സ്റ്റെഫാനിക്കൊപ്പം ലൈന്‍ റഫറിമാരായി എത്തുന്നതും വനിതകളാണെന്നതും ഈ മത്സരത്തില്‍ ശ്രദ്ധേയമാണ്. ബ്രസീല്‍ സ്വദേശിയായ ന്യൂസ ബാക്കും മെക്സിക്കോ സ്വദേശിയായ കാരെന്‍ ഡയസുമാണ് സ്റ്റെഫാനിക്കൊപ്പം കളി നിയന്ത്രിക്കുക.
ലോകകപ്പ് ഫുട്ബോള്‍ ചരിത്രത്തില്‍ ആദ്യമായി പുരുഷന്മാരുടെ മത്സരം നിയന്ത്രിച്ച് വനിതാ റഫറി. ഗ്രൂപ്പ് ഇയിലെ ജര്‍മ്മനി കോസ്റ്ററിക്ക മത്സരമാണ് ചരിത്രത്തിലേക്ക് ഇടം പിടിക്കുന്നത്. നേരത്തെ ഗ്രൂപ്പ് സിയില്‍ നടന്ന പോളണ്ട് മെസ്കിക്കോ മത്സരത്തിലെ നാലാമത്തെ ഒഫീഷ്യല്‍ ആയിരുന്ന സ്റ്റെഫാനി ഫ്രപ്പാർട്ടാണ് ഇക്കുറി ജര്‍മ്മനി കോസ്റ്ററിക്ക പോരാട്ടം നിയന്ത്രിക്കുക. സ്റ്റെഫാനിക്കൊപ്പം ലൈന്‍ റഫറിമാരായി എത്തുന്നതും വനിതകളാണെന്നതും ഈ മത്സരത്തില്‍ ശ്രദ്ധേയമാണ്. ബ്രസീല്‍ സ്വദേശിയായ ന്യൂസ ബാക്കും മെക്സിക്കോ സ്വദേശിയായ കാരെന്‍ ഡയസുമാണ് സ്റ്റെഫാനിക്കൊപ്പം കളി നിയന്ത്രിക്കുക.
ചരിത്രത്തിലാദ്യമായി ആറ് വനിതകളാണ് ഇക്കുറി പുരുഷ ലോകകപ്പ് നിയന്ത്രിക്കാനെത്തിയിട്ടുള്ളത്. 2020ല്‍ മെന്‍സ് ചാംപ്യന്‍സ് ലീഗ് നിയന്ത്രിച്ച ആദ്യ വനിതാ റഫറിയായ സ്റ്റെഫാനി മാറിയിരുന്നു. 38കാരിയായ സ്റ്റെഫാനി ഫ്രെഞ്ച് ലീഗ് 1ലും യൂറോപ്പാ ലീഗിന്‍റെ രണ്ടാം പാദത്തിലും റഫറിയായിരുന്നു. ചാംപ്യന്‍സ് ലീഗില്‍ യുവെന്‍റസും ഡൈനാമോ കീവും തമ്മിലുള്ള മത്സരമാണ് സ്റ്റെഫാനി നിയന്ത്രിച്ചത്. 2019ല്‍ ചെല്‍സിയും ലിവര്‍പൂളും തമ്മിലെ യുവെഫാ സൂപ്പര്‍കപ്പ് ഫൈനലിലും സ്റ്റെഫാനി കളി നിയന്ത്രിച്ചിരുന്നു. 13ാം വയസിലാണ് സ്റ്റെഫാനി റഫറിയാവുന്നത്. 18 വയസില്‍ അണ്ടര്‍ 19 നാഷണല്‍ മത്സരങ്ങളില്‍ അവര്‍ റഫറിയായി. 2014ല്‍ ലീഗ് 2 നിയന്ത്രിക്കുന്ന ആദ്യ വനിതാ റഫറിയായി അവര്‍ മാറിയിരുന്നു. 2015ലെ വനിതാ ലോക കപ്പിലും സ്റ്റെഫാനി റഫറിയായിരുന്നു. 2019,2020,2021 വര്‍ഷങ്ങളില്‍ മികച്ച വനിതാ റഫറിക്കുള്ള ലോക പുരസ്കാര ജോതാവ് കൂടിയാണ് സ്റ്റെഫാനി.
undefined
2019ന് ശേഷം തന്‍റെ ജീവിതം ഏറെ മാറിയെന്ന് സ്റ്റെഫാനി നേരത്തെ പ്രതികരിച്ചിരുന്നു. തെരുവുകളില്‍ കൂടുതല്‍ ആളുകള്‍ തിരിച്ചറിയാന്‍ തുടങ്ങിയെന്നും അവര്‍ നേരത്തെ പ്രതികരിച്ചിരുന്നു. മറ്റുള്ളവര്‍ വനിതാ റഫറിമാര്‍ക്ക് തന്നെ മാതൃകയായി കാണുന്നുണ്ട്. എന്നാല്‍ ചില സ്ത്രീകള്‍ക്കെങ്കിലും പ്രചോദനം നല്‍കാന്‍ സാധിക്കുന്നതിലാണ് തനിക്ക് സന്തോഷമെന്നും അവര്‍ വിശദമാക്കിയിരുന്നു.
വനിതകള്‍ക്ക് കര്‍ശന നിയന്ത്രണങ്ങളുള്ള ആതിഥേയ രാജ്യത്ത് മത്സരം നിയന്ത്രിക്കാന്‍ വനിതാ റഫറിമാര്‍ എത്തുന്നതില്‍ നേരത്തെ പല ഭാഗത്ത് നിന്നും ആശങ്ക ഉയര്‍ന്നിരുന്നു. എന്നാല്‍ വനിതകള്‍ക്കുള്ള നിയന്ത്രണങ്ങള്‍ ശക്തമായ സൌദി അറേബ്യയും ഇറാനും അടക്കമുള്ള രാജ്യങ്ങളുടെ മത്സരം നിയന്ത്രിക്കാന്‍ വനിതാ റഫറിമാര്‍ എത്തുന്നതില്‍ വിലക്കില്ലെന്നാണ് റഫറി സംഘത്തിന്‍റെ തലവനായ പിയര്‍ലൂജി കൊളീന നേരത്തെ വ്യക്തമാക്കിയത്. നിലവിലെ മൂന്ന് റഫറിമാരെ തെരഞ്ഞെടുത്തത് അവര്‍ സ്ത്രീകളായതുകൊണ്ടല്ല മറിച്ച് മികച്ച റഫറിമാരായതുകൊണ്ടാണെന്നും പിയര്‍ലൂജി കൊളീന വ്യക്തമാക്കിയിരുന്നു.