ലോകകപ്പിന്‍റെ കവർ ചിത്രം, നെയ്മറെ നൈസായി ഒഴിവാക്കിയോ! പോരടിച്ച് ആരാധകർ; മലയാളി പവറില്‍ ഞെട്ടി ഫിഫ

By Jomit Jose  |  First Published Nov 14, 2022, 6:15 PM IST

പരിഹാസങ്ങള്‍ കണ്ട് തലതാഴ്ത്തി മിണ്ടാതിരിക്കാന്‍ കാനറിപ്പട തയ്യാറല്ല. ഫിഫ നൈസായി ഒഴിവാക്കിയിട്ടില്ലെന്ന് ആക്ഷേപങ്ങള്‍ക്ക് മറുപടിയായി എഫ്ബിയിലെ മറ്റൊരു പോസ്റ്റ് ചൂണ്ടിക്കാട്ടി വാദിക്കുകയാണ് കാനറികളുടെയും സുല്‍ത്താന്‍റേയും ആരാധകർ. 


ദോഹ: ഖത്തറിന്‍റെ ആകാശത്തിന് കീഴെ ഫുട്ബോളിന്‍റെ വിശ്വ പോരാട്ടത്തിന് കിക്കോഫാകാന്‍ ആറ് ദിനങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്. ലോകകപ്പ് ആവേശം കൂട്ടാന്‍ ഓരോ ദിവസവും ചിത്രങ്ങളും ഗ്രാഫിക്സുകളും വീഡിയോകളും ഫിഫ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെക്കാറുണ്ട്. ഇവയില്‍ ഏറ്റവും ഒടുവിലായി ഫിഫ ഫേസ്‍ബുക്കില്‍ പോസ്റ്റ് ചെയ്ത കവർ ചിത്രം വലിയ ചർച്ചയ്ക്ക് വഴിതുറന്നിരിക്കുകയാണ്. സമകാലിക ഫുട്ബോള്‍ ഇതിഹാസമായിട്ടും ബ്രസീലിന്‍റെ സുല്‍ത്താന്‍ നെയ്മറുടെ ഫോട്ടോ ഈ ചിത്രത്തിലില്ല എന്നതാണ് പരിഭവവും ട്രോളും തിരിച്ചടികളുമായി ആരാധകരുടെ പോരിലെ പുതിയ പൂരമായിരിക്കുന്നത്. ഫിഫയുടെ കവർ ചിത്രത്തിന് കീഴെ കൂടുതല്‍ കമന്‍റുകളും മലയാളത്തിലാണ്.  

അർജന്‍റീനയുടെ മിശിഹാ ലിയോണല്‍ മെസി, പോർച്ചുഗലിന്‍റെ ഒരേയൊരു രാജാവ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ഫ്രാന്‍സിന്‍റെ യുവരാജ കിലിയന്‍ എംബാപ്പെ, പോളണ്ടിന്‍റെ സൂപ്പർ സ്ട്രൈക്കർ റോബർട്ട് ലെവന്‍ഡോവ്‍സ്‍കി എന്നിവരെ ഉള്‍പ്പെടുത്തിയാണ് ഫിഫ ലോകകപ്പിന്‍റെ എഫ്ബി പേജില്‍ പുതിയ കവർ ചിത്രം അപ്‍ലോഡ് ചെയ്തിരിക്കുന്നത്. ബ്രസീല്‍ ആരാധകർ സുല്‍ത്താനെന്ന് വാഴ്ത്തുമ്പോഴും നെയ്മറെ ഫിഫയ്ക്ക് പോലും വേണ്ടാ എന്ന പരിഹാസത്തോടെ അർജന്‍റീനയടക്കമുള്ള ടീമുകളുടെ ഫാന്‍സ് രംഗത്തെത്തിയതോടെയാണ് ഈ പോസ്റ്റിന് താഴെ കമന്‍റ് യുദ്ധം ആരംഭിച്ചത്. ബ്രസീലിനെ കിരീടം നേടാനുള്ള ടീമായി പോലും ഫിഫ കാണുന്നില്ല എന്ന് ഇക്കൂട്ടർ വാദിക്കുന്നു. നൈസായി ഒഴിവാക്കിയല്ലേ എന്ന് നെയ്മർ പരിതപിക്കുന്നതും നെയ്മറുടെ ചിത്രമില്ലാത്ത ഫിഫ ലോകകകപ്പ് ബഹിഷ്കരിക്കും എന്ന തരത്തിലുള്ള ട്രോളുകളും കവർ ചിത്രത്തിന് താഴെ കാണാം. ഫിഫയുടെ പോസ്റ്റില്‍ മലയാളി ആരാധകർ ആറാടുകയാണെന്ന് ചുരുക്കം. 

Latest Videos

എന്നാല്‍ പരിഹാസങ്ങള്‍ കണ്ട് തലതാഴ്ത്തി മിണ്ടാതിരിക്കാന്‍ കാനറിപ്പട തയ്യാറല്ല. ഫിഫ നൈസായി ഒഴിവാക്കിയിട്ടില്ലെന്ന് ആക്ഷേപങ്ങള്‍ക്ക് മറുപടിയായി എഫ്ബിയിലെ മറ്റൊരു പോസ്റ്റ് ചൂണ്ടിക്കാട്ടി വാദിക്കുകയാണ് കാനറികളുടെയും സുല്‍ത്താന്‍റേയും ആരാധകർ. ബ്രസീലിയന്‍ ഫുട്ബോളിനെ കുറിച്ച് ഫിഫ പ്രത്യേക പോസ്റ്റ് തന്നെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട് എന്നാണ് ഇവരുടെ പക്ഷം. ഇങ്ങനെയൊരു പോസ്റ്റ് എഫ്ബിയില്‍ ഉണ്ടുതാനും. ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ കിരീടം ചൂടിയ ടീമാണ് ബ്രസീല്‍ എന്നതാണ് ഫിഫയുടെ ഈ പോസ്റ്റിനാധാരം. നെയ്മർക്കൊപ്പം യുവ വിസ്മയം വിനീഷ്യസ് ജൂനിയറും കോച്ച് ടിറ്റെയും ഈ പോസ്റ്റിനൊപ്പമുള്ള ചിത്രത്തില്‍ കാണാം. എന്തായാലും മലയാളി ആരാധകരുടെ പവർ ഫിഫ ഒരിക്കല്‍ക്കൂടി അറിഞ്ഞിരിക്കുകയാണ്. നേരത്തെ പുള്ളാവൂരിലെ മെസി-നെയ്‍മർ-റോണോ കട്ടൗട്ടുകൾ ഫിഫ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചപ്പോള്‍ കേരളത്തിലെ ഫുട്ബോള്‍ കമ്പത്തെ വാഴ്ത്തിയിരുന്നു. 

മെസിയുടെ കളി കാണണം; സല്‍മാന്‍ കുറ്റിക്കോട് ലോകകപ്പിനായി ഖത്തറിലേക്ക്

 

click me!