കൊല്‍ക്കത്തയിലേക്ക് മാറുമ്പോള്‍ സഹലിന്റെ ലക്ഷ്യവും ഐഎസ്എല്‍ കിരീടമാണ്. സഹല്‍ അക്കാര്യം വ്യക്തമാക്കുകയു ചെയ്തു.
കൊച്ചി: മലയാളി ഫുട്‌ബോള്‍ താരം സഹല്‍ അബ്ദുല്‍ സമദ് മോഹന്‍ ബഗാന്‍ സൂപ്പര്‍ ജെയന്റ്‌സിലേക്കെന്ന വാര്‍ത്തയ്ക്ക് ഇന്ന് സ്ഥിരീകരണമായിരുന്നു. രണ്ടര കോടിയാണ് സഹലിന് പ്രതിഫലമായി ലഭിക്കുക. ട്രാന്‍സ്ഫര്‍ ഫീയായി ബ്ലാസ്റ്റേഴ്‌സിന് 90 ലക്ഷവും ലഭിക്കും. സഹലിന് പകരം പ്രിതം കൊട്ടാല്‍ മഞ്ഞപ്പടയിലുമെത്തും. ഐഎസ്എല്‍ 2023-24 സീസണിന് മുമ്പ് നടക്കുന്ന ഏറ്റവും വലിയ താരകൈമാറ്റമാണ് സഹല്‍ അബ്ദുള്‍ സമദിന്റേത്. മറ്റൊരു മലയാളി താരം ആഷിഖ് കുരുണിയനും മോഹന്‍ ബഗാനിലാണ് കളിക്കുന്നത്.
രാജ്യത്തെ ഏറ്റവും മികച്ച മധ്യനിര താരങ്ങളിലൊരാളായ സഹല്‍ 2017ലാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ മഞ്ഞക്കുപ്പായത്തിലെത്തിയത്. യുഎഇയില്‍ നിന്ന് വന്ന മലയാളി പയ്യന്‍ പിന്നീട് ക്ലബിന്റേയും ദേശീയ ടീമിന്റേയും ശ്രദ്ധാകേന്ദ്രമായി മാറി. കെബിഎഫ്‌സിക്കായി ഏറ്റവും കൂടുതല്‍ മത്സരം കളിച്ചതിന്റെ റെക്കോര്‍ഡ് (97) സഹലിന്റെ പേരിലാണ്. ഐഎസ്എല്ലില്‍ ബ്ലാസ്റ്റേഴ്‌സിനായി 10 ഗോളുകളും 9 അസിസ്റ്റുകളുമാണ് സഹലിന്റെ നേട്ടം.
undefined
എങ്കിലും ഐഎസ്എല്‍ കിരീടത്തില്‍ തൊടാന്‍ സഹലിനായിട്ടില്ല. കൊല്‍ക്കത്തയിലേക്ക് മാറുമ്പോള്‍ സഹലിന്റെ ലക്ഷ്യവും ഐഎസ്എല്‍ കിരീടമാണ്. സഹല്‍ അക്കാര്യം വ്യക്തമാക്കുകയു ചെയ്തു. 26കാരന്റെ വാക്കുകള്‍... ''കേരളത്തില്‍ നിന്നുള്ള പ്രമുഖരായ ഐ എം വിജയനും ജോ പോള്‍ അഞ്ചേരിയും മുമ്പ് കൊല്‍ക്കത്തയില്‍ കളിച്ചിട്ടുള്ളവരാണ്. കൊല്‍ക്കത്തയില്‍ പോകുന്നതിന് മുമ്പ് ഞാന്‍ അവരോട് സംസാരിക്കും. നിര്‍ദേശം തേടും, കാരണം അവരിപ്പോഴും അവിടെ അംഗീകരിക്കപ്പെടുന്നുണ്ട്. അതുപോലെ ആരാധക ഹൃദയം കീഴടക്കാന്‍ ഞാനുമാഗ്രഹിക്കുന്നു. ബഗാന്‍ ജേഴ്‌സി അണിയുന്നതോര്‍ത്ത് എനിക്ക് അഭിമാനമുണ്ട്. ഡര്‍ബിയില്‍ കളിക്കുകയെന്നത് മോഹമാണ്.'' സഹല്‍ വ്യക്തമാക്കി.
സഹലിനെ ടീമിലേക്ക് എത്തിക്കണമെന്ന് ക്ലബിന് മാത്രമല്ല മറൈന്‍സ് ആരാധകര്‍ക്കും ഒരുപോലെ ആഗ്രഹമുണ്ടായിരുന്നു. സഹലിനെ ക്ലബിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ് പുറത്തുവിട്ട വീഡിയോയില്‍ ആരാധകരുടെ ഈ ആവശ്യം ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.