സന്തോഷ് ട്രോഫി ജേതാക്കളെ ഇന്നറിയാം; റിയാദിൽ മേഘാലയയും കർണാടകയും മുഖാമുഖം

By Web Team  |  First Published Mar 4, 2023, 1:44 PM IST

ബുധനാഴ്ച്ച റിയാദിൽ നടന്ന രണ്ടാം സെമിയിൽ ശക്തരായ സർവീസസിനെയാണ് ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് കർണാടക തോൽപ്പിച്ചത്


റിയാദ്‌: സന്തോഷ്‌ ട്രോഫി ഫൈനൽ ഇന്ന് റിയാദിൽ നടക്കും. റിയാദ് ബഗ്ലഫിലെ കിങ് ഫഹദ് ഇൻറർനാഷനൽ സ്റ്റേഡിയത്തിൽ സൗദി സമയം വൈകിട്ട് 6.30-ന് (ഇന്ത്യന്‍ സമയം രാത്രി ഒൻപതിന്) മേഘാലയയും കർണാടകയും ഏറ്റുമുട്ടും. 47 വർഷത്തിന് ശേഷമാണ് കർണാടക സന്തോഷ് ട്രോഫി ഫൈനൽ കാണുന്നത്. 1975-76-ലാണ് കർണാടക അവസാനമായി ഫൈനലിൽ കളിച്ചത്.

ബുധനാഴ്ച്ച റിയാദിൽ നടന്ന രണ്ടാം സെമിയിൽ ശക്തരായ സർവീസസിനെയാണ് ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് കർണാടക തോൽപ്പിച്ചത്. ഒരു കോർണർ കിക്കിലൂടെ കർണാടകയുടെ വല കുലുക്കിയ സർവീസസിനെതിരെ നിമിഷങ്ങൾക്കകം ഫ്രീ കിക്കിലൂടെ അവർ സമനില നേടി. ബികാസ് ഥാപ്പർ സർവീസസിന് വേണ്ടിയും റോബിൻ യാദവ് കർണാടകക്ക് വേണ്ടിയും ആദ്യ ഗോളുകൾ നേടി. ഇരുഗോൾ മുഖത്തും ആക്രമണങ്ങൾ അഴിച്ചുവിട്ട സ്‌ട്രൈക്കർമാർ വാശിയേറിയ മത്സരമാണ് കാഴ്ച്ചവെച്ചത്. ആദ്യ പകുതി പിന്നിടുമ്പോൾ അങ്കിതിലൂടെ കർണാടകത്തിനായിരുന്നു ഒരു ഗോളിന്‍റെ മുൻതൂക്കം. പോരാട്ടം മുഴുവൻ സമയം പിന്നിടുമ്പോഴും കർണാടകയെയാണ് ഭാഗ്യം തുണച്ചത്. 76-ാം മിനുട്ടിൽ സുനിൽകുമാറിലൂടെ മൂന്നാമത്തെ ഗോളും നേടി സർവീസസിന്‍റെ പരാജയം ഉറപ്പുവരുത്തി കർണാടക ഫൈനലിൽ പ്രവേശിക്കുകയായിരുന്നു. 

Latest Videos

undefined

അന്ന് തന്നെ നടന്ന ആദ്യ സെമി ഫൈനൽ മത്സരത്തിൽ കരുത്തരായ പഞ്ചാബിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തോൽപിച്ചാണ് മേഘാലയ ആദ്യമായി സന്തോഷ് ട്രോഫി ഫൈനലിലെത്തിയത്. കളിയുടെ ഇരു പാതികളിലും വ്യക്തമായ ആധിപത്യം നേടിയാണ് മേഘാലയ ഫൈനൽ ബർത്ത് ഉറപ്പാക്കിയത്. ശനിയാഴ്ച ഉച്ചക്ക് ശേഷം 3.30-ന് ലൂസേഴ്‌സ് ഫൈനലിൽ പഞ്ചാബും സർവീസസും മൂന്നാം സ്ഥാനത്തിനായി പോരാടും. ഇതും വൈകീട്ട് 6.30ന് നടക്കുന്ന ഫൈനലും സൗജന്യമായി കാണാൻ അവസരമൊരുക്കിയിട്ടുണ്ട്. ticketmx എന്ന ആപ്പിൽ നിന്ന് സൗജന്യ ടിക്കറ്റ് എടുക്കാം. സൈറ്റിലെ ഹീറോ സന്തോഷ്‌ ട്രോഫി ക്ലിക്ക് ചെയ്താൽ സീറ്റും ടിക്കറ്റും ബുക്ക് ചെയ്യാം. 

സന്തോഷ് ട്രോഫി: നിലവിലെ ചാമ്പ്യന്‍മാരായ കേരളം പുറത്ത്
 

click me!