ഖത്തറിലെ കലാശപ്പോരില്‍ നിലവിലെ ജേതാക്കളായ ഫ്രാന്‍സും മുന്‍ ചാമ്പ്യന്‍മാരായ അര്‍ജന്‍റീനയുമാണ് മുഖാമുഖം വന്നത്
ദോഹ: ലാറ്റിനമേരിക്കയുടെ സൗന്ദര്യാത്മക ഫുട്ബോളും യൂറോപ്പിന്‍റെ സാങ്കേതിക ഫുട്ബോളും തമ്മിലുള്ള വടംവലി കഴിഞ്ഞ കുറച്ച് ഫിഫ ലോകകപ്പുകളായി സജീവ ചര്‍ച്ചാ വിഷയമാണ്. ലാറ്റിനമേരിക്കന്‍ ഫുട്ബോള്‍ എന്നത് വെറുമൊരു മിത്താണെന്നും അവസാനിച്ച കാവ്യമാണെന്നും വിലയിരുത്തുന്നവരേറെ. മറുവശത്ത് യൂറോപ്യന്‍ ഫുട്ബോള്‍ 2002ലെ ബ്രസീലിന്‍റെ വിജയത്തിന് ശേഷം ലോകം കീഴടക്കുന്നതിന് ഏവരും സാക്ഷിയായി. 2006ല്‍ ഇറ്റലിയും 2010ല്‍ സ്‌പെയിനും 2014ല്‍ ജര്‍മനിയും 2018ല്‍ ഫ്രാന്‍സുമായിരുന്നു ജേതാക്കള്‍. ഖത്തര്‍ ലോകകപ്പിന് ടീമുകള്‍ പറന്നിറങ്ങുമ്പോഴും ലാറ്റിനമേരിക്കന്‍-യൂറോപ്യന്‍ ചര്‍ച്ചയായിരുന്നു പ്രധാന വിഷയം. ലിയോണല്‍ മെസിയുടെ ഭാഗ്യക്കാലുകളുകളില്‍ അര്‍ജന്‍റീന കപ്പുയര്‍ത്തിയപ്പോള്‍ ലാറ്റിനമേരിക്കന്‍ ഫുട്ബോളിന്‍റെ ഉയര്‍ത്തെഴുന്നേല്‍പ്പായാണ് പലരും വിശ്വസിക്കുന്നത്.
പാസ് കൊണ്ട് കാര്യമില്ല!
undefined
ഖത്തറില്‍ നിലവിലെ ജേതാക്കളായ ഫ്രാന്‍സും മുന്‍ ചാമ്പ്യന്‍മാരായ അര്‍ജന്‍റീനയുമാണ് കലാശപ്പോരില്‍ മുഖാമുഖം വന്നത്. ലോകകപ്പിലെ ഫേവറേറ്റുകളിലൊന്നായ ബ്രസീല്‍ നേരത്തെ തന്നെ ടൂര്‍ണമെന്‍റില്‍ നിന്ന് മടങ്ങിയെങ്കിലും കലാശപ്പോരില്‍ അര്‍ജന്‍റീന വിജയിച്ച് ലാറ്റിനമേരിക്കയുടെ പുതുയുഗപ്പിറവി കൊതിച്ചവരേറെ. അര്‍ജന്‍റീന കപ്പുയര്‍ത്തിയതിന് ശേഷമുള്ള ഫിഫ റാങ്കിംഗിലും തെളിയുന്നത് ലാറ്റിനമേരിക്കന്‍ കരുത്താണ്. ഫിഫ ഏറ്റവും ഒടുവിലായി പുറത്തുവിട്ട പുരുഷ ടീം റാങ്കിംഗില്‍ ബ്രസീല്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ ഖത്തറിലെ ചാമ്പ്യന്‍മാരായ അര്‍ജന്‍റീനയാണ് രണ്ടാമത്. ഷൂട്ടൗട്ടിലാണ് കപ്പുയര്‍ത്തിയത് എന്നതാണ് പട്ടികയില്‍ തലപ്പത്തെത്താനുള്ള അവസരം അര്‍ജന്‍റീനയ്ക്ക് ഇല്ലാതാക്കിയത്. ഫൈനലിസ്റ്റുകളായ ഫ്രാന്‍സ് മൂന്നും അട്ടിമറികളില്‍ പുറത്തായ ബെല്‍ജിയം നാലും ഇംഗ്ലണ്ട് അഞ്ചും സ്ഥാനങ്ങളില്‍ നില്‍ക്കുന്നു.
