സൗദി പ്രോ ലീഗിൽ വീണ്ടും റോണോയിസം, ഗോളും അസിസ്റ്റുമായി ക്രിസ്റ്റ്യാനോയുടെ നിറഞ്ഞാട്ടം, ജയഭേരി തുടര്‍ന്ന് അൽ നസ്‌ര്‍
റിയാദ്: പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മികവിൽ സൗദി പ്രോ ലീഗിൽ അൽ നസ്‌റിന് വീണ്ടും ജയം. അല്‍ നസ്‌ര്‍ ഒന്നിനെതിരെ മൂന്ന് ഗോളിന് അൽ ഇത്തിഫാഖിനെ തോൽപ്പിച്ചു. ഗോളും അസിസ്റ്റുമായാണ് റൊണാൾഡോ കളം നിറഞ്ഞത്. അലക്സ് ടെല്ലാസ്, മാര്‍സലോ ബ്രോസോവിച്ച് എന്നിവരുടെ വകയായിരുന്നു അല്‍ നസ്‌റിന്‍റെ മറ്റ് ഗോളുകള്‍.
43-ാം മിനിറ്റിൽ ബ്രസീലിയന്‍ താരം അലക്സ് ടെല്ലാസാണ് അൽ നസ്റിനെ ആദ്യം മുന്നിലെത്തിച്ചത്. 59-ാം മിനിറ്റിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പാസിൽ നിന്ന് ലക്ഷ്യം കണ്ട് മാര്‍സലോ ബ്രോസോവിച്ച് ലീഡ് രണ്ടാക്കി ഉയര്‍ത്തി. 73-ാം മിനിറ്റിൽ ജയം ഉറപ്പിച്ച് പെനാൽറ്റിയിലൂടെ റൊണാൾഡോയും സ്കോര്‍ ചെയ്തു. 85-ാം മിനിറ്റിൽ മുഹമ്മദിലൂടെയായിരുന്നു ഇത്തിഫാഖിന്‍റെ ആശ്വാസ ഗോൾ. 17 കളികളില്‍ 40 പോയിന്‍റുമായി അൽ ഹിലാലിന് പിന്നിൽ രണ്ടാം സ്ഥാനത്താണ് അൽ നസ്ര്‍. 18 മത്സരങ്ങളില്‍ 50 പോയിന്‍റാണ് പട്ടികയില്‍ തലപ്പത്തുള്ള അല്‍ ഹിലാലിനുള്ളത്. സീസണില്‍ ഇതുവരെ ഒരു മത്സരവും തോല്‍ക്കാതെയാണ് ഹിലാലിന്‍റെ പ്രയാണം.
undefined
അതേസമയം ഇന്നലെ സൗദി അറേബ്യയില്‍ വച്ച് നടന്ന ഫിഫ ക്ലബ് ലോകകപ്പ് ഫൈനലില്‍ മാഞ്ചസ്റ്റര്‍ സിറ്റി ചാമ്പ്യന്‍മാരായി. സൗദി അറേബ്യ വേദിയായ കലാശക്കളിയിൽ ബ്രസീൽ ക്ലബ് ഫ്ലുമിനൻസിനെ എതിരില്ലാത്ത നാല് ഗോളുകൾക്ക് തോൽപ്പിച്ചാണ് സിറ്റി കിരീടത്തില്‍ മുത്തമിട്ടത്. ജൂലിയൻ അൽവാരസ് ഇരട്ട ഗോൾ നേടി. ഫിൽ ഫോഡനും സിറ്റിക്കായി വലചലിപ്പിച്ചപ്പോൾ ഫ്ലൂമിനൻസ് താരം നിനോയുടെ സെൽഫ് ഗോളാണ് സിറ്റിയുടെ സ്കോർ നാലിൽ എത്തിച്ചത്. സിറ്റിയുടെ ആദ്യ ക്ലബ് ലോകകപ്പ് കിരീടമാണിത്. ഇതോടെ ക്ലബ് ലോകകപ്പ് നേടുന്ന നാലാമത്തെ ഇംഗ്ലീഷ് ക്ലബായി മാഞ്ചസ്റ്റർ സിറ്റി മാറി.
Read more: ഫ്ലുമിനൻസിനെ ഗോള്‍മഴയില്‍ തൂക്കി മാഞ്ചസ്റ്റര്‍ സിറ്റി; ഫിഫ ക്ലബ് ലോകകപ്പ് കിരീടം