ഇത്തവണ പിറന്നാള്‍ സമ്മാനമൊന്നും വേണ്ടെന്നാണ് ലാമിന്‍ യമാല്‍ അമ്മയടക്കം എല്ലാവരോടും പറഞ്ഞിരിക്കുന്നത്.
മ്യൂനിച്ച്: ഫുട്‌ബോള്‍ ലോകത്തെ വിസ്മയിപ്പിച്ച ഗോള്‍. ലിയോണല്‍ മെസിയുടെ ഇടങ്കാല്‍ മാജിക്കിനെ ഓര്‍മിപ്പിച്ച ഗോള്‍. കരുത്തരായ ഫ്രാന്‍സിന്റെ കൊമ്പൊടിച്ച ഗോള്‍. സ്‌പെയ്‌നെ യൂറോകപ്പ് ഫൈനലിലേക്ക് നയിച്ച ഗോള്‍. ലാമിന്‍ യമാലിന്റെ പതിനാറാം വയസ്സിലെ അവസാന ഗോള്‍. വിസ്മയതാരം ലാമിന്‍ യമാലിന് ഇന്ന് പതിനേഴാം പിറന്നാള്‍. യൂറോ കപ്പ് വിജയത്തോടെ പിറന്നാള്‍ ആഘോഷിക്കുകയാണ് ലാമിന്റെ ആഗ്രഹം.ഒറ്റഗോളിലൂടെ യൂറോകപ്പിന്റെ താരമായി മാറിയ ലാമിന്‍ യമാല്‍ പതിനേഴാം പിറന്നാള്‍ ആഘോഷിക്കുന്നത് കിരീടപ്പോരിന് തൊട്ടുതലേന്ന്.
ഇത്തവണ പിറന്നാള്‍ സമ്മാനമൊന്നും വേണ്ടെന്നാണ് ലാമിന്‍ യമാല്‍ അമ്മയടക്കം എല്ലാവരോടും പറഞ്ഞിരിക്കുന്നത്. കാരണം കരിയറിലെ ഏറ്റവും വലിയ സമ്മാനത്തിന് തൊട്ട് അരികെയാണ് കൗമാര വിസ്മയം. പതിനേഴാം വയസ്സിലെ ആദ്യമത്സരം യൂറോകപ്പ് ഫൈനല്‍. 2007 ജൂലൈ 13ന് ബാഴ്‌സലോണയിലെ ലോബ്രഗത്തില്‍ മൊറോക്കന്‍ വംശജനായ മൗനീര്‍ നസ്റൂയിയുടെയും ഇക്വറ്റോറിയല്‍ ഗിനി വംശജയായ ഷെയ്ലയുടെയും മകനായി ജനനം. മെസ്സി കളിപഠിച്ച എഫ് സി ബാഴ്സലോണയുടെ ലാമാസിയ അക്കാദമിയില്‍ എത്തുന്നത് ആറാം വയസ്സില്‍.
undefined
കളിമികവിനാല്‍ വളരെ ചെറുപ്പത്തിലേ ശ്രദ്ധേയനായ ലാമിന്‍ യമാലിനെ കോച്ച് സാവി ഹെര്‍ണാണ്ടസ് ബാഴ്‌സയുടെ സീനിയര്‍ ടീമില്‍ കളിപ്പിച്ചത് വഴിത്തിരിവായി. സ്പാനിഷ് ടീമില്‍ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞതാരമായി പതിനാറാം വയസ്സില്‍ 2023 സെപ്റ്റംബറില്‍ അന്താരാഷ്ട്ര ഫുട്‌ബോളില്‍ അരങ്ങേറ്റം. ആദ്യ മത്സത്തില്‍ തന്നെ ഗോളും, പ്രായം കുറഞ്ഞ സ്‌കോററെന്ന റെക്കോര്‍ഡും.
ബാഴ്സയ്ക്കായി 38 കളികളില്‍നിന്ന് അഞ്ചുഗോള്‍. സ്പാനിഷ് ടീമില്‍ 13 കളിയില്‍ അഞ്ച് ഗോള്‍ സ്വന്തം പേരില്‍കുറിച്ച ലാമിന്‍ യമാല്‍ പിറന്നാള്‍ സമ്മാനമായി യുറോകപ്പ് ഫൈനലിനായി കാത്തുവച്ചിരിക്കുന്നത് എന്തെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ഫുട്‌ബോള്‍ ലോകം.