ഗോമസ് ലഹരി ഉപയോഗം അര്‍ജന്റീനയുടെ ലോകകപ്പ് നേട്ടത്തെ ബാധിക്കുമോ എന്നാണ് ആരാധകരുടെ ചോദ്യം. എന്നാല്‍ ഇല്ലെന്നാണ് മറുപടി. അതിന് കാരണവുമുണ്ട്.
മിലാന്‍: ഖത്തര്‍ ലോകകപ്പില്‍ അര്‍ജന്റീന കിരീടമുയര്‍ത്തുമ്പോള്‍ ടീമിന്റെ മധ്യനിരയിലുണ്ടായിരുന്ന അലസാന്‍ഡ്രോ ഗോമസിന് വിലക്കേര്‍പ്പെടുത്തിയിരുന്നു. നിരോധിത ലഹരി പദാര്‍ത്ഥം ഉപയോഗിച്ചതിനാണ് രണ്ട് വര്‍ഷത്തെ വിലക്ക് അര്‍ജന്റൈന്‍ താരത്തിന് ഏര്‍പ്പെടുത്തിയത്. കഴിഞ്ഞ നവംബറില്‍, ലോകകപ്പിന് തൊട്ടുമുമ്പാണ് സംഭവം. സുഖമില്ലെന്ന് തോന്നിയപ്പോള്‍ കുട്ടികള്‍ക്കുള്ള സിറപ്പ് കഴിച്ചിരുന്നുവെന്നാണ് ഗോമസ് വിശദീകരിച്ചത്.
ഗോമസ് ലഹരി ഉപയോഗം അര്‍ജന്റീനയുടെ ലോകകപ്പ് നേട്ടത്തെ ബാധിക്കുമോ എന്നാണ് ആരാധകരുടെ ചോദ്യം. എന്നാല്‍ ഇല്ലെന്നാണ് മറുപടി. അതിന് കാരണവുമുണ്ട്. ലോക ഉത്തേജക വിരുദ്ധ കോഡ് അനുസരിച്ച്, ഗോമസിന്റെ ദേശീയ ടീമിന് ബഹുമതി നഷ്ടപ്പെടാനുള്ള സാധ്യതയില്ല. ആര്‍ട്ടിക്കിള്‍ 11 അനുസരിച്ച്, ഒരു ടീമിലെ രണ്ടില്‍ കൂടുതല്‍ അംഗങ്ങള്‍ ഉത്തേജക വിരുദ്ധ നിയമലംഘനം നടത്തിയാല്‍ മാത്രമേ നേട്ടങ്ങള്‍ റദ്ദാക്കൂ. അതുകൊണ്ടുതന്നെ അര്‍ജന്റീനയുടെ ഖത്തര്‍ ലോകകപ്പ് നേട്ടം റദ്ദാവില്ല.
undefined
അടുത്തിടെയാണ് വെറ്ററന്‍ താരം ഇറ്റാലിയന്‍ ക്ലബ് മോണ്‍സയില്‍ ചേര്‍ന്നത്. സ്പാനിഷ് ക്ലബ് സെവിയ്യയില്‍ നിന്നാണ് താരം മോണ്‍സയിലെത്തിയത്. ലോകകപ്പിന് മുമ്പാണ് അര്‍ജന്റൈന്‍ മധ്യനിരയിലെ പ്രധാനിയായിരുന്ന ഗോമസ് ലഹരി ഉപയോഗിച്ചിരുന്നത്. വിലക്ക് വരുന്നതോടെ ഗോമസ് വിരമിക്കാനാണ് സാധ്യത. വിലക്ക് മാറി തിരിച്ചെത്തുമ്പോള്‍ അദ്ദേഹത്തിന് 37 വയസ് പൂര്‍ത്തിയാവും. പിന്നീട് കളിക്കാന്‍ ശരീരം അനുവദിച്ചേക്കില്ല. ഗോമസിന് വേണമെങ്കില്‍ അപ്പീലിന് പോവാം. വിശദീകരണത്തില്‍ കഴമ്പില്ലെന്ന് കണ്ടാല്‍ വിലക്കിന്റെ കാലയളവ് കുറച്ചേക്കും.
2021ലാണ് ഗോമസ് സെവിയ്യയുമായി കരാറൊപ്പിടുന്നത്. സ്പാനിഷ് ക്ലബായ സെവിയ്യക്ക് വേണ്ടി 90 മത്സരങ്ങളില്‍ അദ്ദേഹം കളിച്ചു. ഖത്തര്‍ ലോകകപ്പില്‍ സൗദി അറേബ്യക്കെതിരെ ആദ്യ മത്സരത്തിലും പിന്നീട് പ്രീ ക്വാര്‍ട്ടറില്‍ ഓസ്‌ട്രേലിയക്കെതിരായ മത്സരത്തിലും മാത്രമാണ് ഗോമസ് ആദ്യ ഇലവനില്‍ ഉണ്ടായിരുന്നത്. മറ്റു മത്സരങ്ങളിലേക്കൊന്നും താരത്തെ പരിഗണിച്ചിരുന്നില്ല. ലോകകപ്പിലാണ് താരം അവസാനമായി അര്‍ജന്റീന ജഴ്‌സിയില്‍ കളിക്കുന്നതും.
പിന്നീട് നടന്ന സൗഹൃദ മത്സരങ്ങള്‍ക്കുള്ള അര്‍ജന്റൈന്‍ ടീമിലേക്ക് താരത്തെ പരിഗണിച്ചിരുന്നില്ല. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ക്കുള്ള അര്‍ജന്റീന ടീമിലും ഗോമസ് ഇല്ല.