'പുഴയുടെ സ്വാഭാവിക ഒഴുക്കിനെ തടയുന്ന മെസിയും നെയ്മറും'; തീരുമാനത്തിലുറച്ച് പഞ്ചായത്ത്, സങ്കടകരമെന്ന് ആരാധക‌ർ

By Web Team  |  First Published Nov 5, 2022, 6:59 PM IST

ലോകകപ്പിന്‍റെ ആവേശത്തില്‍ ഇഷ്ടതാരങ്ങളുടെ മാനം മുട്ടെയുളള കട്ടൗട്ടുകള്‍ മത്സരിച്ച് സ്ഥാപിച്ച അര്‍ജന്‍റീന - ബ്രസീല്‍ ആരാധകര്‍ക്ക് വന്‍ ഞെട്ടലാണ് ഈ തീരുമാനം ഉണ്ടാക്കിയിരിക്കുന്നത്


കോഴിക്കോട്: കോഴിക്കോട് ചാത്തമംഗലം പുളളാവൂര്‍ പുഴയില്‍ സ്ഥാപിച്ച മെസിയുടെയും നെയ്മറിന്‍റെയും കൂറ്റന്‍ കട്ടൗട്ടുകള്‍ നീക്കം ചെയ്യണമെന്നുള്ള പഞ്ചായത്തിന്‍റെ നിര്‍ദേശത്തില്‍ ഞെട്ടി ആരാധകര്‍. കട്ടൗട്ടുകള്‍ ഉടന്‍ നീക്കം ചെയ്യണമെന്നാണ് ഗ്രാമ പഞ്ചായത്തിന്‍റെ നിര്‍ദ്ദേശം വന്നിട്ടുള്ളത്. പുഴയുടെ ഒഴുക്കിന് തടസമാകുന്ന നിലയിലാണ് കട്ടൗട്ടുകള്‍ സ്ഥാപിച്ചതെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി. അഭിഭാഷകനായ ശ്രീജിത് പെരുനമന നല്‍കിയ പരാതിയിലാണ് ചാത്തമംഗലം പഞ്ചായത്ത് ഇത്തരമൊരു നടപടി സ്വീകരിച്ചത്.

ലോകകപ്പിന്‍റെ ആവേശത്തില്‍ ഇഷ്ടതാരങ്ങളുടെ മാനം മുട്ടെയുളള കട്ടൗട്ടുകള്‍ മത്സരിച്ച് സ്ഥാപിച്ച അര്‍ജന്‍റീന - ബ്രസീല്‍ ആരാധകര്‍ക്ക് വന്‍ ഞെട്ടലാണ് ഈ തീരുമാനം ഉണ്ടാക്കിയിരിക്കുന്നത്. ഫാന്‍സ് അസോസിയേഷനുകള്‍ ഇത് നീക്കിയില്ലെങ്കില്‍ പഞ്ചായത്ത് തന്നെ ഇവ നീക്കം ചെയ്യുമെന്നാണ് മുന്നറിയിപ്പ്. പഞ്ചായത്തിന്‍റെ തീരുമാനം സങ്കടകരമെന്നാണ് ആരാധകര്‍ പ്രതികരിക്കുന്നത്. നാടാകെ ലോകകപ്പില്‍ ആവേശം തുളുമ്പി നില്‍ക്കുന്ന ഈ സമയത്ത് ഇങ്ങനെയൊരു തീരുമാനം പ്രതീക്ഷിച്ചിരുന്നില്ല.

Latest Videos

തിങ്കളാഴ്ച എല്ലാവരുമായും ചര്‍ച്ച ചെയ്ത് വിഷയത്തില്‍ തീരുമാനം എടുക്കുമെന്ന് പ്രദേശത്തെ ബ്രസീല്‍ ആരാധകര്‍ പറഞ്ഞു. കഴിഞ്ഞ മാസം 30നായിരുന്നു ചാത്തമംഗലത്തെ മെസി ആരാധകര്‍ പുഴയുടെ നടുവില്‍ താരത്തിന്‍റെ 30 അടി ഉയരമുളള കട്ടൗട്ട് സ്ഥാപിച്ചത്. കട്ടൗട്ട് സ്ഥാപിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ തരംഗമായി. അന്താരാഷ്ട്ര മാധ്യമങ്ങള്‍ പോലും വാര്‍ത്ത ഏറ്റെടുത്തു. പിന്നാലെയാണ് പഞ്ചായത്തിലെ ബ്രസീല്‍ ആരാധകര്‍ ഇതിനു സമീപം 35 അടി ഉയരമുളള നെയ്മറുടെ കട്ടൗട്ട് സ്ഥാപിച്ചത്.

ഇതില്‍ നിന്ന് ആവേശമുള്‍ക്കൊണ്ട് താമരശേരി പരപ്പന്‍പൊയിലില്‍ ദേശീയ പാതയോരത്ത് ക്രിസ്റ്റ്യാനോ റൊണാല്‍ഡോയുടെ ആരാധകര്‍ 45 അടി ഉയരത്തിലുളള കട്ടൗട്ടും ഉയര്‍ത്തി. ആരാധകരുടെ കട്ടൗട്ട് മല്‍സരം അരങ്ങു തകര്‍ക്കുമ്പോഴാണ് അഭിഭാഷകനായ ശ്രീജിത് പെരുമനയുടെ പരാതിയില്‍ പഞ്ചായത്തിന്‍റെ നടപടി വന്നിട്ടുള്ളത്. ജൂനിയര്‍ സൂപ്രണ്ടിന്‍റെ നേതൃത്വത്തില്‍ പഞ്ചായത്ത് പരിശോധന നടത്തിയിരുന്നു. കട്ടൗട്ടുകള്‍ പുഴയുടെ സ്വാഭാവിക ഒഴുക്കിന് തടസം സൃഷ്ടിക്കുന്നതായി കണ്ടെത്തിയ സാഹചര്യത്തിലാണ് ഉടനടി ഇവ നീക്കം ചെയ്യാനുളള നീക്കം ചെയ്യാനുള്ള നിര്‍ദേശം പഞ്ചായത്ത് നല്‍കിയിട്ടുള്ളത്. 

പുള്ളാവൂരിലെ 'മെസിക്കും നെയ്മർക്കും' പഞ്ചായത്തിന്റെ ചെക്ക്; കട്ടൗട്ടുകൾ എടുത്തുമാറ്റണമെന്ന് നിർദേശം

click me!