പവര്‍ കാണിച്ച് ഏഷ്യന്‍ ടീമുകള്‍; ബ്രസീലും ഫ്രാന്‍സും ജയത്തോടെ അരങ്ങേറി- സംഭവബഹുലം ആദ്യറൗണ്ട്

By Vandana PR  |  First Published Nov 25, 2022, 7:48 PM IST

പെനാല്‍റ്റിയെ ചൊല്ലിയുള്ള പരാതികളും വിമര്‍ശനങ്ങളും ആ തിളക്കത്തിന്റെ മഹിമ കുറക്കുന്നില്ല. അഞ്ച് ലോകകപ്പില്‍ ഗോളടിക്കുന്ന ആദ്യത്തെ താരമായ സിആര്‍7, ഏറ്റവും പ്രായം കൂടിയ രണ്ടാമത്തെ സ്‌കോററുമായി.


ഗ്രൂപ്പ് മത്സരങ്ങളുടെ ആദ്യഘട്ടത്തിന്റെ അവസാനദിനം നല്ല മത്സരം കണ്ട ദിവസമായിരുന്നു. അതുവരെ നടന്ന കളികളിലെ ഏറ്റവും മനോഹരമായ ഗോള്‍ പിറന്ന ദിവസമായിരുന്നു. ലോകകപ്പ് ചരിത്രത്തില്‍ ഒരു പുതിയ റെക്കോഡ് കുറിക്കപ്പെട്ട ദിവസമായിരുന്നു. വാശിയോടെ പൊരുതിക്കളിച്ചിട്ടും നിരവധി അവസരങ്ങള്‍ കിട്ടിയിട്ടും ഗോളുമാത്രം വഴിനിന്ന നിര്‍ഭാഗ്യത്തില്‍ ഓരോ പോയിന്റ് പങ്കിട്ടു ദക്ഷിണകൊറിയയും ഉറുഗ്വെയും. ഗോളുകള്‍ വീണുകൊണ്ടിരുന്ന രണ്ടാംപകുതിയില്‍ അവസാന പതിനഞ്ച് മിനിറ്റ് ഘാന പോര്‍ച്ചുഗലിനെ വിറപ്പിച്ചു. നല്ല ഒന്നാന്തരം കളി. വാശി ഫുട്‌ബോളിനോട് മാത്രമല്ല, പരസ്പരം പോരുവിളിക്കാനുമുണ്ടായി. 89ആം മിനിറ്റില്‍ ബുകാരി നേടിയ ഗോള്‍ വെറുമൊരു ഗോളായിരുന്നില്ല മറിച്ച് പോരാടാന്‍ മടിയില്ലാത്ത ആഫ്രിക്കന്‍ വീര്യത്തിന്റെ തെളിവായിരുന്നു. ഒന്നാം ഗോള്‍ നായകന്‍ ആന്ദ്രേ അയേവിന്റെ വക. ഫെലിക്‌സിന്റേയും, ലിയാവോയുടേയും ഗോളുകളാണ് ജയതത്തിലേക്കുള്ള ചുവടുവെപ്പായതെങ്കിലും ആദ്യം പെനാല്‍റ്റിയിലൂടെ ടീമിനെ മുന്നിലെത്തിച്ച നായകന്‍ റൊണാള്‍ഡോയുടെ ഗോളിന് തിളക്കമേറെ. പെനാല്‍റ്റിയെ ചൊല്ലിയുള്ള പരാതികളും വിമര്‍ശനങ്ങളും ആ തിളക്കത്തിന്റെ മഹിമ കുറക്കുന്നില്ല. അഞ്ച് ലോകകപ്പില്‍ ഗോളടിക്കുന്ന ആദ്യത്തെ താരമായ സിആര്‍7, ഏറ്റവും പ്രായം കൂടിയ രണ്ടാമത്തെ സ്‌കോററുമായി.

