കേരളാ ബ്ലാസ്റ്റേർസിനായി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരമാണ് സഹൽ അബ്ദുൾ സമദ്
തിരുവനന്തപുരം: കേരളാ ബ്ലാസ്റ്റേർസ് താരം സഹൽ അബ്ദുൾ സമദ് ക്ലബ് വിട്ടു. കൊൽക്കത്തൽ ക്ലബായ മോഹൻ ബഗാൻ സൂപ്പർ ജയന്റ്സിലേക്കാണ് താരം പോവുക. ഇക്കാര്യം കേരളാ ബ്ലാസ്റ്റേർസ് സ്ഥിരീകരിച്ചു. പകരം പ്രീതം കൊട്ടാൽ കേരളാ ബ്ലാസ്റ്റേർസിലേക്ക് വരും. രണ്ടര കോടി രൂപയാണ് മോഹൻ ബഗാൻ സൂപ്പർ ജയന്റ്സിൽ പ്രതിഫലം എന്നാണ് വിവരം. ട്രാൻസ്ഫർ ഫീ ആയി ബ്ലാസ്റ്റേഴ്സിന് 90 ലക്ഷം രൂപ ലഭിക്കും.
കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ത്യൻ ഫുട്ബോളിന് സമ്മാനിച്ച പ്രതിഭാധനനായ കളിക്കാരനാണ് സഹൽ അബ്ദുൾ സമദ്. കണ്ണൂർ സ്വദേശിയായ ഇദ്ദേഹം 2018ലാണ് കേരള ബ്ലാസ്റ്റേഴ്‌സിൽ അരങ്ങേറിയത്. യുഎഇയില്‍ കളി പഠിച്ച് ഫുട്ബോളിലേക്ക് വരവറിയിച്ച താരം പിന്നീട് കേരളത്തിലെത്തി ബ്ലാസ്റ്റേഴ്‌സിനൊപ്പം ബൂട്ടണിയുകയായിരുന്നു. നിലവിൽ കേരളാ ബ്ലാസ്റ്റേർസിനായി ഏറ്റവും കൂടുതൽ മത്സരം കളിച്ച താരമെന്ന റെക്കോർഡ് സഹൽ അബ്ദുൾ സമദിന്റെ പേരിലാണ്. 92 മത്സരങ്ങളാണ് സഹല്‍ മഞ്ഞക്കുപ്പായത്തിൽ കളിച്ചത്. ഇന്ത്യൻ ദേശീയ ടീമിലും പ്രധാന താരമായി സഹൽ മാറി.
ഇന്ത്യക്ക് വേണ്ടി 27 മത്സരങ്ങളിൽ ഇതുവരെ മൂന്ന് ഗോളുകൾ സഹൽ നേടി. ഇന്ത്യൻ ഓസിൽ എന്ന് വിളിപ്പേരുള്ള സഹലിനായി നാല് ഐഎസ്എല്‍ ക്ലബുകൾ രംഗത്തുണ്ടായിരുന്നു. 2025 വരെ സഹലിന് കേരള ബ്ലാസ്റ്റേഴ്‌സിൽ കരാറുണ്ടായിരുന്നു. ഇത് അവസാനിപ്പിച്ചാണ് താരം മോഹൻ ബഗാനിലേക്ക് ചേക്കേറുന്നത്. ഐഎസ്എല്‍ ട്രാന്‍സ്‌ഫര്‍ മാര്‍ക്കറ്റിലെ വമ്പന്‍ പേരുകളിലൊന്നായി സഹല്‍ മാറി.