അടിക്ക് തിരിച്ചടി; രണ്ട് ഗോളിന് പിന്നില്‍ പോയിട്ടും സെര്‍ബിയയെ സമനിലയില്‍ പിടിച്ച് കാമറൂണ്‍

By Web Team  |  First Published Nov 28, 2022, 5:51 PM IST

കാമറൂണാണ് മത്സരത്തിലെ ആദ്യ ഗോള്‍ നേടിയത്. 29-ാം മിനിറ്റില്‍ കാമറൂണിന് ലഭിച്ച കോര്‍ണര്‍ കിക്ക് സെര്‍ബിയന്‍ പ്രതിരോധം ക്ലിയര്‍ ചെയ്യുന്നതില്‍ പിഴവ് കാണിച്ചപ്പോള്‍ പിന്നില്‍ നിന്ന് ഓടിയെത്തിയ കസ്റ്റല്ലെറ്റോ വല കുലുക്കി.


ദോഹ: ഖത്തര്‍ ലോകകപ്പ് ഗ്രൂപ്പ് ജിയില്‍ കാമറൂണ്‍- സെര്‍ബിയ മത്സരം സമനിലയില്‍. ഇരുവരും മൂന്ന് ഗോള്‍ വീതം നേടി. ആദ്യ മത്സരം പരാജയപ്പെട്ടതുകൊണ്ടുതന്നെ ഇരുടീമുകള്‍ക്കും ജയം അനിവാര്യമായിരുന്നു. ജീന്‍ ചാള്‍സ് കസ്റ്റല്ലെറ്റോ, വിന്‍സെന്റ് അബൂബക്കര്‍ എറിക് മാക്‌സിം ചൗപോ മോടിംഗ് എന്നവരാണ് കാറൂണിന്റെ ഗോള്‍ നേടിയത്. സ്ട്രഹിഞ്ഞ പാവ്‌ലോവിച്ച്, മിലിങ്കോവിച്ച് സാവിച്ച്, അലക്‌സാണ്ടര്‍ മിട്രോവിച്ച് എന്നിവരാണ് സെര്‍ബിയയുടെ ഗോളുകള്‍ നേടിയത്. സമനിലയോടെ ഇരു ടീമുകള്‍ക്കും ഓരോ പോയിന്റ് വീതമായി. ബ്രസീല്‍, സ്വിറ്റ്‌സര്‍ലന്‍ഡ് എന്നിവരാണ് ഗ്രൂപ്പിലെ മറ്റു ടീമുകള്‍. 

കാമറൂണാണ് മത്സരത്തിലെ ആദ്യ ഗോള്‍ നേടിയത്. 29-ാം മിനിറ്റില്‍ കാമറൂണിന് ലഭിച്ച കോര്‍ണര്‍ കിക്ക് സെര്‍ബിയന്‍ പ്രതിരോധം ക്ലിയര്‍ ചെയ്യുന്നതില്‍ പിഴവ് കാണിച്ചപ്പോള്‍ പിന്നില്‍ നിന്ന് ഓടിയെത്തിയ കസ്റ്റല്ലെറ്റോ വല കുലുക്കി. പിന്നാലെ സെര്‍ബിയ ആക്രമണം ശക്തമാക്കി. അതിന്റെ ഫലമായി ആദ്യ പകുതിയുടെ ഇഞ്ചുറി സമയത്ത് അവര്‍ക്ക് ഗോളും ലഭിച്ചു. ഹെഡ്ഡറിലൂടെയാണ് പാവ്‌ലോവിച്ച് ടീമിനെ ഒപ്പമെത്തിച്ചത്. 

Latest Videos

undefined

ആദ്യ പകുതിയുടെ വിസിലിന് മുമ്പ് അവരുടെ രണ്ടാം ഗോളും പിറന്നു. സിവ്‌കോവിച്ചിന്റെ പാസില്‍ സാവിച്ച് ഗോള്‍ കീപ്പറെ മറികടക്കുകയായിരുന്നു. ബോക്‌സിന് പുറത്തുനിന്നുള്ള ഷോട്ടാണ് ഗോള്‍വര കടന്നത്. രണ്ടാം പകുതി ആരംഭിച്ച് തുടക്കത്തില്‍ തന്നെ സെര്‍ബിയ ഒരിക്കല്‍ കൂടി മുന്നിലെത്തി. ഇത്തവണയും സിവ്‌കോവിച്ചാണ് ഗോളിന് വഴിയൊരുക്കിയത്. മിട്രോവിച്ചിന്റെ ടാപ് ഇന്‍ സെര്‍ബിയയെ വീണ്ടും മുന്നിലെത്തിക്കുകയായിരുന്നു.

എന്നാല്‍ കാമറൂണ്‍ വിട്ടുകൊടുക്കാന്‍ തയ്യാറായില്ല. 63-ാം മിനിറ്റില്‍ കാമറൂണ്‍ ഒരു ഗോള്‍ തിരിച്ചടിച്ചു. ആദ്യ ഗോള്‍ നേടിയ കാസ്‌റ്റെല്ലൊ ഇത്തവണ അസിസ്റ്റാണ് നല്‍കിയത്. അബൂബക്കര്‍ ഗോള്‍ കീപ്പര്‍ക്ക് മുകളിലൂടെ ചിപ് ചെയ്താണ് ഗോളാക്കി മാറ്റിയത്. ഇതിനിടെ ഒരു പ്രതിരോധ താരത്തേയും താരം മറികടന്നിരുന്നു. മൂന്ന് മിനിറ്റുകള്‍ക്ക് ശേഷം കാമറൂണ്‍ ഒപ്പമെത്തി. അബൂബക്കറിന്റെ പാസില്‍ ചൗപോ മോടിംഗിന്റെ ഫിനിഷ്. 

മത്സരത്തിലൊന്നാകെ പന്ത് കൈവശം വെക്കുന്നതിലും ഷോട്ടുകളുതിര്‍ക്കുന്നതിലും സെര്‍ബിയയായിരുന്നു മുന്നില്‍. എന്നാല്‍ മൂന്ന് ഗോളുകള്‍ക്ക് ശേഷം കാമറൂണ്‍ ആക്രമണത്തിന് മൂര്‍ച്ച കൂട്ടിയതോടെ കാര്യങ്ങള്‍ കൈവിട്ടുപോയി.

അലിസണ്‍ ഉള്‍പ്പെടെ മൂന്ന് താരങ്ങള്‍ പനിയുടെ ലക്ഷണം കാണിച്ചു; സ്വിസിനെ നേരിടാനൊരുങ്ങുന്ന ബ്രസീലിന് ആശങ്ക

click me!