത്തിമൂന്നാം സെക്കന്‍ഡില്‍ അൽബേനിയ നിലവിലെ ചാമ്പ്യൻമാരുടെ വലയിൽ പന്തെത്തിച്ചു


ബര്‍ലിന്‍: യൂറോ കപ്പ് ഫുട്ബോളില്‍ നിലവിലെ ചാമ്പ്യന്‍മാരായ ഇറ്റലി ജയത്തോടെ തുടങ്ങി. മരണഗ്രൂപ്പ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഗ്രൂപ്പ് ബിയില്‍ അസൂറികള്‍ ഒന്നിനെതിരെ രണ്ട് ഗോളിന് അൽബേനിയയെ തോൽപിച്ചു. കിക്കോഫായി 23-ാം സെക്കന്‍ഡിലേറ്റ ഞെട്ടലോടെയാണ് ഇറ്റലി മത്സരം തുടങ്ങിയത്. എന്നാല്‍ ഈ മുന്‍തൂക്കം പിന്നീട് അല്‍ബേനിയക്ക് നിലനിര്‍ത്താനായില്ല. അവസാന മിനുറ്റുകളിലെ ആക്രമണത്വര അല്‍ബേനിയയുടെ രക്ഷയ്ക്കെത്തിയില്ല. 

കളി തുടങ്ങി ഇരുപത്തിമൂന്നാം സെക്കന്‍ഡില്‍ അൽബേനിയ നിലവിലെ ചാമ്പ്യൻമാരുടെ വലയിൽ പന്തെത്തിച്ചു. ഫെഡറിക്കോ ഡിമാർക്കോയുടെ പിഴവ് മുതലാക്കിയ നെദിം ബജ്റാമി യൂറോ കപ്പ് ചരിത്രത്തിലെ ഏറ്റവും വേഗമേറിയ ഗോളിന്‍റെ അവകാശിയായി. എന്നാല്‍ അൽബേനിയൻ ആഘോഷം അവസാനിപ്പിച്ച് അലസാന്ദ്രോ ബസ്റ്റോണി പതിനൊന്നാം മിനിറ്റിൽ ഇറ്റലിയെ ഒപ്പമെത്തിച്ചു. മരണഗ്രൂപ്പിൽ അസൂറികള്‍ക്ക് മൂന്ന് പോയിന്‍റുറപ്പിച്ച് അഞ്ച് മിനുറ്റുകള്‍ക്ക് ശേഷം നിക്കോളോ ബരെല്ലയുടെ ലോംഗ്റേഞ്ചർ വലയിലെത്തി.

Latest Videos

undefined

ജോർജീഞ്ഞോയും കിയേസയും കളി നിയന്ത്രിച്ചപ്പോൾ പന്ത് ഇറ്റലിയുടെ കാലിലേക്ക് ഒതുങ്ങി. മത്സരത്തിൽ 69 ശതമാനം പന്ത് കൈവശംവച്ച് 812 പാസുകൾ കൈമാറിയെങ്കിലും ഇറ്റലിക്ക് പിന്നീട് ലീഡുയർത്താനായില്ല. അതേസമയം ഒപ്പമെത്താനുള്ള അൽബേനിയയുടെ പിടച്ചിലിൽ ലോംഗ് വിസിലിന് തൊട്ടുമുൻപ് ഇറ്റലിയൊന്നു വിറച്ചു. ഇറ്റലിയുടെ കിയേസയാണ് കളിയിലെ താരം.

ഇതേ ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ ക്രൊയേഷ്യക്കെതിരെ സ്പെയ്ന്‍ തകര്‍പ്പന്‍ ജയം സ്വന്തമാക്കി. മരണഗ്രൂപ്പിൽ സ്പെയ്ൻ എതിരില്ലാത്ത മൂന്ന് ഗോളിന് ക്രൊയേഷ്യയെ തകർക്കുകയായിരുന്നു. ആദ്യ പകുതിയിലായിരുന്നു മൂന്ന് ഗോളും. ആല്‍വാരോ മൊറാട്ട, ഫാബിയാന്‍ റൂയിസ്, ഡാനി കാര്‍വഹാള്‍ എന്നിവര്‍ സ്പെയിനായി ലക്ഷ്യം കണ്ടു. മറുവശത്ത് ലൂക്കാ മോഡ്രിച്ചിനും സംഘത്തിനും രണ്ടാംപകുതിയിലെ കൂട്ടപ്പൊരിച്ചില്‍ പോലും ഗോള്‍ സമ്മാനിച്ചില്ല. ഇതോടെ കൊയേഷ്യയുടെ സുവര്‍ണ തലമുറ തോല്‍വിയോടെ യൂറോ കപ്പ് തുടങ്ങി. 

Read more: സ്പെയിനിന്‍റെ മൂന്നടിയില്‍ ക്രൊയേഷ്യയുടെ കഥ കഴിഞ്ഞു, മോഡ്രിച്ചിനും സംഘത്തിനും തോല്‍വിത്തുടക്കം  

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം 

click me!