74-ാം മിനുറ്റില്‍ ഡാനി കാര്‍വഹാളും 83-ാം മിനുറ്റില്‍ വിനീഷ്യസ് ജൂനിയറുമാണ് റയലിനായി വല ചലിപ്പിച്ചത്
വെംബ്ലി: യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബോള്‍ കിരീടം റയൽ മാഡ്രിഡിന്. വെംബ്ലിയില്‍ നടന്ന ഫൈനലിൽ എതിരില്ലാത്ത രണ്ട് ഗോളിന് ജർമൻ ക്ലബായ ബൊറൂസിയ ഡോർട്ട്മുണ്ടിനെ തോൽപിച്ചു. രണ്ടാംപകുതിയിലായിരുന്നു റയലിന്‍റെ ഇരു ഗോളുകളും. 74-ാം മിനുറ്റില്‍ ഡാനി കാര്‍വഹാളും 83-ാം മിനുറ്റില്‍ വിനീഷ്യസ് ജൂനിയറുമാണ് റയലിനായി വല ചലിപ്പിച്ചത്. ഇത് പതിനഞ്ചാം തവണയാണ് റയൽ ചാമ്പ്യൻസ് ലീഗ് കിരീടം സ്വന്തമാക്കുന്നത്. ചാമ്പ്യന്‍സ് ലീഗ് കിരീടത്തോടെ ക്ലബ് കരിയറിന് വിരാമമിടാന്‍ റയല്‍ മധ്യനിര ഇതിഹാസം ടോണി ക്രൂസിനായി.
അതിശക്തമായ സ്റ്റാര്‍ട്ടിംഗ് ഇലവനുമായി വെംബ്ലിയില്‍ ഇറങ്ങിയ റയല്‍ മാഡ്രിഡിനെ ആദ്യ മിനുറ്റുകളില്‍ ബൊറൂസിയ ഡോര്‍ട്ട്‌മുണ്ട് വിറപ്പിച്ചിരുന്നു. ആദ്യപകുതിയില്‍ സ്ട്രൈക്കര്‍ ഫുള്‍ക്രുഗിന്‍റെ ഷോട്ട് ബാറില്‍ തട്ടിത്തെറിച്ചത് ഡോര്‍ട്ട്‌മുണ്ടിന് തിരിച്ചടിയായി. ഗോള്‍രഹിതമായി മത്സരം ഇടവേളയ്ക്ക് പിരിഞ്ഞപ്പോള്‍ ടോണി ക്രൂസ് എടുത്ത കോര്‍ണര്‍ കിക്കില്‍ നിന്ന് ഹെഡറിലൂടെ 74-ാം മിനുറ്റില്‍ ഡാനി കാര്‍വഹാള്‍ റയലിന് നിര്‍ണായക ലീഡ് നല്‍കി. 9 മിനുറ്റുകള്‍ക്ക് ശേഷം വിനി ജൂനിയര്‍ ഡോര്‍ട്ട്‌മുണ്ട് താരങ്ങളുടെ കാലില്‍ നിന്ന് ചോര്‍ന്ന പന്ത് വലയിലെത്തിച്ച് റയലിന്‍റെ ജയമുറപ്പിച്ചു. 87-ാം മിനുറ്റില്‍ ഫുള്‍ഗ്രുഗ് ഗോള്‍ മടക്കിയെങ്കിലും റഫറി ഓഫ്‌സൈഡ് വിളിച്ചു.
undefined
കപ്പുയര്‍ത്തിയതോടെ അഞ്ച് ചാമ്പ്യന്‍സ് ലീഗ് കിരീടങ്ങള്‍ നേടുന്ന ആദ്യ മാനേജര്‍ എന്ന നേട്ടത്തില്‍ റയലിന്‍റെ നിലവിലെ പരിശീലകന്‍ കാര്‍ലോ ആഞ്ചലോട്ടി ഇടംപിടിച്ചു. 2024ന് മുമ്പ് 2014ലും 2022ലും ആഞ്ചലോട്ടി റയലിനൊപ്പം കിരീടം നേടിയിരുന്നു. എ സി മിലാനിനൊപ്പം രണ്ട് കിരീടങ്ങളും ആഞ്ചലോട്ടിക്കുണ്ട്. 15 ചാമ്പ്യന്‍സ് ലീഗ് കിരീടങ്ങളുമായി റയലിന്‍റെ കുതിപ്പ് തുടരുകയാണ്. ഏഴ് കപ്പുകളുള്ള മിലാനാണ് രണ്ടാംസ്ഥാനത്ത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം