ഹാട്രിക്കുമായി റൊണാള്‍ഡോ, രണ്ടടിച്ച് മാനേ; സൗദിയില്‍ അൽ നസ്റിന്‍റെ ഗോള്‍വര്‍ഷം

By Web TeamFirst Published Aug 26, 2023, 9:12 AM IST
Highlights

കളി തീരാന്‍ സെക്കന്‍ഡുകള്‍ ബാക്കിനില്‍ക്കേയായിരുന്നു സിആ‍ർ7ന്‍റെ ഹാട്രിക്. 38, 55, 96 മിനിറ്റുകളിലായിരുന്നു ഗോളുകൾ

അല്‍ ഹസ: ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഹാട്രിക് കരുത്തിൽ സൗദി പ്രോ ലീഗിൽ അൽ നസ്റിന് ആദ്യ ജയം. അൽ നസ്ർ എതിരില്ലാത്ത അഞ്ച് ഗോളിന് അൽ ഫത്തെയെ തോൽപിച്ചു. കളി തീരാന്‍ സെക്കന്‍ഡുകള്‍ ബാക്കിനില്‍ക്കേയായിരുന്നു സിആ‍ർ7ന്‍റെ ഹാട്രിക്. 38, 55, 96 മിനിറ്റുകളിലാണ് റൊണാൾഡോ ഗോളുകൾ നേടിയത്. സാദിയോ മാനേയുടെ ഇരട്ട ഗോൾ അൽ നസ്റിന്‍റെ ജയം പൂർത്തിയാക്കി. 27, 81 മിനിറ്റുകളിലായിരുന്നു മാനേയുടെ ഗോളുകൾ. റൊണാൾഡോയുടെ അസിസ്റ്റില്‍ നിന്നായിരുന്നു മാനേയുടെ ആദ്യ ഗോൾ. 10 കളിയില്‍ ഒരു ജയം മാത്രമുള്ള അല്‍ നസ്‌ര്‍ മൂന്ന് പോയിന്‍റുമായി പത്താം സ്ഥാനക്കാരാണ്. 

പെനാല്‍റ്റി പാഴാക്കി റോഡ്രിഗോ

Latest Videos

അതേസമയം സ്‌പാനിഷ് ലീഗ് ഫുട്ബോളിൽ റയൽ മാഡ്രിഡ് തുടർച്ചയായ മൂന്നാം ജയം സ്വന്തമാക്കി. ഒറ്റ ഗോളിന് സെൽറ്റ വിഗോയെ തോൽപിച്ചു. യുവതാരം ജൂഡ് ബെല്ലിംഗ്ഹാമാണ് റയലിനെ രക്ഷിച്ച ഗോൾ നേടിയത്. സെൽറ്റ വിഗോ തുടക്കത്തിലേ ഗോൾ നേടിയെങ്കിലും വാർ പരിശോധനയിൽ നിഷേധിക്കപ്പെട്ടു. വിനിഷ്യസ് ജൂനിയർ പരിക്കേറ്റ് പുറത്തായതും റോഡ്രിഗോ പെനാൽറ്റി പാഴാക്കിയതും റയലിന് തിരിച്ചടിയായി. 9 പോയിന്‍റുമായി റയൽ ലീഗിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. 

ഇംഗ്ലീഷ് പ്രീമിയർ ലീഗ് സീസണിൽ ചെൽസിയും ആദ്യ ജയം സ്വന്തമാക്കി. റഹിം സ്റ്റെർലിംഗിന്‍റെ മികവിൽ എതിരില്ലാത്ത മൂന്ന് ഗോളിന് ലൂട്ടൺ ടൗണിനെ തോൽപിച്ചു. രണ്ട് ഗോൾ നേടിയ സ്റ്റെർലിംഗ് മൂന്നാം ഗോളിന് വഴിയൊരുക്കുകയും ചെയ്തു. 17, 68 മിനിറ്റുകളിലായിരുന്നു സ്റ്റെർലിംഗിന്‍റെ ഗോളുകൾ. എഴുപത്തിയഞ്ചാം മിനിറ്റിൽ നിക്കോളാസ് ജാക്സൺ ചെൽസിയുടെ ഗോൾപട്ടിക പൂർത്തിയാക്കി. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആഴ്സണലും മാഞ്ചസ്റ്റർ യുണൈറ്റഡും ഇന്ന് മൂന്നാം റൗണ്ട് മത്സരത്തിനിറങ്ങും. ടോട്ടനത്തിനും കളിയുണ്ട്. കഴിഞ്ഞ സീസണിൽ കൈയെത്തും ദൂരെ കിരീടം നഷ്ടമായ ആഴ്സണൽ തുടർച്ചയായ മൂന്നാം ജയം ലക്ഷ്യമിട്ടിറങ്ങുമ്പോൾ എതിരാളികൾ ഫുൾഹാമാണ്. 

Read more: വിരാട് കോലി എന്ന വന്‍മരം വീണു; ഇന്ത്യന്‍ ക്രിക്കറ്റിലെ ഫിറ്റ്നസ് ഫ്രീക്ക് ഇനി മുതല്‍ ഗില്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!