ലോകകപ്പിലെ മെസിയുടെ മിന്നുന്ന ഫോമിനുള്ള കാരണം കണ്ടെത്തിയിരിക്കുകയാണ് ഫ്രഞ്ച് മാധ്യമമായ ഗെറ്റ് ഫ്രഞ്ച് ഫുട്ബോള്‍ ന്യൂസ്. പക്ഷേ, മാധ്യമത്തിന്‍റെ കണ്ടെത്തല്‍ കണ്ടാല്‍ മെസി ആരാധകര്‍ മൂക്കത്ത് വിരല്‍ വച്ച് പോകുമെന്ന് മാത്രം
ദോഹ: ഖത്തര്‍ ലോകകപ്പില്‍ മിന്നുന്ന ഫോമിലാണ് അര്‍ജന്‍റൈന്‍ നായകന്‍ ലിയോണല്‍ മെസി. ഗോള്‍ അടിച്ചും അടിപ്പിച്ചും അര്‍ജന്‍റീനയുടെ ഫൈനല്‍ വരെയുള്ള കുതിപ്പില്‍ താരം നിര്‍ണായക പങ്കുവഹിച്ചു. അഞ്ച് ഗോളുകള്‍ ഇതിനകം മെസി നേടിക്കഴിഞ്ഞു. ഒപ്പം മൂന്ന് തവണ സഹതാരങ്ങള്‍ക്ക് ഗോള്‍ അടിക്കാനുള്ള അവസരവും മെസി ഒരുക്കി നല്‍കി. ഖത്തര്‍ ലോകകപ്പില്‍ ഓരോ മത്സരത്തിലും പുതിയ റെക്കോര്‍ഡുകള്‍ സൃഷ്ടിച്ച് കൊണ്ടാണ് താരം കുതിക്കുന്നത്.
എന്നാല്‍, ലോകകപ്പിലെ മെസിയുടെ മിന്നുന്ന ഫോമിനുള്ള കാരണം കണ്ടെത്തിയിരിക്കുകയാണ് ഫ്രഞ്ച് മാധ്യമമായ ഗെറ്റ് ഫ്രഞ്ച് ഫുട്ബോള്‍ ന്യൂസ്. പക്ഷേ, മാധ്യമത്തിന്‍റെ കണ്ടെത്തല്‍ കണ്ടാല്‍ മെസി ആരാധകര്‍ മൂക്കത്ത് വിരല്‍ വച്ച് പോകുമെന്ന് മാത്രം. ലോകകപ്പില്‍ മികച്ച ഫോമിലേക്ക് എത്താന്‍ മെസിയെ ഫ്രഞ്ച് ലീഗ് സഹായിച്ചെന്നാണ് ഗെറ്റ് ഫ്രഞ്ച് ഫുട്ബോള്‍ ന്യൂസിന്‍റെ കണ്ടെത്തല്‍.
undefined
ലീഗ് വണ്ണിലെ തന്‍റെ സമയം പ്രയോജനപ്പെടുത്തിയ മെസി ശാരീരികമായി കൂടുതൽ കരുത്തുറ്റതായി മാറിയെന്ന് ഫ്രഞ്ച് മാധ്യമം പറയുന്നു. ഫ്രഞ്ച് തലസ്ഥാനത്തേക്കുള്ള തന്‍റെ നീക്കത്തിന് ശേഷം മെസി ഫ്രാൻസ് ഫുട്‌ബോളുമായി നടത്തിയ അഭിമുഖം ചൂണ്ടിക്കാണിച്ചുകൊണ്ടാണ് പ്രസിദ്ധീകരണം അവകാശവാദം നിരത്തുന്നത്. ഫ്രാന്‍സില്‍ എത്തിയിട്ട് അധിക നാളുകള്‍ ആയിട്ടില്ല. വളരെ കുറച്ച് മത്സരങ്ങൾ മാത്രമേ കളിച്ചിട്ടുള്ളൂ.
അതിനാൽ നിഗമനങ്ങളിൽ എത്തിച്ചേരാൻ പ്രയാസമാണെന്ന് മെസി 2021ല്‍ പറഞ്ഞിരുന്നു. പക്ഷേ, ഒറ്റനോട്ടത്തിൽ ലാ ലിഗയേക്കാൾ ശാരീരികക്ഷമത ആവശ്യമുള്ള ലീഗ് ആണെന്ന് തോന്നുന്നുവെന്നാണ് അന്ന് മെസി പറഞ്ഞത്. ലീഗ് വണ്ണിലെ മിക്ക കളിക്കാരും വളരെ ശക്തരാണെന്നും മെസി പറഞ്ഞിരുന്നു. ഈ അഭിമുഖം ചൂണ്ടിക്കാട്ടിയാണ് ലോകകപ്പില്‍ മികച്ച ഫോമിലേക്ക് എത്താന്‍ മെസിയെ സഹായിച്ചത് ഫ്രഞ്ച് ലീഗാണെന്ന് ഗെറ്റ് ഫ്രഞ്ച് ഫുട്ബോള്‍ ന്യൂസ് പറയുന്നത്.