ഗ്യാലറിയിലെ ആരവങ്ങള്‍ക്കിടയില്‍ ആ നിമിഷം ടി വി സ്‌ക്രീനുകളില്‍ ഒരാളെ ക്യാമറ സൂം ചെയ്ത് കാണിച്ചിരുന്നു. അത് മറ്റാരുമായിരുന്നില്ല ഇന്റര്‍ മയാമി ഉടമ ഡേവിഡ് ബെക്കാം എന്ന മറ്റൊരു ഇതിഹാസമായിരുന്നു.
ആര്‍ത്തലച്ച ആരാധകര്‍ക്ക് മുന്നില്‍ അവസാന വിസിലിനരികെ അത്ഭുതഗോളുമായി ഇതിഹാസ താരം ലിയോണല്‍ മെസി ഇന്റര്‍ മയാമിയില്‍ അരങ്ങേറ്റം അവിസ്മരണീയമാക്കിയത് കൃത്യം ആറു ദിവസങ്ങള്‍ക്ക് മുമ്പാണ്. ഗ്യാലറിയിലെ ആരവങ്ങള്‍ക്കിടയില്‍ ആ നിമിഷം ടി വി സ്‌ക്രീനുകളില്‍ ഒരാളെ ക്യാമറ സൂം ചെയ്ത് കാണിച്ചിരുന്നു. അത് മറ്റാരുമായിരുന്നില്ല ഇന്റര്‍ മയാമി ഉടമ ഡേവിഡ് ബെക്കാം എന്ന മറ്റൊരു ഇതിഹാസമായിരുന്നു. പഴയ തട്ടകമായ ബാഴ്സലോണയിലേക്കുളള തിരികെ പോക്ക് പ്രതിസന്ധിയിലായതിന് പിന്നാലെയാണ് പിഎസ്ജിയിലെ രണ്ടുവര്‍ഷ കരാര്‍പൂര്‍ത്തിയാക്കിയ മെസി പുതിയ തട്ടകമായി ഇന്റര്‍ മയാമി തെരഞ്ഞെടുത്തത്. എന്നാല്‍ അതിനു പിന്നില്‍ ഒരാള്‍ പതിറ്റാണ്ട് മുമ്പ് കണ്ട സ്വപ്നമുണ്ടായിരുന്നു.
മെസിയുടെ ആദ്യ മാച്ചിനു ശേഷം ബെക്കാം പ്രതികരിച്ചത് ഇങ്ങനെയായിരുന്നു 'എന്റെ സ്വപ്നം യാഥാര്‍ഥ്യമായി'. ആ പ്രതികരണത്തില്‍ എല്ലാം ഒളിച്ചിരിപ്പുണ്ടായിരുന്നു. കേവലം നിമിഷങ്ങള്‍ കൊണ്ട് ഉണ്ടായ ഒരു പ്രതികരണമായിരുന്നില്ല അതെന്ന് മെസിയുടെ വിജയ ഗോളിന് ദിവസങ്ങള്‍ക്കു ശേഷം ബെക്കാം തുറന്നു പറഞ്ഞു.
undefined
നീണ്ട പത്തു വര്‍ഷത്തെ പ്രയത്ന ഫലമായാണ് മെസിയെ ടീമിലെത്തിച്ചതെന്ന വെളിപ്പെടുത്തലുമായാണ് ബെക്കാം രംഗത്തെത്തിയത്. പത്തുവര്‍ഷം മുമ്പ് മെസി എന്നെഴുതിയ ഇന്റര്‍ മയാമിയുടെ പത്താം നമ്പര്‍ പിങ്ക് ജഴ്സി സ്വപ്നം കണ്ടാണ് ഡേവിഡ് ബെക്കാം ക്ലബിന്റെ സഹ ഉടമയായത്. 2013ല്‍ ഒരു അത്താഴ വിരുന്നിനിടെയാണ് ബെക്കാം ഇക്കാര്യം ആദ്യമായി മെസിയുമായി പങ്കുവയ്ക്കുന്നത്. ഒരു ദിവസം ഞങ്ങളുടെ ക്ലബ്ബിലേക്ക് വരണം, ഞങ്ങളുടെ ആരാധകര്‍ക്ക് മുന്നില്‍ പന്തു തട്ടണം. അന്ന് മെസിയോട് പറഞ്ഞത് യാഥാര്‍ഥ്യമാക്കാനായിരുന്നു പിന്നീടുള്ള ഓരോ വര്‍ഷവും മാറ്റിവെച്ചതെന്നും ബെക്കാം പറയുന്നു.
അടുത്ത വര്‍ഷം തന്നെ മെസിയുടെ പ്രതിനിധികളുമായി രഹസ്യ ചര്‍ച്ച നടത്താന്‍ ബാഴ്സലോണയിലേക്ക് പോയതായും ബെക്കാം വെളിപ്പെടുത്തുന്നു. ലണ്ടനില്‍ നിന്നായിരുന്നു ബാഴ്സലോണയിലേക്ക് വിമാനം കയറിയത്. ആദ്യം മെസിയുടെ പിതാവുമായി സംസാരിച്ചു. നിങ്ങളുടെ മകന്‍ ഞങ്ങളുടെ ക്ലബ്ബില്‍ പന്തു തട്ടണമെന്നത് വലിയ സ്വപ്നമാണെന്ന് ബെക്കാം, ജോര്‍ജ്ജ് മെസിയോട് പറഞ്ഞുവെച്ചു. പിന്നെ ഓരോ തവണയും അതിനായുള്ള ശ്രമത്തിലായിരുന്നു.
മെസി ഇന്റര്‍ മയാമിയുമായി രണ്ടു വര്‍ഷത്തെ കരാര്‍ ഒപ്പു വെച്ചത് ഇക്കഴിഞ്ഞ ജൂണിലായിരുന്നു. അന്ന് ബെക്കാം പറഞ്ഞത് ഇങ്ങനെയാണ് 'ഒരു കളിക്കാരനായിരിക്കുമ്പോള്‍ എനിക്കുണ്ടായ അതേ വികാരം ഒരു ഉടമ എന്ന നിലയില്‍ ഉണ്ടാകുമെന്ന് ഞാന്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല'. യൂറോപ്യന്‍ ലീഗുകളുടേയോ ക്ലബുകളുടെയോ തലപ്പൊക്കവും ആരാധകപിന്തുണയും മേജര്‍ ലീഗ് സോക്കറിനില്ലാത്തതിനാല്‍ മെസിയുടെ വരവില്‍ ആരാധകര്‍ ഏറെ നിരാശരായിരുന്നു. പക്ഷെ അപ്പോഴും ബെക്കാം തന്റെ സ്വപ്നത്തിലേക്ക് നടന്ന് അടുത്തതിന്റെ ഉച്ഛസ്ഥായിയിലായിരുന്നു.
വെറും രണ്ടു മത്സരങ്ങള്‍കൊണ്ട് ഇന്റര്‍ മയാമിയെ ലോകത്തിന്റെ ശ്രദ്ധാ കേന്ദ്രമാക്കി മാറ്റാന്‍ മെസിക്ക് സാധിച്ചു എന്നതു തന്നെയാണ് ബെക്കാം എന്ന ഗ്രൗണ്ടും ഗ്യാലറിയും അറിയുന്ന ഇതിഹാസ താരത്തിന്റെയും വിജയം.