ട്വിസ്റ്റുകളും ടേണുകളും നിറഞ്ഞ ഫുട്ബോളിലെ സമ്മർ ട്രാൻസ്ഫർ ജാലകം ഇത്തവണ ആരാധകരെ ഒന്നാകെ ഞെട്ടിച്ചു കളഞ്ഞു. അപ്രാപ്യമെന്ന് ഫുട്ബോൾ നെഞ്ചിൽ കുറിച്ചിട്ട ചിലർ പുതിയ മേച്ചിൽപുറങ്ങളിലേക്ക് മാറിയതിനും പച്ചപ്പുൽമൈതാനങ്ങൾ സാക്ഷ്യം വഹിച്ചു.
അപ്രതീക്ഷിതമായ ഒരു ടേൺ...പ്രതിരോധക്കാരെ വെട്ടിയൊഴിഞ്ഞ് ബോക്സിലേക്ക് ഒരു റൺ... ഒടുവിൽ ക്ലീൻ ഫിനിഷ്... കാൽപ്പാദങ്ങൾ കൊണ്ട് വിസ്മയം തീർത്ത താരങ്ങളുടെ ഇത്തരം പ്രകടനങ്ങൾ നമ്മൾ ഒരുപാട് കണ്ടിട്ടുണ്ട്. പക്ഷേ, ട്വിസ്റ്റുകളും ടേണുകളും നിറഞ്ഞ ഫുട്ബോളിലെ സമ്മർ ട്രാൻസ്ഫർ ജാലകം ഇത്തവണ ആരാധകരെ ഒന്നാകെ ഞെട്ടിച്ചു കളഞ്ഞു. അപ്രാപ്യമെന്ന് ഫുട്ബോൾ ലോകം നെഞ്ചിൽ കുറിച്ചിട്ട ചിലർ പുതിയ മേച്ചിൽപുറങ്ങളിലേക്ക് മാറിയതിനും പച്ചപ്പുൽമൈതാനങ്ങൾ സാക്ഷ്യം വഹിച്ചു.
ന്യൂകാമ്പിന്റെ കണ്ണീർ വറ്റിയിട്ടില്ല
undefined
ബാഴ്സലോണയെന്നാൽ മെസിയും മെസിയെന്നാൽ ബാഴ്സലോണയുമായി മാറിയിട്ട് കാലങ്ങൾ ഏറെയായി. തനിക്ക് ജീവിതത്തിൽ മുന്നോട്ട് പോകാൻ ജീവവായു ആയി മാറിയ ക്ലബ്ബിനെ മെസി എത്രത്തോളം സ്നേഹിച്ചിരുന്നുവെന്നതിൽ എതിരാളികൾക്ക് പോലും സംശയം ഉണ്ടായിരിക്കില്ല. 2000 സെപ്റ്റംബറിൽ തന്‍റെ പതിമൂന്നാം വയസിൽ ബാഴ്സയിലെത്തിയ ശേഷം മറ്റൊരു ക്ലബിന് വേണ്ടിയും മെസി പന്ത് തട്ടിയിരുന്നില്ല.
കഴിഞ്ഞ സീസണൊടുവില്‍ ബാഴ്‌സയുമായുള്ള കരാര്‍ അവസാനിച്ച മെസി ഫ്രീ ഏജന്‍റായി മാറിയിരുന്നു. തുടര്‍ന്ന് മെസിക്കായി അഞ്ച് വര്‍ഷത്തേക്ക് നാലായിരം കോടി രൂപയുടെ കരാറാണ് ബാഴ്‌സ തയാറാക്കിയിരുന്നത്. എന്നാല്‍, സാമ്പത്തികകാര്യങ്ങളിലെ ലാ ലിഗ അധികൃതരുടെ കടുംപിടുത്തം മൂലം ഈ കരാര്‍ സാധ്യമാകാതെ വരികയായിരുന്നു. ഒടുവിൽ ഒരിക്കലും സംഭവിക്കില്ല എന്ന് വിശ്വസിച്ചിരുന്ന മെസിയുടെ കൂടുമാറ്റവും നടന്നു, മിശിഹ പാരീസിൽ അവതരിച്ചു.
വെൽക്കം ഹോം, ഹീറോ
ഇതിഹാസ പദവിയിലേക്ക് കുതിക്കാനായി കാലുറച്ച് നിൽക്കാൻ ആദ്യമായി മണ്ണ് നൽകിയ വീട്ടിലേക്കുള്ള ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മടക്കമാണ് ഈ വർഷം ഏറ്റവും ചർച്ചയായി മാറിയ മറ്റൊരു ട്രാൻസ്ഫർ. റോണോ യുവന്റസ് വിടുമെന്ന് ഉറപ്പായ ഘട്ടത്തിൽ ആദ്യമൊന്നും മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പേര് ഉയർന്നു കേട്ടിരുന്നില്ല. പിഎസ്ജിയിലേക്കും മാഞ്ചസ്റ്റർ സിറ്റിയിലേക്കുമെല്ലാം സിആർ 7 കൂടുമാറിയേക്കുമെന്ന തരത്തിൽ റിപ്പോർട്ടുകൾ വന്നു. അവസാനം ട്രാൻസ്‌ഫർ ജാലകം അടയ്‌ക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിയുള്ളപ്പോഴാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ക്രിസ്റ്റ്യാനോ റൊണാൾഡോയെ സ്വന്തമാക്കിയത്.
