ക്ലാസിലെ അച്ചടക്കമുള്ള ഒന്നാം റാങ്കുകാരനിൽ നിന്ന് ഉശിരൻ നായകനായ മെസി; 'ആട്' ആര് എന്ന് ചോദ്യത്തിന് ഉത്തരമിതാ..

By Vandana PR  |  First Published Dec 20, 2022, 4:08 PM IST

വീറും വാശിയും നിറഞ്ഞ ഫുട്ബോൾ മത്സര ലോകത്തിൽ നിന്ന് സ്വന്തമാക്കിയ അതുല്യമായ കിരീടനേട്ടങ്ങൾക്കെല്ലാം മകുടം ചാർത്തിക്കൊണ്ട് മെസ്സി, ലോകഫുട്ബോളിലെ ഏറ്റവും മഹാൻ ആരെന്ന ചോദ്യത്തിനുത്തരമായി നിൽക്കുന്നു


ലിയോണൽ മെസ്സി ഇപ്പോൾ സ്വസ്ഥനാണ്. കാൽപന്തുകളി ജനിതകഘടനയിൽ ചേർന്നിട്ടുള്ള മാതൃരാജ്യത്തിന് 36 വർഷത്തെ കാത്തിരിപ്പിന് ശേഷം ലോകകപ്പ് നേടിക്കൊടുത്ത് മെസ്സി തന്റെ ദൗത്യം പൂർത്തിയാക്കിയിരിക്കുന്നു. ലോകകപ്പ് വേദികളിൽ പതിനാറ് വർഷം മുമ്പ് തുടങ്ങിയ സ്വപ്നയാത്രയുടെ വിരാമവേദിയെന്ന് പ്രഖ്യാപിച്ച ലൂസെൈൽ കലാശപ്പോരാട്ടത്തിൽ കിരീടം കയ്യിലേന്തി മെസ്സി സ്വപ്നം സാക്ഷാത്കരിച്ചിരിക്കുന്നു. കോപ്പ അമേരിക്ക കിരീടം, ഏഴ് ബാലൻ ഡി ഓർ, നാല് ചാമ്പ്യൻസ് ലീഗ്, ബാഴ്സലോണക്കൊപ്പം പത്തും പിഎസ്ജിക്കൊപ്പം ഒന്നും ലീഗ് കിരീടം.

വീറും വാശിയും നിറഞ്ഞ ഫുട്ബോൾ മത്സര ലോകത്തിൽ നിന്ന് സ്വന്തമാക്കിയ അതുല്യമായ കിരീടനേട്ടങ്ങൾക്കെല്ലാം മകുടം ചാർത്തിക്കൊണ്ട് മെസ്സി, ലോകഫുട്ബോളിലെ ഏറ്റവും മഹാൻ ആരെന്ന ചോദ്യത്തിനുത്തരമായി നിൽക്കുന്നു. പെലെ, മറഡോണ തുടങ്ങിയ ഇതിഹാസങ്ങളേക്കാൾ മേലെയല്ല എന്നൊരു വിഭാഗം വാദിച്ചേക്കാം. പക്ഷേ അവരും ഒരു കാര്യം ഇനി സമ്മതിക്കും. ക്ലബ് മത്സരങ്ങളിൽ മാത്രമല്ല മെസ്സി പോരാടിയതെന്ന്, മെസ്സി ഗോളടിക്കുക മാത്രമല്ല ഗോളടിപ്പിക്കുകയും ചെയ്യുമെന്ന്, മെസ്സി ഒറ്റയാൾ പട്ടാളമല്ല നായകനാണെന്ന്. കാരണം ഖത്തർ കണ്ടത് മെസ്സിയുടെ ബഹുമുഖമാണ്. 

