ഇതിന് മുമ്പ് ലോകകപ്പിന് വേദിയൊരുക്കിയ 22 രാജ്യങ്ങളിൽ 16 ടീമും വിജയത്തോടെയാണ് വിശ്വ മാമാങ്കത്തിന് തുടക്കമിട്ടിട്ടുള്ളത്. ആറ് ടീമുകൾ സമനില കൊണ്ട് ആശ്വാസം കണ്ടെത്തി.
ദോഹ: ലോകകപ്പിലെ ആദ്യ മത്സരത്തിൽ ഇക്വഡോറിനോട് പരാജയപ്പെട്ടതോടെ ഖത്തർ ടീമിന്റെ പേരിലായത് മറക്കാൻ ആഗ്രഹിക്കുന്ന ഒരു റെക്കോർഡ്. ലോകകപ്പിന്റെ ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഒരു ആതിഥേയ ടീം ഉദ്ഘാടന മത്സരത്തിൽ തോൽവി അറിയുന്നത്. ഇതിന് മുമ്പ് ലോകകപ്പിന് വേദിയൊരുക്കിയ 22 രാജ്യങ്ങളിൽ 16 ടീമും വിജയത്തോടെയാണ് വിശ്വ മാമാങ്കത്തിന് തുടക്കമിട്ടിട്ടുള്ളത്. ആറ് ടീമുകൾ സമനില കൊണ്ട് ആശ്വാസം കണ്ടെത്തി. എന്നാൽ, വളരെ പ്രതീക്ഷയതോടെ ആദ്യ മത്സരത്തിനിറങ്ങിയ ഖത്തറിന് നിരാശയായിരുന്നു ഫലം.
എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ഇക്വഡോർ ഖത്തറിനെ പരാജയപ്പെടുത്തിയത്. ലാറ്റിനമേരിക്കന്‍ സംഘത്തിനായി എന്നര്‍ വലന്‍സിയയാണ് രണ്ട് ഗോളും നേടിയത്. ഇരു ഗോളുകളും ആദ്യ പകുതിയിൽ ആയിരുന്നു. ഖത്തറിന്റെ പരിചയസമ്പത്തില്ലായ്മ മുതലെടുത്ത ഇക്വഡോർ ആദ്യ പകുതിയിൽ നടത്തിയ മിന്നലാക്രമണങ്ങൾക്ക് ഖത്തറിന് മറുപടിയില്ലാതെ പോവുകയായിരുന്നു. ആതിഥേയരായ ഖത്തറിനെതിരെ ആദ്യം മുതല്‍ ആക്രമണം അഴിച്ചു വിടുകയാണ് ഇക്വഡോര്‍ ചെയ്തത്.
മികച്ച ബോള്‍ പൊസിഷനുമായി ഇക്വഡോര്‍ കുതിച്ച് എത്തിയതോടെ ഖത്തറി ഗോള്‍ മുഖം നിരന്തരം പരീക്ഷണങ്ങള്‍ക്ക് നടുവിലായി. നിരന്തര പരിശ്രമങ്ങള്‍ക്കുള്ള ഫലം ദക്ഷിണമേരിക്കന്‍ സംഘത്തിന് 15-ാം മിനിറ്റില്‍ ലഭിച്ചു. പന്തുമായി കുതിച്ച വലന്‍സിയക്ക് കുടുക്കിടാനുള്ള ഖത്തര്‍ ഗോളി അല്‍ ഷീബിന്‍റെ അതിസാഹസം പെനാല്‍റ്റിയിലാണ് കലാശിച്ചത്. സമ്മര്‍ദം ഒന്നും കൂടാതെ വലന്‍സിയ തന്നെ പന്ത് വലയിലെത്തിയച്ചോടെ 2022 ലോകകപ്പിലെ ആദ്യ ഗോള്‍ പിറന്നു. വലന്‍സിയ ആയിരുന്നു ഇക്വഡോറിന്‍റെ തുറുപ്പ് ചീട്ട്.
താരത്തെ തേടി ക്രോസുകളും ലോംഗ് ബോളുകളും വന്നുകൊണ്ടേയിരുന്നു. ഖത്തര്‍ നേരിട്ട അനുഭവസമ്പത്തിന്‍റെ കുറവ് ഇക്വഡോര്‍ പരമാവധി മുതലെടുക്കുകയായിരുന്നു. 31-ാം മിനിറ്റില്‍ ഇക്വഡോര്‍ വീണ്ടും ലക്ഷ്യം കണ്ടു. വലതു വശത്ത് നിന്നും വന്ന അതിമനോഹരമായ ക്രോസില്‍ വലന്‍സിയ തലവയ്ക്കുമ്പോള്‍ എതിര്‍ക്കാന്‍ ഖത്തറി താരങ്ങള്‍ ആരും തന്നെ ഉണ്ടായിരുന്നില്ല. ഏയ്ഞ്ചലോ പ്രെസൈഡോ ആയിരുന്നു ഗോളിന്‍റെ ശില്‍പ്പി.
ഇക്വഡോറിയൻ കരുത്തിന് മുന്നിൽ ഉത്തരം മുട്ടി; കണ്ണീരോടെ കളം വിട്ട് ഖത്തർ, താരമായി വലൻസിയ