70 ശതമാനം പന്തവകാശം വച്ചിട്ടും 13 കോര്‍ണറുകള്‍ ലഭിച്ചിട്ടും കളത്തില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഉണ്ടായിട്ടും പോര്‍ച്ചുഗലിന്റെ ജയം വൈകിപ്പിക്കാന്‍ ചെക്കിനായി.
മ്യൂണിക്ക്: യൂറോ കപ്പില്‍ രണ്ടാം ജയം തേടി തുര്‍ക്കിയും പോര്‍ച്ചുഗലും നേര്‍ക്കുനേര്‍. യൂറോയില്‍ ഇതുവരെ ആദ്യ രണ്ട് മത്സരങ്ങള്‍ ജയിക്കാനായിട്ടില്ലെന്ന റെക്കോര്‍ഡ് തിരുത്താനാണ് തുര്‍ക്കിയുടെ ശ്രമം. ലക്ഷ്യം യൂറോ കിരീടമാണെങ്കില്‍ ഈ കളി പോര. കടുത്ത ആരാധകര്‍ക്കും ഫുട്‌ബോള്‍ പ്രേമികള്‍ക്കും പോര്‍ച്ചുഗലിനോട് പറയാനുള്ളത് ഇത് മാത്രമാണ്. ആദ്യ മത്സരത്തില്‍ ചെക്ക് റിപ്പബ്ലിക്കിനെതിരെ ജയിച്ചെങ്കിലും പോര്‍ച്ചുഗീസ് ആക്രമണങ്ങളെ ചെക് റിപ്പബ്ലിക് സമര്‍ഥമായി പ്രതിരോധിച്ചു.
70 ശതമാനം പന്തവകാശം വച്ചിട്ടും 13 കോര്‍ണറുകള്‍ ലഭിച്ചിട്ടും കളത്തില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഉണ്ടായിട്ടും പോര്‍ച്ചുഗലിന്റെ ജയം വൈകിപ്പിക്കാന്‍ ചെക്കിനായി. കോച്ച് റോബര്‍ട്ടോ മാര്‍ട്ടിനസിന് തല പുകയ്ക്കാന്‍ കാര്യങ്ങളേറെയുണ്ട് ടീമില്‍. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഉള്‍പ്പെടുന്ന മുന്നേറ്റനിരയിലെ ഒത്തിണക്കമില്ലായ്മയുമാണ് പ്രധാന തലവേദന. ഡിഫന്‍ഡര്‍മാര്‍ക്കിടയില്‍ ഒറ്റപ്പെട്ടുപോകുന്ന അവസ്ഥയില്‍ റോണോയെ പലതവണ കണ്ടു ആദ്യ മത്സരത്തില്‍. തുര്‍ക്കിക്കെതിരെ ഇതുവരെ ഗോള്‍ നേടിയിട്ടില്ലാത്തതിനാല്‍ ഇന്ന് സ്‌കോര്‍ ചെയ്താല്‍ ക്രിസ്റ്റ്യാനോയ്ക്ക് പലതുണ്ട് ഗുണങ്ങള്‍.
undefined
തുര്‍ക്കിക്കെതിരെ ഇറങ്ങുമ്പോള്‍ മുന്നേറ്റത്തിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണലാകും ടീമിന്റെ പ്രധാന ലക്ഷ്യം. ജോര്‍ജിയയെ ഒന്നിനെതിരെ മൂന്ന് ഗോളിന് തകര്‍ത്തുവരുന്ന തുര്‍ക്കിയുടെ ആത്മവിശ്വാസത്തോടും കളിച്ചുവേണം പോര്‍ച്ചുഗലിന് ഇന്ന് ജയിക്കാന്‍. വലിയ ടൂര്‍ണമെന്റുകളില്‍ ഇതുവരെ ആദ്യ രണ്ട് മത്സരങ്ങള്‍ ജയിച്ചിട്ടില്ലെന്ന് മോശം റെക്കോര്‍ഡ് തിരുത്താന്‍ കൂടിയാണ് തുര്‍ക്കിയുടെ ശ്രമം.അവസാന രണ്ട് യുറോ കപ്പിലും ഗ്രൂപ്പ് ഘടത്തില്‍ പുറത്തായ തുര്‍ക്കിക്ക് അഭിമാന പോരാട്ടമാണിത്.
ഏഴ് തവണ പരസ്പരം ഏറ്റുമുട്ടിയപ്പോള്‍ ആറുതവണയും പോര്‍ച്ചുഗലിനായിരുന്നു ജയം. യൂറോ കപ്പില്‍ 2008ല്‍ സെമിയിലെത്തിയ ടീമാണ് അട്ടിമറിക്ക് പേരുകേട്ട തുര്‍ക്കി, വീണ്ടുമൊരു കിരീടം ലക്ഷ്യമിട്ടിറങ്ങുന്ന പോര്‍ച്ചുഗലിനെ യുവതുര്‍ക്കി പിടിച്ചുകെട്ടുമോ, അതോ എല്ലാത്തവണത്തേയും പോലെ വിമര്‍ശനങ്ങളെ ഹെഡര്‍ ചെയ്ത് ഗോളാക്കി റോണോ കരുത്തുകാട്ടുമോ എന്ന് കാത്തിരിക്കുകയാണ് ആരാധകര്‍. ഇന്നത്തെ മറ്റ് മത്സരങ്ങളില്‍ ബെല്‍ജിയം ജീവന്‍ മരണ പോരാട്ടത്തില്‍ റുമാനിയയെയും ജോര്‍ജിയ, ചെക് റിപ്പബ്ലിക്കിനെയും നേരിടും.