Latest Videos

undefined

എന്തുകൊണ്ടാണ് കാനറിപ്പക്ഷികള്‍ ലോകത്തിന്റെ പ്രിയങ്കരര്‍ ആകുന്നത് എന്നതിന് ഉത്തരമായിരുന്നു ലുസെയ്‌ലില്‍ കണ്ടത്. സ്‌ട്രൈക്കര്‍ മിഡ്രോവിച്ച് ഒഴികെ ഏതാണ്ടെല്ലാ കളിക്കാരും തീര്‍ത്ത സെര്‍ബിയന്‍ പ്രതിരോധമതിലിനു മുന്നില്‍ ഒന്നു പെടാപാട് പെട്ട ആദ്യപകുതിക്ക് ശേഷം പുതിയ തന്ത്രവുമായി അവരെത്തി. എല്ലാവരും ഗോളടിക്കുന്ന എള്‌ലാവരും പ്രതിരോധിക്കുന്ന ബ്രസീലിയന്‍ ഫുട്‌ബോള്‍ സൗന്ദര്യശാസ്ത്രം തന്നെ പുതിയ തന്ത്രത്തിന് അടിത്തറ. വിനീഷ്യസ് ജുനിയറിന്റെ ഷോട്ടുകള്‍ കൊരുത്ത് റിച്ചാലിസണ്‍  ഗോളുകടിച്ചു. അഭ്യാസിയുടെ മികവുള്ള രണ്ടാമത്തെ ഗോള്‍ അതിസുന്ദരം. ഒക്ടോബറില്‍ പരിക്ക് കാരണം ലോകകപ്പിലേക്ക് എത്താന്‍ കഴിയുമോ എന്ന് ആശങ്കപ്പെട്ടിരുന്ന 25കാരന് കിട്ടിയ ഏറ്റവും നല്ല സമ്മാനം. ഗബ്രിയേല്‍ ജീജസ്, റോഡ്രിഗോ, റോബര്‍ട്ടോ ഫിര്‍മിനോ എന്നിവരെയൈാക്കെ ഒഴിവാക്കിയിട്ടും ടീമില്‍ ഉള്‍പെടുത്തിയ പ്രൊഫസര്‍ ടിറ്റെക്കുള്ള ഗുരുദക്ഷിണ.

പക്ഷേ ഏറ്റവും നല്ല മുഹൂര്‍ത്തം ഇതൊന്നുമായിരുന്നില്ല. കാമറൂണിനെതിരെ വിജയഗോളടിച്ച സ്വിസ് താരം ബ്രീല്‍ എംബോള ആഹ്ലാദത്തിരയിളക്കത്തില്‍ ആഘോഷിച്ചില്ല. പകരം രണ്ട് കയ്യുകളും ഉയര്‍ത്തി നിന്നു. കാരണം അഞ്ചാം വയസ്സില്‍ അമ്മക്കൊപ്പം സ്വിറ്റ്‌സര്‍ലന്‍ഡിലേക്ക് കുടിയേറിയ എംബോള ജനിച്ചത് കാമറൂണിലാണ്. അവന്റെ അച്ഛന്‍ ഇപ്പോഴും അവിടെയാണ് താമസം. ആദ്യ മത്സരത്തില്‍ തോല്‍ക്കാതിരിക്കുക എന്ന കൈനീട്ടി സ്വീകരിച്ച നാടിന്റെ പതിവിന് തുടര്‍ച്ച സമ്മാനിക്കാന്‍ ഗോളടിച്ചെങ്കിലും എംബോളെക്ക് ആ മുഹൂര്‍ത്തം  നിസ്സഹായാവസ്ഥയുടേത് കൂടിയാണ്.  അത് സ്വിസ് ടീമിലെയും ഒപ്പം കാമറൂണിന്റേയും കളിക്കാര്‍ മനസ്സിലാക്കിയിടത്താണ് ആ മുഹൂര്‍ത്തം മാനവികതയുടെ വലിയ സന്ദേശമാകുന്നത്.

കുടിയേറിയെത്തി സ്വിസ് ടീമിന്റെ നെടുംതൂണായ ഷാക്കയും ഷഖീരിയും എംബോളയുടെ മനസ്സ് എങ്ങനെ അറിയാതിരിക്കും? രണ്ട് ടീമുകളിലായിരിക്കും പക്ഷേ അപ്പോഴും ഞങ്ങള്‍ സഹോദരന്‍മാര്‍ തന്നെയല്ലേ എന്ന് സ്‌നേഹത്തോടെ പറഞ്ഞ കാമറൂണ്‍ കോച്ച് റിഗോബെര്‍ട്ട് സോങ്ങിന്റെ വാക്കുകളിലെ സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റിന് എങ്ങനെ മൂല്യമിടും? ഫുട്‌ബോളിന്റെ സൗന്ദര്യവും മനുഷ്യരുടെ വൈകാരിക ക്ഷോഭങ്ങളും സാഹോദര്യത്തിന്റെ മഹിമയും സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റിന്റെ ഗാംഭീര്യവും ഒരുമിച്ച സുന്ദരനിമിഷമായിരുന്നു അത്.

click me!