സാഫ് കപ്പ് ഫൈനല്‍: സഹലും ആഷിഖും സ്റ്റാര്‍ട്ടിംഗ് ഇലവനില്‍, ശക്തം ഇന്ത്യന്‍ ടീം

By Web Team  |  First Published Jul 4, 2023, 7:07 PM IST

ചാംഗ്തേ-സമദ്-ആഷിഖ് ത്രിമൂര്‍ത്തികള്‍ക്ക് പിന്നിലായി ജീക്‌സണ്‍ സിംഗും അനിരുഥ് ഥാപ്പയും മധ്യനിരയിലെ നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കും


ബെംഗളൂരു: സാഫ് കപ്പ് ഫുട്ബോളിൽ ഒൻപതാം കിരീടം ലക്ഷ്യമിട്ട് കുവൈത്തിനെതിരെ ഇറങ്ങുന്ന ഇന്ത്യക്ക് ശക്തമായ സ്റ്റാര്‍ട്ടിംഗ് ഇലവന്‍. ക്യാപ്റ്റന്‍ സുനില്‍ ഛേത്രി ഏക സ്‌ട്രൈക്കറായി കളിക്കുമ്പോള്‍ മലയാളി താരങ്ങളായ സഹല്‍ അബ്‌ദുല്‍ സമദും ആഷിഖ് കുരുണിയനും സ്റ്റാര്‍ട്ടിംഗ് ഇലവനിലുണ്ട്. ലാലിയൻസുവാല ചാംഗ്തേയാണ് മധ്യനിരയിലെ മറ്റൊരു താരം. 4-2-3-1 ശൈലിയിലാണ് ഇഗോര്‍ സ്റ്റിമാക്കിന്‍റെ കുട്ടികള്‍ ബെംഗളൂരുവിലെ ശ്രീകണ്ഠീര സ്റ്റേഡിയത്തിലേക്ക് എത്തുന്നത്. 

ചാംഗ്തേ-സമദ്-ആഷിഖ് ത്രിമൂര്‍ത്തികള്‍ക്ക് പിന്നിലായി ജീക്‌സണ്‍ സിംഗും അനിരുഥ് ഥാപ്പയും മധ്യനിരയിലെ നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കും. ആകാശ് മിശ്ര, അന്‍വര്‍ അലി, സന്ദേശ് ജിംഗാന്‍, നിഖില്‍ പൂജാരി എന്നിവരാണ് പ്രതിരോധത്തില്‍. ഗുര്‍പ്രീത് സിംഗ് സന്ധുവാണ് ഗോള്‍വല കാക്കുക. രാഹുല്‍ ഭേക്കേ, സുഭാശിഷ് ബോസ്, റഹീം അലി, ലിസ്റ്റന്‍ കൊളാസോ, ഗുര്‍മ്രീത് സിംഗ്, ഉദാന്ത സിംഗ്, നന്ദ കുമാര്‍, രോഹിത് കുമാര്‍, പ്രീതം കോട്ടാല്‍, അമരീന്ദര്‍ സിംഗ്, മെഹ്‌താബ് സിംഗ്, മഹേഷ് സിംഗ് എന്നിവരാണ് ഇന്ത്യയുടെ സബ്സ്റ്റിറ്റ്യൂട്ട് താരങ്ങള്‍. ഇതേസമയം 4-3-3 ഫോര്‍മേഷനിലാണ് കുവൈത്ത് കളത്തിലിറങ്ങുക. ടിവിയില്‍ ഡിഡി ഭാരതിയിലും ഡിജിറ്റല്‍ സ്ട്രീമിംഗില്‍ ഫാന്‍കോഡ് ആപ്പിലും ഫൈനല്‍ ആരാധകര്‍ക്ക് തത്സമയം കാണാം.

Latest Videos

undefined

വൈകിട്ട് ഏഴരയ്ക്ക് ബെംഗളൂരുവിലാണ് കലാശപ്പോരാട്ടം. ഗ്രൂപ്പ് ഘട്ടത്തിൽ ഏറ്റുമുട്ടിയപ്പോൾ ഇന്ത്യയും കുവൈത്തും ഓരോ ഗോളടിച്ച് സമനില പാലിക്കുകയായിരുന്നു. ഫിഫ റാങ്കിംഗിൽ ആദ്യ നൂറിലെത്തിയത് വെറുതെയല്ലെന്ന് തെളിയിക്കാൻ ഉജ്വലജയം തന്നെയാണ് നീലപ്പട ലക്ഷ്യമിടുന്നത്. ക്യാപ്റ്റൻ സുനിൽ ഛേത്രിയുടെ മിന്നും ഫോമിലാണ് പ്രതീക്ഷ. ഇന്‍റർ കോണ്ടിനന്‍റൽ കപ്പ് ജയിച്ച ആത്മവിശ്വാസവും കരുത്താകും. നാല് മത്സരങ്ങളിൽ നിന്ന് ഹാട്രിക് ഉൾപ്പടെ അഞ്ച് ഗോൾ നേടിയ ഛേത്രിയാണ് സാഫ് കപ്പില്‍ നിലവിലെ ടോപ് സ്കോറര്‍. 

Read more: എഐഎഫ്‌എഫ് പുരസ്‌കാരങ്ങളില്‍ മലയാളിത്തിളക്കം; പി വി പ്രിയ മികച്ച പരിശീലക, ഷിൽജി ഷാജി യുവ വനിതാ താരം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!