വിട്ടുകൊടുക്കാതെ സിറ്റി, ബോൺമൗത്തിനെതിരെ ഗോള്‍മഴ; പ്രീമിയർ ലീഗ് കൂടുതല്‍ ആവേശത്തിലേക്ക്

By Web Team  |  First Published Feb 26, 2023, 6:43 AM IST

ബോൺമൗത്തിന്‍റെ മൈതാനത്ത് കളി തുടങ്ങി ആദ്യപകുതിയില്‍ തന്നെ എതിരില്ലാത്ത മൂന്ന് ഗോളിന്‍റെ ലീഡ് മാഞ്ചസ്റ്റർ സിറ്റി സ്വന്തമാക്കി


ബോൺമൗത്ത്: ഇംഗ്ലീഷ് പ്രീമിയർ ലീഗില്‍ ആഴ്‌സണലുമായുള്ള കിരീടപ്പോരാട്ടത്തില്‍ വിട്ടുകൊടുക്കാതെ മാഞ്ചസ്റ്റർ സിറ്റി. ലെസ്റ്റർ സിറ്റിക്കെതിരെ വിജയിച്ച് പോയിന്‍റ് പട്ടികയില്‍ കുതിച്ച ആഴ്സണലുമായുള്ള അകലം ബോൺമൗത്തിനെതിരായ ജയത്തോടെ സിറ്റി രണ്ടായി കുറച്ചു. എന്നാല്‍ ഒരു മത്സരം കുറവ് കളിച്ചതിന്‍റെ ആനുകൂല്യം ആഴ്സണലിനുണ്ട്. ബോൺമൗത്തിനെ അവരുടെ തട്ടകത്തില്‍ കയറിലാണ് സിറ്റി തച്ചുതകർത്തത്. ഒന്നിനെതിരെ നാല് ഗോളുകള്‍ക്കായിരുന്നു സിറ്റിയുടെ വമ്പന്‍ വിജയം. പന്തടക്കത്തിലും ആക്രമണത്തിലുമെല്ലാം സിറ്റി ആയിരുന്നു മുന്നില്‍. 

സിറ്റിയുടെ സമ്പൂർണ മേധാവിത്തമാണ് മത്സരത്തില്‍ കണ്ടത്. ബോൺമൗത്തിന്‍റെ മൈതാനത്ത് കളി തുടങ്ങി ആദ്യപകുതിയില്‍ തന്നെ എതിരില്ലാത്ത മൂന്ന് ഗോളിന്‍റെ ലീഡ് മാഞ്ചസ്റ്റർ സിറ്റി സ്വന്തമാക്കി. 15-ാം മിനുറ്റില്‍ ജൂലിയന്‍ ആല്‍വാരസ് തുടക്കമിട്ട ഗോള്‍വേട്ടയ്ക്ക് 29-ാം മിനുറ്റില്‍ എർലിംങ് ഹാളണ്ടും 45-ാം മിനുറ്റില്‍ ഫില്‍ ഫോഡനും ആക്കംകൂട്ടി. 51-ാം മിനുറ്റില്‍ ക്രിസ് മെഫാമിന്‍റെ ഓണ്‍ഗോള്‍ ബോൺമൗത്തിന്‍റെ അവസാന ആണിയടിച്ചു. 83-ാം മിനുറ്റില്‍ ജെഫേർസണ്‍ ലെർമയുടെ ഗോള്‍ വന്നെങ്കിലും ബോൺമൗത്ത് ഏറെ വൈകിയിരുന്നു. ഇതോടെ 1-4ന്‍റെ ജയം സ്വന്തമാക്കിയ മാഞ്ചസ്റ്റർ സിറ്റി 25 കളികളില്‍ 55 പോയിന്‍റ് സ്വന്തമാക്കി. ഒന്നാമതുള്ള ആഴ്സണലിന് 24 കളിയില്‍ 57 പോയിന്‍റുകളാണുള്ളത്.

Latest Videos

undefined

നേരത്തെ നടന്ന മത്സരത്തില്‍ എവേ ഗ്രൗണ്ടില്‍ ലെസ്റ്റര്‍ സിറ്റിയെ എതിരില്ലാത്ത ഒരു ഗോളിന് ആഴ്‌സണല്‍ തകർക്കുകയായിരുന്നു. 46-ാം മിനുറ്റില്‍ ബ്രസീലിയന്‍ താരം ഗബ്രിയേല്‍ മാര്‍ട്ടിനെല്ലിയാണ് ആഴ്‌സണലിനായി വല ചലിപ്പിച്ചത്. 28-ാം മിനുറ്റില്‍ സാക്കയുടെ കോർണർ കിക്കില്‍ നിന്ന് ട്രോസാർഡ് നേടിയ ഗോള്‍ വാറിലൂടെ റഫറി നിഷേധിച്ചത് വിവാദമായി. കോര്‍ണര്‍ കിക്ക് എടുക്കവേ ലെസ്റ്റര്‍ ഗോളിയെ ആഴ്‌സണല്‍ താരം ബെന്‍ വൈറ്റ് ഫൗള്‍ ചെയ്‌തതായി വാറില്‍ കണ്ടെത്തുകയായിരുന്നു. രണ്ട് മിനുറ്റിന് ശേഷം ലെസ്റ്ററിനായി കലെച്ചി ഇയാനാച്ചോ വലകുലുക്കിയെങ്കിലും ഓഫ്‍സൈഡായി. ഇതിനെല്ലാം ശേഷം രണ്ടാംപകുതിയുടെ ആരംഭത്തിലായിരുന്നു ട്രോസാർഡിന്‍റെ അസിസ്റ്റില്‍ മാർട്ടിനെല്ലിയുടെ സൂപ്പർ ഫിനിഷിംഗ്. ഇതിന് ശേഷം ഫിസിക്കല്‍ പോരാട്ടമായി മത്സരം നീണ്ടെങ്കിലും ലെസ്റ്ററിന് സമനില ഗോള്‍ കണ്ടെത്താനായില്ല. 

സിറ്റിക്ക് പണിയാകും; മാര്‍ട്ടിനെല്ലിയുടെ സൂപ്പര്‍ ഫിനിഷില്‍ ആഴ്‌സണലിന്‍റെ വിജയക്കുതിപ്പ്

click me!