ആ ചരിത്രവും ഖത്തറിന്റെ പേരിൽ തന്നെ കുറിക്കപ്പെട്ടു! ഫ്രാൻസും അർജന്റീനയും തന്നെ മുന്നിൽ, ആരും നിരാശരാക്കിയില്ല

By Web Team  |  First Published Dec 20, 2022, 11:38 AM IST

തുടർച്ചയായ രണ്ടാം ലോകകപ്പിലാണ് ഫൈനലിൽ ആറുഗോൾ പിറക്കുന്നത്. ഖത്തറിൽ ആകെ പിറന്നത് 172 ഗോളുകളാണ്. 1998, 2014 ലോകകപ്പുകളിൽ നേടിയ 171 ഗോളുകളുടെ റെക്കോർഡ് മറികടന്നു


ദോഹ: ഗോൾ വേട്ടയിൽ ചരിത്രം കുറിച്ചാണ് ഖത്തർ ലോകകപ്പ് അവസാനിച്ചത്. ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ പിറന്നത് ഇത്തവണയാണ്. ഫൈനലിലടക്കം ഖത്തറിൽ കണ്ടത് ഗോളടിമേളം തന്നെയായിരുന്നു. ഫ്രാൻസും അർജന്റീനയും മത്സരിച്ച് ഗോളടിച്ചപ്പോൾ 120 മിനിറ്റിനിടെ ആറ് തവണ പന്ത് വലയിലെത്തി. എന്നിട്ടും ജേതാക്കളെ നിശ്ചയിക്കാൻ ഷൂട്ടൗട്ട് വേണ്ടിവന്നു.

തുടർച്ചയായ രണ്ടാം ലോകകപ്പിലാണ് ഫൈനലിൽ ആറുഗോൾ പിറക്കുന്നത്. ഖത്തറിൽ ആകെ പിറന്നത് 172 ഗോളുകളാണ്. 1998, 2014 ലോകകപ്പുകളിൽ നേടിയ 171 ഗോളുകളുടെ റെക്കോർഡ് മറികടന്നു. ഫ്രാൻസാണ് കൂടുതൽ ഗോൾ നേടിയത്. പതിനാറ് ഗോളുകൾ. ചാമ്പ്യന്മാരായ അർജന്റീന 15 ഗോളുമായി രണ്ടാം സ്ഥാനത്ത് നിൽക്കുന്നു. ഇംഗ്ലണ്ട് 13ഉം പോര്‍ച്ചുഗല്‍ 12ഉം നെതര്‍ലന്‍ഡ്‌സ് 10ഉം ഗോൾ നേടി. സ്‌പെയിന്‍, ബ്രസീല്‍ ടീമുകള്‍ നേടിയത് ഒൻപത് ഗോളകളാണ്.

Latest Videos

undefined

മത്സരിച്ച 32 ടീമുകളും ഇത്തവണ ഗോൾ നേടിയെന്ന പ്രത്യേകതയുമുണ്ട്. ഖത്തര്‍, ബെല്‍ജിയം, ഡെന്‍മാര്‍ക്, ടുണീഷ്യ, വെയ്ല്‍സ് ടീമുകളുടെ അക്കൗണ്ടിൽ ഒറ്റഗോൾ വീതം എഴുതപ്പെട്ടു. 2026ലെ ലോകകപ്പിൽ ടീമുകളുടെ എണ്ണം 32ൽ നിന്ന് 48 ആയി ഉയരും. ഇതോടെ ഗോളുകളുടെ റെക്കോർഡും പഴങ്കഥയാവുമെന്നുറപ്പ്.  ക്വാർട്ടർ ഫൈനൽ വരെ രിഹ്‍ല എന്ന പന്തായിരുന്നു ലോകകപ്പിൽ ഉപയോ​ഗിച്ചത്. രിഹ്‍ല എന്നാൽ യാത്ര, പ്രയാണം എന്നാണ് അർത്ഥം. സെമിയിലും ഫൈനലിലും ഫൈനലിലും അൽ ഹിൽമ് എന്ന പന്താണ് ഉപയോ​ഗിച്ചത്, സ്വപ്നം എന്നാണ് അർത്ഥം.

അഡിഡാസ് തന്നെയായിരുന്നു രണ്ട് പന്ത് രൂപകൽപന ചെയ്ത് നിർമിച്ചത്. കളിക്കാരുടെ ഓരോ ടച്ചും രേഖപ്പെടുത്തുന്ന ടെക്നോളജി പന്തുകളിൽ ഉപയോ​ഗിച്ചിരുന്നു. 2010ന് ശേഷമുള്ള കണക്കുകള്‍ നോക്കുമ്പോള്‍ ഗ്രൂപ്പ് ഘട്ടത്തില്‍ ഏറ്റവും കുറഞ്ഞ ഗോള്‍ വന്ന ലോകകപ്പാണ് ഖത്തറിലേത്. 48 മത്സരങ്ങളില്‍ നിന്ന് ബ്രസീലില്‍ 136 ഗോളുകള്‍ വന്നപ്പോള്‍ റഷ്യയില്‍ 122 ഗോളായി അത് കുറഞ്ഞു. ഖത്തറില്‍ എത്തിയപ്പോള്‍ ഗ്രൂപ്പ് റൗണ്ടില്‍ പിറന്നത് 120 ഗോളുകള്‍ മാത്രമായിരുന്നു. നോക്കൗട്ട് റൗണ്ടുകളിലാണ് പിന്നീട് ടീമുകൾ ​ഗോൾ മേളം തീർത്തത്. 

റോണോയുടെ കോട്ടയിൽ കയറി മെസിയുടെ തൂക്കിയടി; പുതിയ തരം​ഗം സൃഷ്ടിച്ച് അർജന്റൈൻ നായകൻ

click me!