'ചുള്ളൻ കാൽ പന്ത് ചെക്കൻ, വലിയ ഇഷ്ടമാണ്'; സിനിമാ സ്റ്റൈലിൽ ആ ഇഷ്ടതാരത്തെ പുകഴ്ത്തി സുരേഷ് ​ഗോപി

By Web Team  |  First Published Aug 28, 2024, 4:46 PM IST

സൂപ്പര്‍ ലീഗിലെ മത്സരങ്ങൾ സെപ്റ്റംബർ ആദ്യവാരം തുടങ്ങും. കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുള്ള ആറ് ടീമുകളാണ് ആദ്യ സൂപ്പര്‍ ലീഗില്‍ മത്സരിക്കുന്നത്.


തൃശൂര്‍: ഫുട്ബോളിലെ ഇഷ്ടതാരമാരാണെന്ന് തുറന്നു പറഞ്ഞ് നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി. സൂപ്പര്‍ ലീഗ് കേരള ഫുട്ബോളില്‍ തൃശൂര്‍ മാജിക് എഫ് സിയുടെ ജേഴ്സി പുറത്തിറക്കുന്ന ചടങ്ങിലായിരുന്നു അവതാരകൻ ഫുട്ബോളിലെ ഇഷ്ടതാരത്തെക്കുറിച്ച് ചോദിച്ചത്. താനങ്ങനെ ലോക ഫുട്ബോളിന്‍റെ പിന്നാലെ പോകുന്ന ആളല്ലെന്ന് സുരേഷ് ഗോപി പറഞ്ഞു. പക്ഷെ തന്‍റെയും, കുടുംബത്തിന്‍റെയും ഫേവറൈറ്റെന്നു പറയുന്നത് ആരായിരിക്കും എന്ന് സുരേഷ് ഗോപി അവതാരകനോട് തിരിച്ചു ചോദിച്ചു. അര്‍ജന്‍റീന നായകന്‍ ലിയോണല്‍ മെസിയുടെയും ഇതിഹാസ താരം പെലെയുടെയുമെല്ലാം പേരുകള്‍ അവതാരകന്‍ പറഞ്ഞെങ്കിലും അവരാരും അല്ലെന്ന് സുരേഷ് ഗോപി തലയാട്ടി.

താനും തന്‍റെ കുടുംബവും ഇഷ്ടപ്പെടുന്ന കളിക്കാരന്‍, ഫുട്ബോളിലെ ചുള്ളൻ കാല്‍പന്ത് ചെക്കന്‍, അതെ റൊണാള്‍ഡോ ആണെന്ന് സുരേഷ് ഗോപി പറഞ്ഞു. സുരേഷ് ഗോപിയും ടീമിന്‍റെ അബാസഡറായ നടന്‍ നിവിന്‍ പോളിയും ടീം ഉടമയായ നിര്‍മാതാവ് ലിസ്റ്റൻ സ്റ്റീഫനും ചേര്‍ന്നാണ് ഔദ്യോഗിക ജേഴ്സി പുറത്തിറക്കിയത്. നടന്‍ ബാബു ആന്‍റണി, ടീമിന്‍റെ മുഖ്യ പരിശീലകന്‍ ജിയോവാനി സ്കാനു, സഹപരിശീകന്‍ സതീവന്‍ ബാലന്‍, സുശാന്ത് മാത്യു എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

Latest Videos

undefined

സൂപ്പര്‍ ലീഗിലെ മത്സരങ്ങൾ സെപ്റ്റംബർ ആദ്യവാരം തുടങ്ങും. കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുള്ള ആറ് ടീമുകളാണ് ആദ്യ സൂപ്പര്‍ ലീഗില്‍ മത്സരിക്കുന്നത്. തൃശൂർ മാജിക് എഫ്.സിക്ക് പുറമെ നടന്‍ പൃഥ്വി രാജിന്‍റെ ഉടമസ്ഥതയിലുള്ള ഫോർസ കൊച്ചി എഫ്.സി, തിരുവനന്തപുരം കൊമ്പൻസ് എഫ് സി, മലപ്പുറം എഫ്.സി, കാലിക്കറ്റ് എഫ്.സി, കണ്ണൂർ വാരിയേഴ്സ് എഫ്.സി എന്നിവരാണ് ലീഗിലെ ടീമുകൾ.

ആകെ 30 മത്സരങ്ങളാണ് ടൂർണമെന്‍റിലുള്ളത്. റൗണ്ട്-റോബിൻ ഫോർമാറ്റ്, സെമി ഫൈനലുകൾ, ഫൈനൽ എന്നിവയുള്ള ഒരു ലീഗ് ഫോർമാറ്റ് ടൂർണമെന്‍റായിരിക്കും ഇത്. കൊച്ചിയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയം ഉൾപ്പെടെ, നാല് സ്റ്റേഡിയങ്ങളിലായാണ് മത്സരങ്ങൾ നടക്കുക. ഐഎസ്എല്‍ താരങ്ങളായ സി കെ വിനീതും മെയില്‍സണ്‍ ആല്‍വസുമാണ് തൃശൂര്‍ മാജിക് എഫ് സിയുടെ പ്രധാന താരങ്ങള്‍. കഴിഞ്ഞ സീസണില്‍ പ്രഫഷണല്‍ ഫുട്ബോളില്‍ നിന്ന് വിട്ടു നിന്ന വിനീതിന്‍റെ തിരിച്ചുവരവിനും സൂപ്പര്‍ ലീഗ് സാക്ഷ്യം വഹിക്കും. ഐ ലീഗ് താരങ്ങളായ അബിജിത് സര്‍ക്കാര്‍, നിഖില്‍ കദം എന്നിവരും ടീമിലുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!