ഏഴ് ഗോള്‍ പിറന്ന മത്സരത്തില്‍ ആദ്യപാതിയില്‍ ഒരു ഗോള്‍ മാത്രമാണ് നേടാനായത്. മത്സരത്തിന്റെ നാലാം മിനിറ്റില്‍ തന്നെ ബ്ലാസ്‌റ്റേഴ്‌സിനെ ഞെട്ടിച്ചുകൊണ്ട് സാദികു ഗോള്‍ കണ്ടെത്തി.
കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ മോഹന്‍ ബഗാനെതിരായ മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് തോല്‍വി. കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ മൂന്നിനെതിരെ നാല് ഗോളുകള്‍ക്കായിരുന്നു ബഗാന്റെ ജയം. അര്‍മാന്‍ഡോ സാദികുവിന്റെ ഇരട്ട ഗോളാണ് ബഗാന് ജയമൊരുക്കിയത്. ദീപക് തംഗ്രി, ജേസണ്‍ കമ്മിന്‍സ് എന്നിവര്‍ ഓരോ ഗോള്‍ നേടി. ബ്ലാസ്‌റ്റേഴ്‌സിന് വേണ്ടി ദിമിത്രിയോസ് ഡയമന്റാകോസ് രണ്ട് ഗോള്‍ നേടി. വിപിന്‍ മോഹന്റെ വകയായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ മറ്റൊരു ഗോള്‍.
ഏഴ് ഗോള്‍ പിറന്ന മത്സരത്തില്‍ ആദ്യപാതിയില്‍ ഒരു ഗോള്‍ മാത്രമാണ് നേടാനായത്. മത്സരത്തിന്റെ നാലാം മിനിറ്റില്‍ തന്നെ ബ്ലാസ്‌റ്റേഴ്‌സിനെ ഞെട്ടിച്ചുകൊണ്ട് സാദികു ഗോള്‍ കണ്ടെത്തി. താരം ഒറ്റയ്ക്ക് നടത്തിയ മുന്നേറ്റമാണ് ഗോളില്‍ അവസാനിച്ചത്. ആദ്യപാതി ഈ നിലയില്‍ അവസാനിച്ചു. എന്നാല്‍ രണ്ടാം പാതിയില്‍ ബ്ലാസ്റ്റേഴ്‌സ് ആക്രമണത്തിന് മൂര്‍ച്ച കൂട്ടി. അതിന്റെ ഫലമായി 54-ാം മിനിറ്റില്‍ ഗോളും പിറന്നു. എന്നാല്‍ ആറ് മിനിറ്റ് മാത്രമായിരുന്നു ഗോള്‍ ആഘോഷത്തിന് ആയുസ്. 60-ാം മിനിറ്റില്‍ സാദികുവിന്റെ രണ്ടാം ഗോളെത്തി.
undefined
ബ്ലാസ്‌റ്റേഴ്‌സ് വിട്ടുകൊടുത്തില്ല. 63-ാം മിനിറ്റില്‍ ടീമിന്റെ സമനില ഗോളെത്തി. ഡയമന്റാകോസിന്റെ തകര്‍പ്പന്‍ ഫിനിഷിംഗ്. എന്നാല്‍ അഞ്ച് മിനിറ്റുകള്‍ക്ക് ബഗാന്റെ തിരിച്ചടി. തംഗ്രിയുടെ ഹെഡ്ഡറാണ് ബഗാന് ലീഡ് സമ്മാനിച്ചത്. സ്‌കോര്‍ 3-2. പിന്നീട് ബ്ലാസ്റ്റേഴ്‌സ് സമനിലയ്ക്കായി കിണഞ്ഞ് ശ്രമിച്ചു. ഇതിനിടെ ഒരു ഗോള്‍ കൂടി ബ്ലാസ്‌റ്റേഴ്‌സിന്റെ വലയിലെത്തി. ഇഞ്ചുറി സമയത്ത് കമ്മിന്‍സിന്റെ വകയായിരുന്നു ഗോള്‍. മത്സരം അവസാനിക്കാന്‍ ഒരു മിനിറ്റിന് മാത്രമുള്ളപ്പോള്‍ ഡയമന്റാകോസ് തോല്‍വിയുടെ ഭാരം കുറച്ചു.
18 മത്സരങ്ങളില്‍ 29 പോയിന്റുമായി അഞ്ചാമതാണ് ബ്ലാസ്‌റ്റേഴ്‌സ്. ഇത്രയും മത്സരങ്ങളില്‍ 39 പോയിന്റുള്ള ബഗാന്‍ രണ്ടാമത്. ഒരു മത്സരം കൂടുതല്‍ കളിച്ച മുംബൈ സിറ്റി 39 പോയിന്റോടെ ഒന്നാമതാണ്. ബ്ലാസ്റ്റേഴ്‌സിന്റെ ശേഷിക്കുന്ന നാല് മത്സരങ്ങളില്‍ മൂന്നും എതിരാളികളുടെ തട്ടകത്തിലാണ്.