Latest Videos

undefined

കാൽപന്തുകളി വിശ്വാസവും മതവും ദൈവവും ഒക്കെയായി രൂപാന്തരം ചെയ്യപ്പെടുന്ന  അ‌ർജന്റീനയിൽ ജനിച്ച്, മുത്തശ്ശി സീലിയയുടെ കയ്യിൽ പിടിച്ച് അക്കാദമികളിലേക്ക് നടന്ന്, ഉയരക്കുറവിനിടയിലും ഫുട്ബോൾ കളിക്കാൻ കുറവുകളിലാതെ മിടുക്ക് കാട്ടിയ കുഞ്ഞ് മെസ്സി. പ്രതിഭയെ തിരിച്ചറിഞ്ഞ്, ഒപ്പം നിൽക്കാനും വളർച്ചാ ഹോർമോണുകളുടെ കുറവ് പരിഹരിക്കാനുള്ള ചികിത്സാച്ചെലവിനും വാഗ്ദാനം നൽകിയ ബാഴ്സലോണയിലേക്കുള്ള കൂടുമാറ്റം, ബാഴ്സലോണക്കൊപ്പം വളർന്നു മെസ്സി. നേട്ടങ്ങളിൽ നിന്ന് നേട്ടങ്ങളിലേക്ക് പന്തുതട്ടിക്കളിച്ചു. 
2006ൽ ആണ് ആദ്യമായി ലോകകപ്പ് വേദിയിലെത്തുന്നത്. അന്നത്തെ സെർബിയ മോണ്ടനെഗ്രോക്ക് എതിരെ അർജന്റീന നേടിയ 6-0ന്റെ വിജയത്തിൽ പകരക്കാരനായി ഇറങ്ങിയ മെസ്സിയുടെയും സംഭാവനയുണ്ട്. ഒരു ഗോളും ഒരു അസിസ്റ്റും. 

അന്നു തൊട്ട്  2010, 2014, 2018 തുടങ്ങി ഇക്കുറി 2022 ലെ വരെ ലോകകപ്പ് വേദികളിൽ അർജന്റീനയുടെ ലോകകപ്പ് സ്വപ്നത്തിനൊപ്പം മെസ്സിയുണ്ടായിരുന്നു. 2014ൽ കലാശപ്പോരാട്ടത്തിൽ ഒരൊറ്റ ഗോളിന് ജർമനി സ്വപ്നം തക‍ർത്തപ്പോൾ വിതുമ്പിയ മെസ്സിക്കൊപ്പം ലോകവും വിതുമ്പി. ഇന്നിപ്പോൾ കാത്ത് കാത്തിരുന്ന് കിരീടം കയ്യിലേന്തിയപ്പോൾ നിറഞ്ഞ കണ്ണുകലോടെ മനസ്സ് നിരഞ്ഞ് ചിരിക്കുന്ന മെസ്സിക്കൊപ്പം ലോകവും ചിരിക്കുന്നു. കാരണം അതത്രമേൽ അയാൾ അർഹിക്കുന്നുണ്ട്. ലോകകപ്പ് എന്ന വിശ്വകിരീടവുമായി മെസ്സി തന്റെ നേട്ടങ്ങളുടെ പട്ടിക സമ്പൂർണമാക്കണമെന്ന് ലോകം തന്നെയും ആഗ്രഹിച്ചിരുന്നു. അത് അയാളുടെ പ്രതിഭയും അധ്വാനവും അംഗീകരിച്ചായിരുന്നു. കളിക്കാരനിൽ നിന്ന് നായകനായുള്ള വളർച്ച മാനിച്ചായിരുന്നു. 

ലോകപ്പിൽ മികച്ച കളിക്കാരനുള്ള സുവർണ പന്ത് രണ്ടുവട്ടം, ഏറ്റവും കൂടുതൽ ലോകകപ്പ് മത്സരങ്ങൾ കളിക്കുക, ഒരു ലോകകപ്പിൽ എല്ലാ ഘട്ടങ്ങളിലും ഗോളടിക്കുക, ഏറ്റവും കൂടുതൽ ഗോളടിക്കുക, മെസ്സിയുടെ നേട്ടങ്ങൾക്ക് ലോകകപ്പ് എന്ന വിശ്വവേദിയിൽ ചാരുതയേറുന്നു.  ക്ലബ് മത്സരങ്ങളിലെ ആവേശം നാടിനു വേണ്ടി പോരിനിരങ്ങുമ്പോൾ കാണിക്കുന്നില്ലേ എന്ന, ആദ്യഘട്ടത്തിലുയ‍ർന്ന  വിമർശകരുടെയെല്ലാം സംശയങ്ങൾക്ക് കാലം നൽകിയ ഉശിരൻ മറുപടി. 