എംബാപ്പെയ്‌ക്കും മറുപടി
ലാറ്റിനമേരിക്കന്‍ ഫുട്ബോളിലെ നിസ്സാരവല്‍ക്കരിച്ച് ഫ്രഞ്ച് വിസ്‌മയം കിലിയന്‍ എംബാപ്പെ നേരത്തെ രംഗത്തുവന്നത് വലിയ ചര്‍ച്ചയായിരുന്നു. ദക്ഷിണ അമേരിക്കൻ ഫുട്‌ബോളിനേക്കാൾ യൂറോപ്യൻ ഫുട്‌ബോളാണ് കൂടുതല്‍ മികച്ചതെന്ന പരാമര്‍ശമായിരുന്നു എംബാപ്പെയുടെ ഭാഗത്തുനിന്നുണ്ടായത്. നേഷൻസ് ലീഗ് പോലുള്ള ഉയർന്ന തലത്തിലുള്ള മത്സരങ്ങൾ ഉപയോഗിച്ച് പരസ്പരം കളിക്കുന്നു എന്നതാണ് യൂറോപ്പിനുള്ള നേട്ടമെന്ന് എംബാപ്പെ പറഞ്ഞിരുന്നു. ദക്ഷിണ അമേരിക്കയ്ക്ക് യൂറോപ്പിന്‍റേത് പോലെ നിലവാരമില്ല. അവിടെ യൂറോപ്പിലേതുപോലെ ഫുട്ബോൾ അത്ര പുരോഗമിച്ചിട്ടില്ല. അതുകൊണ്ടാണ് കഴിഞ്ഞ ലോകകപ്പുകളിൽ എല്ലാം യൂറോപ്യന്‍ ടീമുകള്‍ വിജയിച്ചതെന്നും എംബാപ്പെ അന്ന് വ്യക്തമാക്കി. എന്നാല്‍ ഖത്തറിലെ ഫിനിഷിംഗ് പോയിന്‍റില്‍ യൂറോപ്പിന്‍റെ ടെക്‌നിക്കല്‍ ഫുട്ബോളിന് പിഴയ്ക്കുന്നത് ലോകം കണ്ടു. അപ്പോള്‍ ഒരുവശത്ത് കണ്ണീരോടെ എംബാപ്പെയുണ്ടായിരുന്നു. മാത്രമല്ല, ആഫ്രിക്കന്‍, ഏഷ്യന്‍ ടീമുകള്‍ യൂറോപ്പിന്‍റെ ടെക്‌നിക്കല്‍ ഫുട്ബോളിന് അനായാസം കയ്യാമം വെക്കുന്നതും ഖത്തറില്‍ കണ്ടു. വെറും പാസ് കൊണ്ട് കാര്യമില്ലെന്ന് സ്‌പെയിന് ബോധ്യപ്പെട്ട ലോകകപ്പ് കൂടിയാണിത്.
ലിയോണൽ മെസിയും ബ്രസീലിന്റെ ഡാനി ആൽവസും അടക്കമുള്ള ലാറ്റിനമേരിക്കൻ താരങ്ങൾ എംബാപ്പെയുടെ പ്രസ്താവനക്കെതിരെ രംഗത്ത് വരികയും ചെയ്തിരുന്നു. ലോകകപ്പ് ഫൈനലിന് മുമ്പ് ഈ വിഷയം ഉയർത്തി എമിലിയാനോ മാർട്ടിനസും എംബാപ്പെയെ വിമർശിച്ചിരുന്നു. ഖത്തറില്‍ ലോകകപ്പ് നേടിയ ശേഷമുള്ള എമി മാര്‍ട്ടിനസിന്‍റെ അമിതാഘോഷം എംബാപ്പെയ്ക്കുള്ള മറുപടിയാണ് എന്ന വിലയിരുത്തലുകള്‍ ശക്തമാണ്.
പുതിയ ഫിഫ റാങ്കിംഗ്
1. ബ്രസീല്‍
2. അര്‍ജന്‍റീന
3. ഫ്രാന്‍സ്
4. ബെല്‍ജിയം
5. ഇംഗ്ലണ്ട്
6. നെതര്‍ലന്‍ഡ്‌സ്
7. ക്രൊയേഷ്യ
8. ഇറ്റലി
9. പോര്‍ച്ചുഗല്‍
10. സ്‌പെയിന്‍
11. മൊറോക്കോ
12. സ്വിറ്റ്‌സര്‍ലന്‍ഡ്
13. യുഎസ്‌എ
14. ജര്‍മനി
15. മെക്‌സിക്കോ
16. ഉറുഗ്വോ
17. കൊളംബിയ
18. ഡെന്‍മാര്‍ക്ക്
19. സെനഗല്‍
20. ജപ്പാന്‍
കലിപ്പ് തീരണില്ലല്ലോ! എംബാപ്പെയെ വിടാതെ എമി; ആഘോഷിക്കുമ്പോഴും ഫ്രഞ്ച് താരത്തിന് പരിഹാസം