വൈറലാകുന്ന രശീതുകള്‍ക്ക് പിന്നില്‍ അര്‍ജന്‍റീനയോട് സ്നേഹമുള്ള ആരാധകരാണ് എന്ന് വ്യക്തം.
മലപ്പുറം: കോപ്പ അമേരിക്കയില്‍ ഞായറാഴ്ച രാവിലെയാണ് സ്വപ്ന ഫൈനല്‍. നിലവിലെ ചാമ്പ്യന്മാരായ ബ്രസീല്‍ അര്‍ജന്‍റീനയെ നേരിടുന്ന സ്വപ്ന ഫൈനല്‍ കാത്തിരിക്കുകയാണ് ലോകമെങ്ങുമുള്ള ഫുട്ബോള്‍ പ്രേമികള്‍. മാരക്കാനയില്‍ പന്തുരുളുന്നതിന് മുന്‍പ് കേരളത്തില്‍ അടക്കം ഇരുടീം ആരാധകരും തമ്മില്‍ വാഗ്വാദങ്ങളും, പോര്‍വിളികളും സോഷ്യല്‍ മീഡിയയില്‍ തുടങ്ങി കഴിഞ്ഞു. പതിറ്റാണ്ടുകളായി നീളുന്ന കിരീട വരള്‍ച്ച അര്‍ജന്‍റീന അവസാനിപ്പിക്കുമോ, അല്ല കനറികള്‍ വീണ്ടും കപ്പ് റാഞ്ചുമോ തുടങ്ങിയ ചര്‍ച്ചകള്‍ പൊടിപൊടിക്കുന്പോള്‍ തന്നെ ആരാധകരുടെ പലതരത്തിലുള്ള സ്നേഹ പ്രകടനങ്ങളും ചര്‍ച്ചയാകുന്നുണ്ട്.
ഇത്തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ് ഒരു വഴിപാട് രശീതുകള്‍. വൈറലാകുന്ന രശീതുകള്‍ക്ക് പിന്നില്‍ അര്‍ജന്‍റീനയോട് സ്നേഹമുള്ള ആരാധകരാണ് എന്ന് വ്യക്തം. മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള മലപ്പുറത്തെ ശ്രീ തൃപുരാന്തക ക്ഷേത്രത്തിലെ വഴിപാട് രശീതാണ് പലരും സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നത്. ശനിയാഴ്ച അര്‍ജന്‍റീനയുടെ പേരിലും, മെസിയുടെ പേരിലും ഒരോ പുഷ്പാഞ്ജലിയാണ് ഇതില്‍ കഴിച്ചിരിക്കുന്നത്. അതേ സമയം തെക്കാട്ടുശ്ശേരിയിലെ അമ്പലത്തില്‍ അര്‍ജന്‍റീനന്‍ ആരാധകര്‍ മെസിയുടെ നക്ഷത്രം അടക്കം പറഞ്ഞാണ് വഴിപാട് കഴിച്ചിരിക്കുന്നത്. രോഹിണിയാണത്രെ മെസിയുടെ നക്ഷത്രം പുഷ്പാഞ്ജലിക്ക് പുറമേ ഭാഗ്യസൂക്തവും ഇവിടുത്തെ ആരാധകര്‍ കഴിപ്പിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് നിരവധി രസകരമായ കമന്‍റുകളും, ട്രോളുകളുമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്.
അതേ സമയം നോക്കൗട്ട് മത്സരങ്ങളിൽ നിന്ന് വ്യത്യസ്‌തമായി നിശ്ചിതസമയം സമനിലയിൽ അവസാനിച്ചാൽ കോപ്പ അമേരിക്ക ഫൈനലില്‍ അധികസമയം അനുവദിക്കും. അപ്പോഴും ഒപ്പത്തിനൊപ്പമെങ്കിൽ ജേതാക്കളെ ഷൂട്ടൗട്ടിലൂടെ നിശ്ചയിക്കും. സൗന്ദര്യ ഫുട്ബോളിൻറെ നാട്ടുകാരാണെങ്കിലും പ്രായോഗികതയുടെ വക്താക്കളാണ് ടിറ്റെയും സ്‌കലോണിയും. ചിരവൈരികളുടെ കലാശപ്പോരാട്ടത്തിൽ ജയത്തിൽ കുറഞ്ഞതെന്തും മരണത്തിന് തുല്യമാണ് എന്നാണ് ഫുട്ബോള്‍ പ്രേമികളുടെ വിശ്വാസം.