2016ലെ കോപ്പ അമേരിക്ക തോൽവിയിൽ മനംനൊന്ത് മെസ്സി ഇനി അന്താരാഷ്ട്ര മത്സരങ്ങൾക്കില്ലെന്ന് പ്രഖ്യാപിച്ചത് നാടിനു വേണ്ടിയൊരു കിരീടം കയ്യെത്തിപ്പിടിക്കാൻ കഴിയാത്ത നിരാശയിലായിരുന്നു. അവിടെ നിന്ന് അയാൾ തിരിച്ചെത്തിയത് ആ കിരീടം എന്നത് അയാളുടെ കൂടി ഉത്തരവാദിത്തമാണെന്ന ബോധ്യത്തിലാണ്. 2018 ലോകകപ്പിലെ നിരാശ പിന്നെയും ഊർജം കളഞ്ഞു. പക്ഷേ പിന്നാലെയെത്തിയ സ്കലോണി എന്ന പുതിയ പരിശീലകൻ കളം മാറ്റിക്കളഞ്ഞു. ആ മാറ്റം മെസ്സിക്ക് മാത്രമല്ല, ടീമിനാകെയും പുത്തൻ ഉണർവ് പകർന്നു. നിരാശയുടെ ഇരുളിച്ചയെ മാറ്റി ചങ്ങാത്തത്തിന്റേയും ഒന്നിച്ചുള്ള പോരാട്ടത്തിന്റെയും ടീം സ്പിരിറ്റിന്റെ വെട്ടം പകർന്നാണ് സ്കലോണി തുടങ്ങിയത്. തന്നെ ഗുരുവായും വഴികാട്ടിയായും മാതൃകയായും ഒക്കെ കാണുന്ന പുതിയ പിള്ളേർ മെസ്സിക്ക് നല്ല സ്നേഹിതരായി. ശിഷ്യരും. 

ബാഴ്സലോണയിലെ അനിശ്ചിതാവസ്ഥയിൽ ഉഴലിയ മെസ്സിക്ക് ദേശീയ ടീം ക്യാമ്പ് പുത്തൻ ഊ‌ർജം നൽകി. ജന്മനാടിന്റെ വീര്യം അയാളിൽ ഉത്തരവാദിത്തം എന്ന കടമയേക്കാളും വികാരമായി പെയ്തിറങ്ങി. 2019ലെ കോപ്പ അമേരിക്ക ടൂർണമെന്റിൽ വെനസ്വേലക്ക് എതിരായ ക്വാർട്ടറിൽ കളിക്കാനിറങ്ങുമ്പോൾ മെസ്സി ഇതാദ്യമായി ദേശീയ ഗാനം പാടി. റഫറിമാർ നീതിയുക്തമായല്ല തീരുമാനം എടുക്കുന്നത് എന്ന് തോന്നുമ്പോൾ, കൂടെയുള്ള കളിക്കാരോട് എതിർ ടീം മര്യാദ കാണിക്കുന്നില്ല എന്നു തോന്നുമ്പോഴെല്ലാം മെസ്സി എന്ന നായകനുണർന്നു. അതും ഈ പുത്തൻ മെസ്സിയിലാണ് കണ്ടുതുടങ്ങിയത്. ടീമിലെ ഒറ്റയാൾ പോരാളിയിൽ നിന്ന് നായകനായി മാറിയ മെസ്സിയിൽ. 

