സാഫ് കപ്പ്: ലെബനോനെ വീഴ്‌ത്തി ഇന്ത്യ ഫൈനലില്‍, ബെംഗളൂരു നീലക്കടല്‍

By Web Team  |  First Published Jul 1, 2023, 10:57 PM IST

നിശ്ചിതസമയവും എക്‌സ്‌ട്രാടൈമും ഗോള്‍രഹിതമായി തുടര്‍ന്നതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടത്


ബെംഗളൂരു: സുനില്‍ ഛേത്രിയുടെ നീലപ്പടയുടെ വസന്തകാലം തുടരുന്നു. സാഫ് ചാമ്പ്യന്‍ഷിപ്പ് ഫുട്ബോള്‍ സെമിയില്‍ ലെബനോനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ രണ്ടിനെതിരെ നാല് ഗോളിന് വീഴ്‌ത്തി ഇന്ത്യ ഫൈനലില്‍. നിശ്ചിതസമയവും എക്‌സ്‌ട്രാടൈമും ഗോള്‍രഹിതമായി തുടര്‍ന്നതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടത്. ബെംഗളൂരുവിലെ ശ്രീകണ്ഠീരവ സ്റ്റേഡിയത്തില്‍ കളത്തിലുണ്ടായിരുന്ന 120+5 മിനുറ്റുകളില്‍ ഇരു ടീമിനും ലക്ഷ്യം കാണാനായിരുന്നില്ല. ഫൈനലില്‍ കുവൈത്താണ് ഇന്ത്യന്‍ ടീമിന്‍റെ എതിരാളികള്‍. ബംഗ്ലാദേശിനെ എതിരില്ലാത്ത ഒരു ഗോളിന് തടഞ്ഞുനിര്‍ത്തിയാണ് കുവൈത്ത് ഫൈനലില്‍ എത്തിയത്. ബെംഗളൂരുവില്‍ ജൂലൈ നാലിനാണ് ഇന്ത്യ-കുവൈത്ത് കലാശപ്പോര്. 

ആവേശം ഷൂട്ടൗട്ട്

Latest Videos

undefined

പിന്നാലെ നടന്ന ആവേശ ഷൂട്ടൗട്ടില്‍ ഇന്ത്യന്‍ ടീമിനായി നായകന്‍ സുനില്‍ ഛേത്രിയും അന്‍വര്‍ അലിയും മഹേഷ് സിംഗും ഉദാന്ത സിംഗും ലക്ഷ്യം കണ്ടപ്പോള്‍ ലെബനോനായി ഹസ്സന്‍ മാതൂക്, ഖലീല്‍ ബാദര്‍ എന്നിവരെടുത്ത കിക്കുകള്‍ പാഴായി. മുഹമ്മദ് സാദേക്, വാലിദ് ഷോര്‍ എന്നിവരുടെ കിക്കുകള്‍ മാത്രമാണ് വലയിലെത്തിയത്. ഇതോടെ ഇന്ത്യന്‍ ഫുട്ബോള്‍ ടീം 4-2ന്‍റെ ജയത്തോടെ ഫൈനലിലേക്ക് മാര്‍ച്ച് ചെയ്യുകയായിരുന്നു. 

ഗോള്‍ബാറിന് കീഴെ ഗുർപ്രീത് സിംഗ് സന്ധു ഇറങ്ങിയപ്പോള്‍ സുനില്‍ ഛേത്രി, സഹല്‍ അബ്ദുള്‍ സമദ്, ആഷിഖ് കുരുണിയന്‍, ലാലിയന്‍സ്വാല ചാങ്തെ ജീക്സണ്‍ സിംഗ്, അനിരുത്ഥ് ഥാപ്പ, ആശിഷ് ബോസ്, അന്‍വർ അലി, മഹേഷ് സിംഗ്, പ്രീതം കോട്ടാല്‍ എന്നിവരായിരുന്നു ഇന്ത്യയുടെ സ്റ്റാർട്ടിംഗ് ഇലവനില്‍. എന്നാല്‍ പൂർണസമയത്തും അധികസമയത്തും ഒരിക്കല്‍ പോലും വല ചലിപ്പിക്കാന്‍ ടീമിനായില്ല. ഗോളെന്ന് ഉറച്ച അവസരങ്ങള്‍ സുനില്‍ ഛേത്രിക്ക് ലഭിച്ചിരുന്നു. ടാർഗറ്റ് ലക്ഷ്യമാക്കി ആറ് ഷോട്ടുകള്‍ ഇന്ത്യന്‍ താരങ്ങള്‍ പായിച്ചു. ഒടുവില്‍ ഷൂട്ടൗട്ടില്‍ ഛേത്രി മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ ഇന്ത്യന്‍ ടീം സുന്ദര ജയവും ഫൈനല്‍ പ്രവേശവും ഉറപ്പിച്ചു. 

Read more: എന്ത് ഷോട്ടാണ് എന്ന് ചോദിക്കരുത്; നിലംതല്ലി മാതിരി അടിച്ച് തെറിച്ചുവീണ് സ്റ്റീവ് സ്‌മിത്ത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!