10-ാം നമ്പര്‍ നല്‍കാമെന്ന് നെയ്മര്‍, നിരസിച്ച് മെസി; പിഎ‌സ്‌ജിയിലെ മെസിയുടെ ജേഴ്സി നമ്പറില്‍ ആകാംക്ഷ

By Web Team  |  First Published Aug 10, 2021, 10:32 PM IST

ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരെല്ലാം ധരിച്ച് ദിവ്യത്വം  ലഭിച്ച പത്താം നമ്പര്‍ ജേഴ്സി മെസ്സിക്ക് നല്‍കാന്‍ നെയ്മര്‍ തയാറായിരുന്നുവെന്നും എന്നാല്‍ മെസി അത് നിരസിച്ചുവെന്നും സ്പാനിഷ് പത്രമായ മാര്‍ക്ക റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതുകൊണ്ടുതന്നെ പി എസ് ജിയിലെ മെസിയുടെ ജേഴ്സി നമ്പറിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍.


പാരീസ്: ബാഴ്സലോണക്കും അര്‍ജന്‍റീനക്കുമായി പത്താം നമ്പര്‍സ ജേഴ്സിയില്‍ തിളങ്ങിയിട്ടുള്ള ലിയോണല്‍ മെസി പി എസ് ജിയിലെത്തുമ്പോള്‍ ജേഴ്സി നമ്പര്‍ എത്രയായിരിക്കുമെന്ന ആകാംക്ഷയിലാണ് ആരാധകര്‍. ബാഴ്സക്കായി 17 സീസണുകളില്‍ കളിച്ച മെസ്സി പത്താം നമ്പര്‍ ജേഴ്സിയിലാണ് ഏറ്റവും കൂടുതല്‍ തിളങ്ങിയത്. എന്നാല്‍ പി എസ് ജിയിലെത്തുമ്പോള്‍ പത്താം നമ്പര്‍ ജേഴ്സി നെയ്മര്‍ ജൂനിയര്‍ക്കാണ്.

ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരെല്ലാം ധരിച്ച് ദിവ്യത്വം ലഭിച്ച പത്താം നമ്പര്‍ ജേഴ്സി മെസ്സിക്ക് നല്‍കാന്‍ നെയ്മര്‍ തയാറായിരുന്നുവെന്നും എന്നാല്‍ മെസി അത് നിരസിച്ചുവെന്നും സ്പാനിഷ് പത്രമായ മാര്‍ക്ക റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതുകൊണ്ടുതന്നെ പി എസ് ജിയിലെ മെസിയുടെ ജേഴ്സി നമ്പറിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍.

Latest Videos

പി എസ് ജിയില്‍  മെസി 19 അല്ലെങ്കില്‍ 30

പി എസ് ജിയില്‍ പത്താം നമ്പര്‍ നെയ്മര്‍ക്കായതിനാല്‍ പത്തൊമ്പതാം നമ്പര്‍ ജേഴ്സിയോ 30-ം നമ്പര്‍ ജേഴ്സിയോ ആവും മെസിക്ക് തെരഞ്ഞെടുക്കുക എന്നും സൂചനയുണ്ട്. ഫ്രഞ്ച് ലീഗ് വണ്ണില്‍ 30-ാം നമ്പര്‍ ജേഴ്സി കൂടുതലും ഗോള്‍ കീപ്പര്‍മാരാണ് ധരിക്കാറുള്ളത്. എന്നാല്‍ ബാഴ്സയില്‍ പ്രഫഷണല്‍ കരിയര്‍ തുടങ്ങുമ്പോള്‍ മെസിയുടെ ജേഴ്സി നമ്പര്‍ 30 ആയിരുന്നു. ഫ്രാങ്ക് റെയ്ക്കാര്‍ഡിന്‍റെ കീഴില്‍ ബാഴ്സയുടെ സീനിയര്‍ ടീമിനായി കളിച്ച ആദ്യ മത്സരത്തിലാണ് മെസി 30-ാംനമ്പര്‍ ജേഴ്സി ധരിച്ചിറങ്ങിയത്. പിന്നീട് രണ്ട് സീസണുകളില്‍ മെസി 19-ാം നമ്പര്‍ ജേഴ്സി ധരിച്ചാണ് ബാഴ്സ കുപ്പായത്തില്‍ ഇറങ്ങിയത്. ഇതുതന്നെയാണ് പി എസ് ജിയില്‍ മെസി 19 അല്ലെങ്കില്‍ 30-ാം നമ്പര്‍ ജേഴ്സി തെരഞ്ഞെടുക്കുമെന്ന് പറയാനുള്ള കാരണം.

റൊണാള്‍ഡീഞ്ഞോയുടെ പിന്‍ഗാമിയായി 10ാം നമ്പറില്‍

പി എസ് ജിയിലേതുപോലെ മറ്റൊരു ബ്രസീല്‍ താരമായ റൊണാള്‍ഡീഞ്ഞോ ആയിരുന്നു ബാഴ്സയിലെ പത്താം നമ്പര്‍ ജേഴ്സിയുടെ അവകാശി. അപ്പോള്‍ തന്നെ ബാഴ്സയിലെ അത്ഭുത ബാലനായി വളര്‍ന്ന മെസി 2008ല്‍ റൊണാള്‍ഡീഞ്ഞോ എ സി മിലാനില്‍ ചേരാനായി ബാഴ്സ വിട്ടശേഷമാണ് പത്താം നമ്പര്‍ ജേഴ്സിയിലേക്ക് മാറിയത്. പിന്നീട് ബാഴ്സയുടെ പടിയറങ്ങുന്നതുവരെ ആ പത്താം നമ്പര്‍ മെസിക്ക് നഷ്ടമായിട്ടില്ല.

പത്താം നമ്പര്‍ ഒഴിച്ചിട്ട് ബാഴ്സ

മെസി ടീം വിട്ടതോടെ പത്താം നമ്പര്‍ ജേഴ്സിയും എന്നെന്നേക്കുമായി വിരമിക്കണമെന്ന ബാഴ്സ ആരാധകരുടെ ആവശ്യം ടീം മാനേജ്മെന്‍റ് അംഗീകരിച്ചിട്ടില്ലെങ്കിലും പുതിയ സീസണിലേക്കുള്ള കളിക്കാരുടെ സ്ക്വഡ് നമ്പര്‍ ബാഴ്സ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. എന്നാല്‍ ഇതില്‍ പത്താം നമ്പര്‍ ആര്‍ക്കും നല്‍കിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്. എങ്കിലും പത്താം നമ്പര്‍ ജേഴ്സി ബാഴ്സക്ക് അധികകാലം ഒഴിച്ചിടാനാവില്ല. കാരണം റോയല്‍ സ്പാനിഷ് ഫുട്ബോള്‍ ഫെഡറേഷന്‍റെ നിയമാവലി പ്രകാരം ഓരോ ടീമിലെയും 25 കളിക്കാര്‍ക്കും ഒന്നു മുതല്‍ 25വരെയുള്ള ജേഴ്സി നമ്പറാണ് അനുവദിക്കേണ്ടത്.

click me!