അക്കൊല്ലം സെമിയിൽ ബ്രസീലിനോട് തോറ്റപ്പോൾ. റഫറിയിങ്ങിനെ അന്നത്തെ ബ്രസീൽ പ്രസിഡന്റ് ബോൽസൊണാറോ രാഷ്ട്രീയമായി ഉപയോഗിച്ചു എന്ന് തോന്നിയപ്പോൾ പരസ്യമായി മെസ്സി പ്രതികരിച്ചു. ശിക്ഷയെ കുറിച്ച് ആലോചിക്കാതെ തന്നെ. മൂന്നാംസ്ഥാനക്കാരുടെ മത്സരത്തിൽ കയ്യാങ്കളിക്ക് ചുവപ്പുകാർഡ് വാങ്ങി പുറത്തേക്ക് പോയി. 14 വർഷത്തെ ദേശീയ ജഴ്സിയണിഞ്ഞുള്ള കളിക്കിടെ രണ്ടാമത്തെ മാത്രം ചുവപ്പുകാർഡ്. നല്ല കുട്ടിയായി മാറി നടക്കുന്ന ക്ലാസിലെ ഒന്നാം റാങ്കുകാരനിൽ നിന്ന് ശരിയായ ക്ലാസ് ലീഡറായുള്ള മാറ്റം മെസ്സിയിൽ കണ്ടു. ടീം എന്ന നിലയിൽ ഒത്തൊരുമ കൂടി. ഖത്തറിലും അതേ ക്യാപ്റ്റനെ കണ്ടു. വാൻഗാലിന് മറുപടി കൊടുത്തപ്പോൾ, റഫറിമാരോട് ന്യായം പറയുമ്പോൾ.

സ്പാനിഷ് ക്ലബ് ഫുട്ബോളിന്റെ അച്ചടക്കമര്യാദകൾ പാലിച്ച കളിക്കാരനായിരുന്നു മെസ്സി. അതിവികാരപ്രകടനം പതിവില്ല. ശാന്തമായി, നിശബ്ദമായി തന്റെ ജോലി ചെയ്യുക. ആ മെസ്സിയിൽ നിന്നാണ് തനി അർജന്റീനക്കാരനായി സ്കലോണിയിലൂടെ മെസ്സി മാറിയത്. റൊസാരിയോയിലെ മാന്ത്രികൻ അർജന്റീനയുടെ യഥാർത്ഥ മിശിഹയാകുന്നത് അങ്ങനെയാണ്. വിളിപ്പേരിനപ്പുറം തർക്കങ്ങൾക്കപ്പുറം മെസ്സി സമ്പൂർണനായത് ആ വഴി തന്നെ. മെസ്സിക്കൊരു കപ്പ് എന്ന് ആ ടീം മുഴുവൻ ആഗ്രഹിച്ചത് അങ്ങനെയാണ്.  ലോകമെമ്പാടുമുള്ള ആരാധകർ മെസ്സിക്കായി പ്രാർത്ഥിച്ചത് അതുകൊണ്ടാണ്. കളിക്കളത്തിന് പുറത്ത് നല്ല മകനും നല്ല ഭർത്താവും നല്ല അച്ഛനും ആയ, വരുമാനത്തിലൊരു നല്ല പങ്ക് സന്നദ്ധസേവനരംഗത്തിനായി നൽകിയ മെസ്സിയെ ലോകം തന്നെയും സ്നേഹിച്ചിരുന്നു. 
 

മെസ്സി പ്രിയ മെസ്സി... നിങ്ങളുടെ സ്വപ്നസാഫല്യത്തിന്‍റെ ആഹ്ലാദം ഞങ്ങളിൽ അലയടിച്ചു കൊണ്ടേയിരിക്കുന്നു. വരാനിരിക്കുന്ന പുതിയ താരങ്ങൾ, തിരുത്തപ്പെടാനുള്ള റെക്കോർഡുകൾ, പുതിയ സുവർണമുഹൂർത്തങ്ങൾ എല്ലാം പ്രിയ മെസ്സി, നിങ്ങളുടെ പിൻഗാമികളാണ്. കാരണം പ്രിയ മെസ്സി, നിങ്ങൾ ലാറ്റിനമേരിക്കൻ കാൽപന്തുകളിയുടെ കാൽപ്പനികതയുടെയും സൗന്ദര്യത്തിന്‍റേയും വികാരതീവ്രതയുടേയും സിദ്ധിയുടേയും മിശിഹയാണ്. മാന്ത്രികനാണ്. 

അർജന്റീന താരങ്ങൾ ഓപ്പൺ ബസിൽ സഞ്ചരിക്കുന്നതിനിടെ കുറുകെ കേബിൾ; ആഘോഷത്തിനിടെ ഒഴിവായത് വൻ അപകടം

click me!