സൗദി പ്രോ ലീഗിലെ 6 ക്ലബ്ബുകള്‍ കൂടി സ്വകാര്യ മേഖലയിലേക്ക്, യൂറോപ്പില്‍ നിന്ന് ഇനിയും വമ്പന്‍ താരങ്ങള്‍ എത്തും

By Web Team  |  First Published Jul 4, 2024, 4:56 PM IST

ആറ് ക്ലബ്ബുകള്‍ കൂടി സ്വകാര്യ മേഖലയിലേക്ക് മാറുന്നതോടെ ഈ സീസണിലും സൗദി പ്രോ ലീഗിലേക്ക് യൂറോപ്പില്‍ നിന്ന് കളിക്കാരുടെ ഒഴുക്കുണ്ടാകുമോ എന്നാണ് ഫുട്ബോള്‍ ലോകം ഉറ്റുനോക്കുന്നത്.


ജിദ്ദ: സൗദി പ്രോ ലീഗില്‍ കളിക്കുന്ന ക്ലബ്ബുകളുടെ സ്വകാര്യവല്‍ക്കരണം തുടരുന്നു. നാലു ടീമുകള്‍ നേരത്തെ സ്വകാര്യമേഖലക്ക് കൈമാറിയതിന് പിന്നാലെ പുതുതായി ആറ് ക്ലബ്ബുകള്‍ കൂടി സ്വകാര്യ മേഖലക്ക് വിട്ടുകൊടുക്കാനാണ് സൗദി കായിക മന്ത്രാലയത്തിന്‍റെ തീരുമാനം. അടുത്തമാസത്തോടെ ക്ലബ്ബുകളുടെ വില്‍പന പൂര്‍ത്തിയാവുമെന്നാണ് കരുതുന്നത്. 18 ടീമുകളുള്ള ലീഗിലെ ശേഷിക്കുന്ന എട്ട് ക്ലബ്ബുകള്‍ കൂടി വൈകാതെ സ്വകാര്യമേഖലക്ക് കൈമാറുമെന്ന് കായിമന്ത്രാലയം വ്യക്തമാക്കി.

കഴിഞ്ഞ വര്‍ഷമാണ് അല്‍ ഹിലാല്‍, അല്‍ നസ്ർ, അല്‍ അഹില്‍, അല്‍ ഇത്തിഹാദ് ക്ലബ്ബുകള്‍ കഴിഞ്ഞ വര്‍ഷം സ്വകാര്യ മേഖലക്ക് കൈമാറിയപ്പോള്‍ രാജ്യത്തെ ഏറ്റവും വലിയ എണ്ണക്കയറ്റുമതിക്കാരായ പബ്ലിക് ഇന്‍വസ്റ്റ്മെന്‍റ് ഫണ്ട്(പിഐഎഫ്) ഭൂരിഭാഗം ഓഹരികളും സ്വന്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് യൂറോപ്യന്‍ ക്ലബ്ബുകളിലെ സൂപ്പര്‍ താരങ്ങളായ ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ, കരീം ബെന്‍സേമ, നെയ്മര്‍ എന്നിവര്‍ ഈ ക്ലബ്ബുകളിലെത്തിയത്. കഴിഞ്ഞ ട്രാന്‍സ്ഫര്‍ ജാലകത്തില്‍ 957 മില്യണ്‍ ഡോളര്‍ ചെലവിട്ട പിഐഎഫ് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിനുശേഷം ഏറ്റവും കൂടുതല്‍ തുക കളിക്കാരുടെ ട്രാന്‍സ്ഫറിനായി ചെലവഴിക്കുന്ന ഫുട്ബോള്‍ ലീഗെന്ന റെക്കോര്‍ഡുമിട്ടിരുന്നു.

Latest Videos

undefined

ക്രിസ്റ്റ്യാനോക്കെതിരെ എംബാപ്പെ! ആരാധകരെ കാത്തിരിക്കുന്നത് വിരുന്ന്; ഫ്രാന്‍സ്-പോര്‍ച്ചുഗല്‍ പോര് നാളെ

ഇതിന് പിന്നാലെയാണ് അല്‍ സുല്‍ഫി, അല്‍ നഹാദ, അല്‍ ഒക്ഹ്ദൂദ്, അല്‍ അന്‍സാര്‍, അല്‍ ഒറൂബ, അല്‍ ഖോളൗദ് ക്ലബ്ബുകള്‍ കൂടി സ്വകാര്യവല്‍ക്കരിക്കാന്‍ സൗദി കായിക മന്ത്രാലയം തീരുമാനിച്ചത്. 2034ലെ ഫുട്ബോള്‍ ലോകകപ്പ് ആതിഥേത്വത്തിന് സൗദി അറേബ്യ ശ്രമിക്കുന്നുണ്ട്. നിലവില്‍ സൗദി മാത്രമാണ് ഇതുവരെ ആതിഥേയത്വത്തിനായി അപേക്ഷിച്ചിട്ടുള്ളത്.

ഫോര്‍മുല വണ്‍ റേസുകൾക്കും ലോക ഹെവിവെയ്റ്റ് ബോക്സിംഗ് പോരാട്ടങ്ങൾക്കും ആതിഥേയത്വം വഹിക്കുന്ന സൗദി അറേബ്യ കായികമേഖലയില്‍ വന്‍ നിക്ഷേപമാണ് നടത്തുന്നത്. രാജ്യത്തെ കായിക ടൂറിസം ഹബ്ബാക്കിമാറ്റാനുള്ള പ്രവര്‍ത്തനങ്ങളും സൗദി കായിക മന്ത്രാലയം നടത്തുന്നുണ്ട്. ആറ് ക്ലബ്ബുകള്‍ കൂടി സ്വകാര്യ മേഖലയിലേക്ക് മാറുന്നതോടെ ഈ സീസണിലും സൗദി പ്രോ ലീഗിലേക്ക് യൂറോപ്പില്‍ നിന്ന് കളിക്കാരുടെ ഒഴുക്കുണ്ടാകുമോ എന്നാണ് ഫുട്ബോള്‍ ലോകം ഉറ്റുനോക്കുന്നത്. യൂറോപ്യന്‍ ക്ലബ്ബുകളിലെ ഏതൊക്കെ വമ്പന്‍മാരായിരിക്കും ഇനി സൗദിയില്‍ പന്ത് തട്ടാനെത്തുക എന്നും ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!