മികച്ച താരം മെസി, പക്ഷേ ഇഷ്‌ടം ക്രിസ്റ്റ്യാനോയെ, കാരണമുണ്ട്; മനസുതുറന്ന് രാഹുല്‍ ഗാന്ധി

By Web Team  |  First Published Sep 24, 2023, 12:41 PM IST

ആരാണ് മികച്ച ഫുട്ബോളറെന്നും ആരെയാണ് ഏറെ ഇഷ്‌ടമെന്നും ചോദിച്ചാല്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് മറുപടിയുണ്ട്


ദില്ലി: ഫുട്ബോളില്‍ ഏറെക്കാലമായി നിലനില്‍ക്കുന്ന 'ഗോട്ട്' ചര്‍ച്ചയാണ് ലിയോണല്‍ മെസിയോ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയോ മികച്ച താരമെന്നത്. ആരാണ് മികച്ച ഫുട്ബോളര്‍ എന്ന ചര്‍ച്ച വരുമ്പോള്‍ ഇരുവരുടേയും ആരാധകര്‍ രണ്ട് ചേരിയായി തിരിഞ്ഞ് പോരടിക്കും. ആരാണ് മികച്ച ഫുട്ബോളറെന്നും ആരെയാണ് ഏറെ ഇഷ്‌ടമെന്നും ചോദിച്ചാല്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് മറുപടിയുണ്ട്. മെസിയുടെയും സിആര്‍7ന്‍റേയും പേര് ഒരേസമയം പറഞ്ഞ് തന്ത്രപരമായാണ് രാഹുലിന്‍റെ പ്രതികരണം. അതിനൊരു കാരണമുണ്ട് എന്നും രാഹുല്‍ വിശദീകരിക്കുന്നു. 

പോര്‍ച്ചുഗീസ് ഫുട്ബോള്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെയാണ് തനിക്ക് കൂടുതല്‍ ഇഷ്ടമെന്ന് രാഹുല്‍ ഗാന്ധി പറയുന്നു. അതിന് ചൂണ്ടിക്കാട്ടാന്‍ ഒരു കാരണം രാഹുലിനുണ്ട്.  ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കാണിക്കുന്ന കരുണയാണ് തന്നെ ആകർഷിച്ചത് എന്ന് രാഹുല്‍ ഗാന്ധി പറയുന്നു. എന്നാല്‍ പ്രതിഭയുടെ മൂല്യം അളന്നാല്‍ അര്‍ജന്‍റൈന്‍ ഇതിഹാസവും ലോകകപ്പ് ജേതാവുമായ ലിയോണല്‍ മെസിയുടെ തട്ട് താണുതന്നെയിരിക്കും എന്നാണ് രാഹുലിന്‍റെ പക്ഷം. ലിയോണല്‍ മെസിയാണ് മികച്ച ഫുട്ബോളര്‍ എന്ന് അദേഹം വ്യക്തമാക്കി. ഫുട്ബോള്‍ ടീം ഉണ്ടാക്കുകയാണെങ്കില്‍  മെസിയായിരിക്കും ഞാൻ തെരഞ്ഞെടുക്കുകയെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. മെസിക്കരുത്തില്‍ ഖത്തര്‍ ലോകകപ്പ് അര്‍ജന്‍റീന ഉയര്‍ത്തിയെങ്കില്‍ ലോകകിരീടം ഇതുവരെ ഷോക്കേസിലെത്തിക്കാന്‍ കഴിയാത്ത താരമാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. 

Latest Videos

undefined

മെസി vs ക്രിസ്റ്റ്യാനോ

ഫുട്ബോള്‍ ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങളുടെ പട്ടികയിലാണ് ലിയോണല്‍ മെസിയുടെയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടേയും സ്ഥാനം. മെസിക്ക് ഏഴും ക്രിസ്റ്റ്യാനോയ്ക്ക് അഞ്ചും ബാലന്‍ഡി ഓര്‍ പുരസ്‌കാരങ്ങള്‍ നേടാനായി. റോണോ രണ്ടും മെസി ഒരുവട്ടവും ഫിഫ ബെസ്റ്റ് പുരസ്‌കാരം സ്വന്തമാക്കി. ഇരുവരും 14 തവണ ഫിഫ്‌പ്രോ ലോക ഇലവനില്‍ ഇടംപിടിച്ചു. ഇരുവരിലും ലോകകപ്പ് സ്വന്തമാക്കിയിട്ടുള്ള ഏകനായ മെസി രണ്ട് തവണ ഗോള്‍ഡന്‍ ബോള്‍ പുരസ്‌കാരവും പേരിലാക്കി. യൂറോപ്യന്‍ ഗോള്‍ഡന്‍ ഷൂ മെസി ആറും റൊണാള്‍ഡോ നാലും വട്ടം നേടിയതും ശ്രദ്ധേയമാണ്. രാജ്യാന്തര പുരുഷ ഫുട്ബോളില്‍ എക്കാലത്തേയും മികച്ച ഗോള്‍‌സ്കോററായ റോണോയ്‌ക്ക് 200 മത്സരങ്ങളില്‍ 123 ഗോളുകളുണ്ട്. അതേസമയം മെസിക്കുള്ളത് 175 കളികളില്‍ 103 ഗോളുകളാണ്. ക്ലബ് കരിയറില്‍ ഇരുവരും 700ലേറെ ഗോളുകള്‍ അടിച്ചുകൂട്ടി. 

Read more: മൂറാണ് താരം, ആന്‍ഡമാന്‍കാരുടെ ക്രിക്കറ്റ് കളരിയായി പാലാ; കടല്‍ കടന്നെത്തിയവരില്‍ സംരക്ഷിത ഗോത്രവിഭാഗക്കാരനും

click me!