നിലവിലെ ചാംപ്യന്‍മാരായ ഫ്രാന്‍സ്, ലിയോണല്‍ മെസിയുടെ അര്‍ജന്റീന, മുന്‍ ചാംപ്യന്‍മാരായ ജര്‍മ്മനിയും ഇംഗ്ലണ്ടും കെവിന്‍ ഡിബ്രൂയിന്റെ ബെല്‍ജിയം എന്നിവര്‍ കിരീടപ്പോരില്‍ ബ്രസീലിന് വെല്ലുവിളിയാവുമെന്നാണ് നെയ്മര്‍ കരുതുന്നത്.
ബ്രസീലിയ: ഖത്തര്‍ ലോകകപ്പില്‍ ബ്രസീലിന്റെ പ്രധാന എതിരാളികള്‍ ആരൊക്കെയെന്ന് വെളിപ്പെടുത്തി സൂപ്പര്‍ താരം നെയ്മര്‍. ഈമാസം 24ന് സെര്‍ബിയക്ക് എതിരെയാണ് ബ്രസീലിന്റെ ആദ്യ മത്സരം. ആറാം കിരീടം ലക്ഷ്യമിട്ട് ഖത്തറില്‍ എത്തുന്ന ബ്രസീല്‍ ഇത്തവണയും കിരീടസാധ്യതയില്‍ മുന്നിലുണ്ട്. ഫിഫ റാങ്കിലെ ഒന്നാം സ്ഥാനം. യോഗ്യതാ റൗണ്ടിലെ അപരാജിത കുതിപ്പ്. ഉഗ്രന്‍ ഫോമിലുള്ള നെയ്മര്‍ ജൂനിയര്‍. മികച്ച യുവതാരങ്ങള്‍ തുടങ്ങിയ ഘടകങ്ങളാണ് ബ്രസീലിന്റെ സാധ്യതവര്‍ധിപ്പിക്കുന്നത്.
ഇതിനിടെ ഖത്തറില്‍ ബ്രസീലിന് വെല്ലുവിളി ഉയര്‍ത്തുന്ന അഞ്ച് ടീമുകള്‍ എതൊക്കെയെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നെയ്മര്‍. നിലവിലെ ചാംപ്യന്‍മാരായ ഫ്രാന്‍സ്, ലിയോണല്‍ മെസിയുടെ അര്‍ജന്റീന, മുന്‍ ചാംപ്യന്‍മാരായ ജര്‍മ്മനിയും ഇംഗ്ലണ്ടും കെവിന്‍ ഡിബ്രൂയിന്റെ ബെല്‍ജിയം എന്നിവര്‍ കിരീടപ്പോരില്‍ ബ്രസീലിന് വെല്ലുവിളിയാവുമെന്നാണ് നെയ്മര്‍ കരുതുന്നത്. 2018ലെ റഷ്യന്‍ ലോകകപ്പില്‍ ബെല്‍ജിയമാണ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ബ്രസീലിന്റെ വഴിമുടക്കിയത്.
ഏഷ്യ ആദ്യമായി വേദിയായ 2002ലെ ലോകകപ്പിലാണ് ബ്രസീല്‍ അവസാനമായി കിരീടം നേടിയത്. രണ്ടുപതിറ്റാണ്ടിനിപ്പുറം ഏഷ്യ മറ്റൊരു ലോകകപ്പിന് വേദിയാവുമ്പോള്‍ കിരീടമുയര്‍ത്താമെന്ന പ്രതീക്ഷയിലാണ് ബ്രസീലും ആരാധകരും. സെര്‍ബിയ, കാമറൂണ്‍, സ്വിറ്റ്‌സര്‍ലന്‍ഡ് എന്നിവരാണ് ഖത്തര്‍ ലോകകപ്പില്‍ ബ്രസീലിന്റെ ഗ്രൂപ്പ് ഘട്ട എതിരാളികള്‍.
ഖത്തറിലേക്കുള്ള ബ്രസീലിയന്‍ ടീമിനെ അല്‍പം മുമ്പ് പ്രഖ്യാപിച്ചിരുന്നു. പരിക്കേറ്റ് ഫിലിപെ കുടീഞ്ഞോയെ ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. നെയ്മര്‍, ്‌വിനീഷ്യസ് ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ടീമിലുണ്ട്.
ഗോള്‍ കീപ്പര്‍മാര്‍- അലിസണ്‍ ബെക്കര്‍, എഡേഴ്‌സന്‍, വെവെര്‍ട്ടന്‍. പ്രതിരോധനിര- ഡാനിലോ, ഡാനി ആല്‍വസ്, അലക്‌സാന്‍ഡ്രോ, അലക്‌സ് ടെല്ലസ്, തിയാഗോ സില്‍വ, മിലിറ്റാവോ, മര്‍ക്വിഞ്ഞോസ്. മധ്യനിര- ബ്രമര്‍, കാസിമിറോ, ലൂക്കാസ് പക്വേറ്റ, റിബെയ്‌റോ, ഗ്വിമറെസ്, ഫ്രഡ്, ഫാബിഞ്ഞോ. മുന്നേറ്റം- നെയ്മര്‍, ഗബ്രിയേല്‍ ജീസസ്, വിനീഷ്യസ് ജൂനിയര്‍, റോഡ്രിഗോ, റഫീഞ്ഞ, ആന്റണി, റിച്ചാര്‍ലിസന്‍, മാര്‍ട്ടിനെല്ലി, പെഡ്രോ.