ബ്രസീലും അർജന്‍റീനയും മാത്രമല്ല, ഉറുഗ്വക്ക് വരെ ഫാൻസ്, പള്ളിമുക്ക് വേറെ ലെവല്‍!

By Web Team  |  First Published Nov 18, 2022, 3:29 PM IST

 ഖത്തർ ലോകകപ്പിന് വരവേറ്റ് ഇഷ്ട ടീമുകൾക്ക് വേണ്ടി ഫ്‌ളക്സുകൾ തൂക്കുമ്പോൾ പള്ളിമുക്ക് വേറെ ലെവലാകുകയാണ്. 



മലപ്പുറം: ഫുട്‌ബോൾ ആരാധകരുടെ ഇഷ്ട ടീമായ ബ്രസീലും അർജന്‍റീനയും മാത്രമല്ല, ഉറുഗ്വയ്ക്ക് വരെ ഫാൻസുണ്ട് മലപ്പുറം പൂക്കോട്ടൂരിലെ പള്ളിമുക്കിൽ. ഖത്തർ ലോകകപ്പിന് വരവേറ്റ് ഇഷ്ട ടീമുകൾക്ക് വേണ്ടി ഫ്‌ളക്സുകൾ തൂക്കുമ്പോൾ പള്ളിമുക്ക് വേറെ ലെവലാകുകയാണ്. പാടത്തിന്‍റെ ഓരത്ത് സ്ഥിതി ചെയ്യുന്ന നാടാണ് പൂക്കോട്ടൂർ പള്ളിമുക്ക്. പ്രകൃതി ഭംഗി കൊണ്ട് സമ്പന്നമാണ് ഇവിടം. ഫ്‌ളക്സുകളും കൊടികളും തോരണങ്ങളും കൂടി ആയതോടെ ഉത്സവ പ്രതീതിയാണ് പള്ളിമുക്കിൽ. പള്ളിമുക്ക് ന്യൂ സ്റ്റാർ ആർട്‌സ് ആൻഡ് സ്‌പോർട്‌സ് ക്ലബ്ബിന്‍റെ നേതൃത്വത്തിലാണ് ഇതെല്ലാം ഒരുക്കിയത്. 

ഫുട്ബാൾ ലോകകപ്പ് കാണാൻ ക്ലബ്ബിൽ വലിയ എൽ ഇ ഡി സ്‌ക്രീനും ഒരുക്കിയിട്ടുണ്ട്. പാടത്തിന് നടുവിലൂടെ കടന്നുപോകുന്ന റോഡിന് ഒരുവശത്ത് അർജൻറീന ആരാധകർ ടീമംഗങ്ങളുടെ കട്ടൗട്ടുകൾ സ്ഥാപിച്ചിട്ടുണ്ട്. മറുവശത്ത് ബ്രസീൽ ആരാധകരും കട്ടക്ക് പിന്നാലെയുണ്ട്. കട്ടൗട്ടുകൾ വെക്കാൻ ഇവരും മോശമല്ലെന്ന് തെളിയിച്ച് കഴിഞ്ഞു. റോഡിന് കുറുകെ നലീയും വെള്ളയും നിറത്തിലയുള്ള തോരണങ്ങൾ വേറെ. ഒപ്പം ബ്രസീൽ ആരാധകരുടെ വക മഞ്ഞയും പച്ചയും നിറത്തിലുള്ള തോരണങ്ങളും. മൊത്തത്തിൽ കളർ ഫുള്ളാണ് പള്ളിമുക്ക്. 

Latest Videos

ബ്രസീലിനും അർജൻറീനക്കും മാത്രമല്ല, സ്‌പെയിൻ, ഇംഗ്ലണ്ട്, ഫ്രാൻസ്, ഉറുഗ്വ എന്നീ ടിമുകളുടെ കൊടികളും ഫ്‌ളക്‌സുകളും ആരാധകർ സ്ഥാപിച്ചിട്ടുണ്ട്. വൈകുന്നേരങ്ങളിൽ ഫുട്‌ബോൾ ആരാധകർ തമ്മിലുള്ള വാക്ക്‌പോരും ഇവിടെ പതിവാണ്. ഖത്തറിൽ ആര് കപ്പുയർത്തിയാലും പള്ളിമുക്കുകാർ ന്യൂ സ്റ്റാർ ആർട്‌സ് ആൻഡ് സ്‌പോർട്ട്‌സ് ക്ലബിന്‍റെ കീഴിൽ ഒറ്റക്കെട്ടാണ് എന്നാണ് വസ്തുത. കഴിഞ്ഞ ദിവസമാണ് ക്ലബിന്‍റെ പുതിയ ടേമിലേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തത്. ക്ലബിൽ രജിസ്റ്റർ ചെയ്ത 195 അംഗങ്ങളെ ഉൾപ്പെടുത്തി ഓൺലൈൻ വോട്ടിങ്ങിലൂടെയാണ് ഭാരവാഹി തെരഞ്ഞെടുപ്പ് നടന്നത്. വിവിധ സ്ഥാനങ്ങളിലേക്ക് മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ പേര് വിവരങ്ങൾ ഉൾപ്പെടുത്തി പ്രത്യേകം തയ്യാറാക്കിയ ഇ-ബാലറ്റ് ഗൂഗിൾ ഫോം മെമ്പർമാർക്ക് ഇമെയിൽ ചെയ്തായിരുന്നു വോട്ടെടുപ്പ് നടന്നത്. ഈ തീരുമാനത്തിലൂടെ ക്ലബിൽ രജിസ്റ്റർ ചെയ്ത പ്രവാസികൾക്കും വോട്ട് ചെയ്യാൻ അവസരമുണ്ടായെന്നതും ഏറെ ശ്രദ്ധിക്കപ്പെട്ടു. 

നിലവിലെ എക്‌സിക്യൂട്ടീവ് അംഗങ്ങൾ നിർദ്ദേശിച്ച മൂന്ന് പേരാണ് വിവിധ സ്ഥാനങ്ങളിലേക്ക് മത്സരിച്ചത്. രാവിലെ പത്ത് മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകീട്ട് ഏഴോടെ അവസാനിച്ചു. ക്ലബ് സീനിയർ എക്‌സിക്യൂട്ടീവ് അംഗം റബീർ മാനു തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. പ്രസിഡന്‍റായി ഫൈഹാൻ,  സെക്രട്ടറിയായി ശാക്കിർ ട്രഷററായി സാബിത് എന്നിവരെ തെരഞ്ഞെടുത്തു. 
 

click me!