ഓൺലൈനായി ടിക്കറ്റെടുത്ത് മത്സരം കാണാൻ ദൂരെ ദിക്കുകളിൽ നിന്നും ആളുകളെത്തിയിരുന്നു. എന്നാൽ ഇവർ സ്‌റ്റേഡിയത്തിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് തന്നെ സ്‌റ്റേഡിയം നിറഞ്ഞു.
മലപ്പുറം: സന്തോഷ് ട്രോഫിയിൽ കേരളത്തിന്റെ മത്സരം കാണാൻ മഞ്ചേരി പയ്യനാട് സ്‌റ്റേഡിയത്തിലെത്തിയ ഫുട്‌ബോൾ ആരാധകർക്ക് സ്‌റ്റേഡിയത്തിലേക്ക് പ്രവേശനം നിഷേധിച്ചത് ചെറിയ തോതിൽ സംഘർഷത്തിനിടയാക്കി. ഓൺലൈനായി ടിക്കറ്റെടുത്ത് മത്സരം കാണാൻ ദൂരെ ദിക്കുകളിൽ നിന്നും ആളുകളെത്തിയിരുന്നു. എന്നാൽ ഇവർ സ്‌റ്റേഡിയത്തിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് തന്നെ സ്‌റ്റേഡിയം നിറഞ്ഞു. ഇതോടെയാണ് ഇവർക്ക് പ്രവേശനം നിഷേധിച്ചത്. ഓൺലൈനായി ടിക്കറ്റുകൾ കണക്കില്ലാതെ വിറ്റഴിച്ചതാണ് സംഘാടകർക്ക് വിനയായത്. മലപ്പുറം ജില്ലക്ക് പുറത്തുള്ള ആരാധകരാണ് കൂടുതലായും ഓൺലൈനായി ടിക്കറ്റെടുത്തത്. മഞ്ചേരിയിലേക്കെത്തി ടിക്കറ്റെടുക്കുന്നത് ബുദ്ധിമുട്ടാകുന്നത് മുന്നിൽകണ്ടാണ് പലരും ഓൺലൈനായി ടിക്കറ്റ് സ്വന്തമാക്കിയത്. എന്നാൽ ഇതിൽ പലർക്കും സ്‌റ്റേഡിയത്തിനകത്തേക്ക് പ്രവേശനം നൽകിയില്ല.
ഇതോടെ പ്രവേശന ഗേറ്റിന് മുന്നിൽ വാക്കുതർക്കമുണ്ടായി. പലപ്പോഴും പൊലീസ് ഇടപെട്ടാണ് സംഘർഷ സാധ്യത ഒഴിവാക്കിയത്. ഓൺലൈനിന് പുറമെ സഹകരണ ബാങ്കുകൾ വഴിയും ടിക്കറ്റ് വിൽപ്പന നടത്തിയിരുന്നു. ഇത് കൂടാതെ സ്‌റ്റേഡിയത്തിലെ ടിക്കറ്റ് കൗണ്ടറിലും വിൽപ്പന നടത്തിയിരുന്നു. ഗ്യാലറിയിൽ ഇരുന്ന് കളികാണാൻ 100, ഗ്യാലറി സീസൺ ടിക്കറ്റ് 1000, കസേര 250, കസേര സീസൺ 2500, വി ഐ പി ടിക്കറ്റ് 1000, വി ഐ പി സീസൺ 10,000, വി വി ഐ പി സീസൺ ടിക്കറ്റ് മൂന്ന് പേർക്ക് 25,000 എന്നിങ്ങനെയാണ് പയ്യനാട് സ്‌റ്റേഡിയത്തിലെ ടിക്കറ്റ് നിരക്കുകൾ.