നാടകീയമായ മണിക്കൂറുകളില്‍ റോണോയെ സ്വന്തമാക്കാന്‍ മാഞ്ചസ്റ്റര്‍ സിറ്റി സജീവമായി രംഗത്തുണ്ടായിരുന്നു. എന്നാല്‍ സിറ്റിയുടെ എതിരാളികളായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരത്തിനായി കളത്തിലിറങ്ങിയതോടെ ട്രാന്‍സ്‌ഫര്‍ വിന്‍ഡോയിൽ തീപടർന്നു. ഒടുവില്‍ വലിയ സസ്‌പെന്‍സുകള്‍ക്കും ട്വിസ്റ്റുകള്‍ക്കുമൊടുവില്‍ യുവന്റസിലെ ഒരു വര്‍ഷ കരാര്‍ ബാക്കിനില്‍ക്കേ റൊണാള്‍ഡോ യുണൈറ്റഡില്‍ മടങ്ങിയെത്തുകയായിരുന്നു.
എന്റെ മെസിയെ തൊടുന്നോടാ...? രാമേട്ടൻ പാരീസിൽ
നീണ്ടു 16 വർഷങ്ങൾ സാന്റിയാഗോ ബെർണബ്യൂവിൽ ചോര ചിന്തി റയൽ മാഡ്രിഡിന്റെ കോട്ട കാത്ത പടത്തലവൻ അവിടെ തന്നെ വിരമിക്കുമെന്നാണ് ഫുട്ബോൾ പണ്ഡിതന്മാർ വിധിയെഴുതിയിരുന്നത്. റയലിന്റെ കുപ്പായം അഴിച്ച് പാരീസിലേക്ക് സെർജിയോ റാമോസ് എന്ന മലയാളി ആരാധകരുടെ സ്വന്തം രാമേട്ടൻ മാറിയപ്പോൾ ഫുട്ബോൾ ലോകം ഞെട്ടി. . 2005ലാണ് സെവിയ്യയില്‍ നിന്നെത്തിയ റാമോസ് റയലുമായി കരാര്‍ ഒപ്പുവെക്കുന്നത്. 671 മത്സരങ്ങള്‍ റയലിനായി കളിച്ചു.
പ്രതിരോധ താരമായിട്ടിരുന്നുകൂടി റയലിനായി 101 ഗോളുകള്‍ നേടാന്‍ താരത്തിനായി. 40 അസിസ്റ്റുകളുള്ള താരം റയലിനൊപ്പം 22 ട്രോഫികളും സ്വന്തമാക്കി. ലാ ലിഗയില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ പ്രതിരോധ താരവും റാമോസാണ്. ക്ലബും താരവും തമ്മിൽ കരാർ പുതുക്കുന്ന കാര്യത്തിൽ ധാരണയാകാത്തതാണ് മാഡ്രിഡ് ആരാധകരെ വേദനിപ്പിച്ച ട്രാൻസ്ഫറിന് കാരണമായത്. ചിരവൈരികളായ ബാഴ്സയുമായി ഏറ്റുമുട്ടിയപ്പോൾ പലവട്ടം ഉരസിയ മെസിയും റാമോസും ഒരേ ടീമിൽ പന്തുതട്ടുന്നതും 2021ലെ മറക്കാനാകാത്ത കാഴ്ചയാണ്.
പ്രീമിയർ ലീഗിലേക്ക് ലുക്കാക്കുവിന്റെ തിരിച്ചുവരവ്
ഒരിക്കൽ വേദനയോടെ കളം വിട്ട ഇംഗ്ലീഷ് മണ്ണിലേക്ക് ബെൽജിയൻ സൂപ്പർ സ്ട്രൈക്കർ റൊമേലു ലുക്കാക്കുവിന്റെ തിരിച്ചുവരവിനും ഫുട്ബോൾ ലോകം സാക്ഷിയായി. മാഞ്ചസ്റ്റർ യുണൈറ്റഡ് ഉപേക്ഷിച്ച ശേഷം ഇന്റർ മിലാനിൽ മിന്നും പ്രകടനം കാഴ്ചവെച്ച ശേഷമാണ് ചെൽസി കുപ്പായത്തിലേക്ക് ലുക്കാക്കു എത്തിയത്.
ലൗട്ടാറോ മാർട്ടിനസുമായി മികച്ച ഒത്തിണക്കത്തോടെ ഇന്റർ മിലാനിൽ കളിച്ചിരുന്ന ലുക്കാക്കുവിന്റെ ട്രാൻസ്ഫർ അപ്രതീക്ഷിതമായിരുന്നു. താരങ്ങളുടെ ബാഹുല്യമുള്ള ചെൽസിയിൽ അത്ര മികച്ച തുടക്കമല്ല ലുക്കാക്കുവിന് കിട്ടിയിരിക്കുന്നത്. പരിക്കും കൊവിഡും മൂലം നീലക്കുപ്പായത്തിലുള്ള ബെൽജിയൻ താരത്തിന്റെ അഴിഞ്ഞാട്ടം കാണാൻ ഇതുവരെ സാധിച്ചിട്ടില്ല.
ഗ്രീലിഷ് സിറ്റിയിൽ
പ്രീമിയർ ലീഗിലെ മിന്നും പ്രകടനം നടത്തിയ ജാക്ക് ഗ്രീലിഷിനെ ഏത് വമ്പന്മാർ കൊത്തുമെന്ന കാര്യത്തിൽ മാത്രമായിരുന്നു ട്രാൻസ്ഫർ ജാലകം തുറന്നപ്പോഴുണ്ടായിരുന്ന സംശയം. ഒടുവിൽ റെക്കോർഡ് തുക മുടക്കി ഇംഗ്ലീഷ് യുവതാരത്തെ മാഞ്ചസ്റ്റർ സിറ്റി എത്തിഹാദിൽ എത്തിക്കുകായിരുന്നു. പെപ്പിന് കീഴിൽ സിറ്റിയിലെ സാഹചര്യങ്ങളുമായി താരം പൊരുത്തപ്പെട്ട് വരുന്നതേയുള്ളൂ.