നെയ്മറില്‍ ഒതുങ്ങില്ല! പണക്കരുത്തില്‍ ലാ ലിഗയെ വെട്ടി സൗദി ലീഗ്, മുന്നില്‍ യൂറോപ്യന്‍ വമ്പന്മാര്‍ മാത്രം

By Web Team  |  First Published Aug 16, 2023, 9:57 PM IST

സൗദിയുടെ പണക്കരുത്തിനെ സൂക്ഷിക്കണമെന്ന പെപ് ഗാര്‍ഡിയോളയുടെ മുന്നറിയിപ്പ് ശരിവയ്ക്കുന്നതാണ് പുതിയ കണക്കുകള്‍.


റിയാദ്: യൂറോപ്യന്‍ ക്ലബുകള്‍ക്ക് ഭീഷണിയായി സൗദി പ്രോ ലീഗ്. നെയ്‌റമെ സ്വന്തമാക്കിയതോടെ പണക്കരുത്തില്‍ സ്പാനിഷ് ലീഗിനെ മറികടന്നിരിക്കുകയാണ് സൗദി ലീഗ്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പാത പിന്തുടര്‍ന്ന് പ്രധാന താരങ്ങള്‍ സൗദി ലീഗിലേക്ക് ചേക്കേറുകയാണ്. കഴിഞ്ഞ സീസണില്‍ യൂറോപ്യന്‍ ക്ലബുകളില്‍ മിന്നി തിളങ്ങിയ നെയ്മറും ഫിര്‍മിനോയും മെഹറസും ബെന്‍സേമയും മാനേയുമെല്ലാം സൗദി ലീഗില്‍ എത്തിക്കഴിഞ്ഞു. 
 
സൗദിയുടെ പണക്കരുത്തിനെ സൂക്ഷിക്കണമെന്ന പെപ് ഗാര്‍ഡിയോളയുടെ മുന്നറിയിപ്പ് ശരിവയ്ക്കുന്നതാണ് പുതിയ കണക്കുകള്‍. ഈ സീസണില്‍ താരങ്ങളെ സ്വന്തമാക്കാന്‍ ലോകത്ത് ഏറ്റവും കൂടുതല്‍ പണംമുടക്കിയ ലീഗുകളില്‍ സൗദി അഞ്ചാം സ്ഥാനത്തേക്കുയര്‍ന്നു. മെസിയും റൊണാള്‍ഡോയുമെല്ലാം കളിച്ചിരുന്ന സ്പാനിഷ് ലാ ലിഗയെ പിന്നിലാക്കിയാണ് സൗദി പ്രോ ലീഗ് അഞ്ചാം സ്ഥാനത്തേക്കുയര്‍ന്നത്. കളിക്കാരെ സ്വന്തമാക്കാന്‍ ഏറ്റവും കൂടുതല്‍ പണം ചെലവഴിച്ചത് ഇത്തവണയും പ്രീമിയര്‍ ലീഗാണ്. 

ഇറ്റാലിയന്‍ സെരി എ രണ്ടും ഫ്രഞ്ച് ലീഗ് വണ്‍ മൂന്നും ജര്‍മ്മന്‍ ബുണ്ടസ് ലിഗ നാലും സ്ഥാനത്ത്. അഞ്ചുവര്‍ഷത്തിനകം ലോകത്തിലെ ഏറ്റവും മികച്ച അഞ്ച് ലീഗുകളില്‍ ഒന്നാവുകയാണ് സൗദി ഫുട്‌ബോളിന്റെ ലക്ഷ്യം. ഇതിനിടെയാണ്, ലിവര്‍പൂള്‍താരം മുഹമ്മദ് സലായും സൗദിയിലേക്ക് ചേക്കേറിയേക്കുമെന്ന വാര്‍ത്തുകള്‍ വന്നത്. സൗദി ക്ലബുകളുമായി ചര്‍ച്ച നടത്താന്‍ ഏജന്റിന് സലാ നിര്‍ദ്ദേശം നല്‍കിയെന്നുള്ള വാര്‍ത്തയാണ് പുതിയ ചര്‍ച്ചാവിഷയം. 

Latest Videos

undefined

ഒരാഴ്ച്ച മുമ്പ് സലാ സൗദി പ്രോ ലീഗിലേക്ക് മാറിയേക്കുമെന്നുള്ള റിപ്പോര്‍ട്ടുകള്‍ ഏജന്റ് റാമി അബ്ബാസ് നിഷേധിച്ചിരുന്നു. എന്നാലിപ്പോള്‍ സാഹചര്യങ്ങള്‍ മാറി മറിഞ്ഞെന്ന് അറബ് - ഇംഗ്ലീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ചെല്‍സിക്കെതിരെ പ്രീമിയര്‍ ലീഗിലെ ആദ്യ മത്സരത്തില്‍ സലാ പ്ലയിംഗ് ഇലവനിലുണ്ടായിരുന്നു. എന്നാല്‍ 77-ാം മിനിറ്റില്‍ തിരിച്ചുവിളിച്ചു. ഇതില്‍ സലാ അതൃപ്തി രേഖപ്പെടുത്തുകയും ചെയ്തു.

ഡി ബ്രൂയ്‌നെ ഇല്ല, സൂപ്പര്‍ കപ്പ് തേടി മാഞ്ചസ്റ്റര്‍ സിറ്റി! വിലങ്ങിടാന്‍ സെവിയ, ലക്ഷ്യം രണ്ടാം കിരീടം

ഈ സംഭവത്തിന് ശേഷം ക്ലോപ്പും സലായും തമ്മിലുള്ള ബന്ധം വഷളായെന്നുമാണ് മാധ്യമങ്ങളിലെ സംസാരം. അല്‍ ഇത്തിഹാദ് ക്ലബിന്റെ വൈസ് പ്രസിഡന്റ് മുഹമ്മദ് സലായെ ഇന്‍സ്റ്റാഗ്രാമില്‍ ഫോളോ ചെയ്യാന്‍ തുടങ്ങിയതും അഭ്യൂഹങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു.

click me!