ഇസ്ലാം മത വിശ്വാസികളായ കളിക്കാരെ പരമാവധി ഒഴിവാക്കി ടീമിന് പുതിയൊരു പ്രതിച്ഛായ നല്‍കാനാണ് പോകുന്നതെന്നും ഗാള്‍ട്ടിയര്‍ പറഞ്ഞുവെന്ന് നിസെ ഡയറക്ടറുടെ പരാതിയില്‍ വ്യക്തമാക്കുന്നു.
പാരീസ്: ഫ്രഞ്ച് ക്ലബ്ബ് നീസെയുടെ പരിശീലകനായിരിക്കെ മുസ്ലീം കളിക്കാരോടും കറുത്ത വര്‍ഗക്കാരായ കളിക്കാരോടും വിവേചനം കാട്ടിയെന്ന ആരോപണത്തില്‍ പി എസ് ജി പരിശീലകന്‍ ക്രിസ്റ്റഫെ ഗാള്‍ട്ടിയറും മകനും അറസ്റ്റില്‍. 2021-22 സീസണില്‍ നീസെ പരിശീലകനായിരിക്കെ വര്‍ണവെറിയും ഇസ്ലാം വിരുദ്ധവുമായ പരാമര്‍ശങ്ങള്‍ നടത്തിയെന്ന പരാതിയിലാണ് ഗാള്‍ട്ടിയറെയും മകന്‍ ജോണ്‍ വാലോവിച്ച് ഗാള്‍ട്ടിയറെയും ഫ്രഞ്ച് പൊലീസ് അറസ്റ്റ് ചെയ്തത്.
സീസണൊടുവില്‍ പി എസ് ജി പരിശീലക സ്ഥാനത്തുനിന്ന് പുറത്താക്കുമെന്ന് ഉറപ്പായിരിക്കെയാണ് ഗാള്‍ട്ടിയര്‍ക്ക് ഇരുട്ടടിയായി പുതിയ കേസും പിന്നാലെ അറസ്റ്റും വന്നത്. ചാമ്പ്യന്‍സ് ലീഗ് ലക്ഷ്യമിട്ട് ലിയോണല്‍ മെസി, നെയ്മര്‍, കിലിയന്‍ എംബാപ്പെ തുടങ്ങിയ സൂപ്പര്‍ താരങ്ങളെ ടീമിലെത്തിച്ചെങ്കിലും പി എസ് ജിക്ക് ഇത്തവണയും പ്രീ ക്വാര്‍ട്ടറിനപ്പുറം കടക്കാനായിരുന്നില്ല. ഫ്രഞ്ച് ലീഗില്‍ കിരീടം നേടിയെങ്കിലും സൂപ്പര്‍ താരനിരയുണ്ടായിട്ടും ടീം ലീഗില്‍ പത്ത് മത്സരങ്ങളില്‍ തോറ്റിരുന്നു.
undefined
ഇതോടെ പി എസ് ജിയുടെ ഖത്തറി ഉടമകള്‍ ഗാള്‍ട്ടിയറിന് പകരം മുന്‍ സ്പാനിഷ് പരിശീലകന്‍ ലൂയിസ് എന്‍റിക്വെയെ പരിശീലകനാക്കാന്‍ തീരുമാനിച്ചിരുന്നു. നീസെയുടെ സ്പോര്‍ട്ടിംഗ് ഡയറക്ടറായിരുന്ന ജൂലിയന്‍ ഫോര്‍നിയറുടെ പരാതിയിലാണ് ഇപ്പോള്‍ ഗാള്‍ട്ടിയറെ അറസ്റ്റ് ചെയ്തിരിക്കുന്നത്. നീസെ ടീമിലെ നിരവധി കളിക്കാരെ ഗാള്‍ട്ടിയര്‍ വംശീയമായും മതപരമായും അവഹേളിച്ചുവെന്നാണ് ഫോര്‍നിയറുടെ പരാതി. ടീമില്‍ കറുത്ത വര്‍ഗക്കാരും ഇസ്ലാം മതവിശ്വാസികളുമായ കളിക്കാര്‍ അധികം വേണ്ടെന്ന് ഗാള്‍ട്ടിയര്‍ പറഞ്ഞിരുന്നതായാണ് ഫോര്‍നിയര്‍ പരാതിയില്‍ പറയുന്നത്.
ഇസ്ലാം മത വിശ്വാസികളായ കളിക്കാരെ പരമാവധി ഒഴിവാക്കി ടീമിന് പുതിയൊരു പ്രതിച്ഛായ നല്‍കാനാണ് പോകുന്നതെന്നും ഗാള്‍ട്ടിയര്‍ പറഞ്ഞുവെന്ന് നിസെ ഡയറക്ടറുടെ പരാതിയില്‍ വ്യക്തമാക്കുന്നു. എന്നാല്‍ ഫോര്‍നിയര്‍ പരാതിയില്‍ പറഞ്ഞ ആരോപണങ്ങള്‍ ഞെട്ടിച്ചുവെന്ന് പ്രതികരിച്ച ഗാള്‍ട്ടിയര്‍ ആരോപണങ്ങള്‍ നിഷേധിച്ചു. ഫോര്‍നിയറുടെ ആരോപണങ്ങള്‍ പ്രസിദ്ധീകരിച്ച മാധ്യമപ്രവര്‍ത്തകനെതിരെ ഗാള്‍ട്ടിയര്‍ അപകീര്‍ത്തി കേസ് നല്‍കുകയും ചെയ്തിരുന്നു. ഗാള്‍ട്ടിയര്‍ പരിശീലകനായിരുന്ന കാലത്ത് ഫോര്‍നിയറുമായി നല്ല ബന്ധമായിരുന്നില്ല ഉണ്ടായിരുന്നത്. ഇരുവരും കഴിഞ്ഞ സീസണൊടുവില്‍ ക്ലബ്ബ് വിട്ടിരുന്നു.