റയലില്‍ യങ് ഗലാറ്റിക്കോസ് കാലം? വമ്പന്‍ യുവതാരങ്ങളെ നോട്ടമിട്ട് ക്ലബ്, വീണ്ടും എംബാപ്പെയില്‍ കണ്ണുകള്‍

By Web Team  |  First Published May 18, 2023, 6:06 PM IST

ഇത്തവണ വൻ താരനിരയെയാണ് റയൽ മാഡ്രിഡ് ടീമിലെത്തിക്കാൻ ഒരുങ്ങുന്നത്, പ്രധാന നോട്ടം എംബാപ്പെയില്‍


മാഡ്രിഡ്: കഴിഞ്ഞ സീസണിലെ ട്രാൻസ്‌ഫർ വിപണിയിൽ പ്രതീക്ഷിച്ച താരങ്ങളെയൊന്നും ടീമിലെത്തിക്കാൻ കഴിയാതിരുന്ന റയൽ മാഡ്രിഡ് ഇക്കുറി വമ്പന്‍മാര്‍ക്കായി വലവീശിയേക്കും. വീണ്ടുമൊരു ഗലാറ്റിക്കോസ് ആവര്‍ത്തിക്കുമോ എന്ന ആകാംക്ഷയിലാണ് ആരാധകര്‍. നീക്കങ്ങള്‍ ഫലിച്ചാല്‍ യുവതാരങ്ങളുടെ ഗലാറ്റിക്കോസാണ് റയലില്‍ വിരിയുക

സീസണിൽ ക്ലബ് ലോകകപ്പും കോപ്പ ഡെൽറെയും സ്വന്തമാക്കിയെങ്കിലും ലാലിഗയിൽ റയല്‍ മാഡ്രിഡിന് കാലിടറിയിരുന്നു. നിലവിൽ മൂന്നാം സ്ഥാനത്താണ് ഡോണ്‍ കാര്‍ലോ പരിശീലിപ്പിക്കുന്ന ടീം. ചാമ്പ്യൻസ് ലീഗിൽ പ്രതീക്ഷ ബാക്കിയുണ്ടായിരുന്നെങ്കിലും സെമി ഫൈനലില്‍ മാഞ്ചസ്റ്റര്‍ സിറ്റിയോട് തോറ്റതോടെ ആ സ്വപ്‌നവും അവസാനിച്ചു. ഇതോടെ വരും സീസണില്‍ റയലില്‍ വന്‍ സൈനിംഗുകളുണ്ടാവും എന്നാണ് പ്രതീക്ഷ. എക്കാലവും സൂപ്പർ താരങ്ങളുടെ പറുദീസയായിരുന്നു റയൽ മാഡ്രിഡ്. കരീം ബെൻസെമ, ടോണി ക്രൂസ്, ലൂക്ക മോഡ്രിച്ച് ത്രയത്തിന്‍റെ കരിയർ അവസാനഘട്ടത്തിലാണ്. വിനീഷ്യസ് ജൂനിയർ, കാമവിംഗ, റോഡ്രിഗോ തുടങ്ങി യുവതാരങ്ങൾ മിന്നും ഫോമിലെങ്കിലും മുന്നേറ്റത്തിലും പ്രതിരോധത്തിലും മാറ്റം ലക്ഷ്യമിട്ടാണ് ക്ലബിന്‍റെ നീക്കം. 

Latest Videos

undefined

പിഎസ്‌ജിയിൽ നിന്ന് ഫ്രഞ്ച് താരം കിലിയൻ എംബാപ്പെയെ കഴിഞ്ഞ സീസണിൽ ടീമിലെത്തിക്കാൻ ശ്രമിച്ചെങ്കിലും അവസാന നിമിഷമാണ് റയലിലേക്കില്ലെന്ന് എംബാപ്പെ തീരുമാനിച്ചത്. എന്നാൽ ഇത്തവണയും റയൽ ഉന്നംവയ്ക്കുന്നത് എംബാപ്പെയിൽ തന്നെ. ലിയോണല്‍ മെസി പിഎസ്‌ജി വിടുമെന്നുറപ്പാണ്. നെയ്‌മറും ക്ലബ് മാറ്റം ആഗ്രഹിക്കുന്നു. ഈ സാഹചര്യത്തിൽ എംബാപ്പെയെ നൽകാൻ പിഎസ്‌ജി തയ്യാറാകുമോയെന്നാണ് കണ്ടറിയേണ്ടത്. അടുത്ത വർഷം ജനുവരി വരെയാണ് പിഎസ്‌ജിയുമായുള്ള എംബാപ്പെയുടെ കരാർ. എംബാപ്പെ സമ്മതിച്ചാൽ മുൻകൂർ കരാറിലെത്താനും റയൽ ശ്രമിച്ചേക്കും.

റയൽ ലക്ഷ്യം വയ്ക്കുന്ന മറ്റൊരാൾ ബൊറൂസ്യ ഡോർട്ട്മുണ്ടിന്‍റെ യുവതാരം ജൂഡ് ബെല്ലിംഗ്‌ഹാമാണ്. 19കാരനായ മിഡ്‌ഫീൽഡർക്കായി ക്ലബ് തലത്തിൽ ചർച്ചകൾ തുടങ്ങിക്കഴിഞ്ഞു. ബയേൺ മ്യൂണിക് പ്രതിരോധ താരം അൽഫോൻസോ ഡേവിസിനെ ടീമിലെത്തിക്കാനും മുന്നിലുണ്ട് റയൽ. എന്നാൽ കനേഡിയൻ താരത്തെ വിൽപ്പനയ്ക്ക് വയ്ക്കില്ലെന്ന നിലപാടിലാണ് നിലവിൽ ബയേൺ. മാഞ്ചസ്റ്റർ സിറ്റിക്കും അൽഫോൻസോ ഡേവിസിൽ കണ്ണുണ്ട്. ട്രാൻസ്‌ഫർ ജാലകം തുറക്കുമ്പോൾ ഏദൻ ഹസാർഡ് അടക്കമുള്ള താരങ്ങൾക്ക് ടീമിന് പുറത്തേക്കും വഴിയൊരുങ്ങും. ബാഴ്‌സലോണ സാമ്പത്തിക പ്രതിസന്ധിക്കിടെ വൻ താരങ്ങളെ ക്ലബിലെത്തിച്ച് ടീം ഉടച്ചുവാർത്തപ്പോൾ നിരാശരായ റയൽ ഇത്തവണ മറുപടി നൽകുമെന്നാണ് ആരാധകരും പ്രതീക്ഷിക്കുന്നത്.

Read more: റയലിന്‍റെ വമ്പൊടിച്ച് സിറ്റി, ചാമ്പ്യന്‍സ് ലീഗില്‍ ഇന്‍റര്‍മിലാന്‍-സിറ്റി കിരീടപ്പോരാട്ടം

click me!