ലിയോണല്‍ മെസിയെന്ന ഫുട്ബോള്‍ ഇതിഹാസം പിറന്നത് വെറുമൊരു നാപ്കിന്‍ പേപ്പറിലെഴുതിയ കരാറിലൂടെയായിരുന്നു.
ബാഴ്സലോണ: ലിയോണല്‍ മെസിക്ക് ബാഴ്സലോണ നല്‍കിയ ആദ്യ കരാര്‍ കടലാസ് ലേലത്തിന്. ബ്രിട്ടീഷ് ലേല സ്ഥാപനമായ ബോന്‍ഹാംസാണ് മെസിയുടെ ആദ്യ കരാറെഴുതിയ നാപ്കിന്‍ പേപ്പര്‍ ലേലത്തിന് വെക്കുന്നത്. മാര്‍ച്ച് 18 മുതല്‍ 27വരെയാണ് ലേലം. 3,79000 ഡോളറാണ് ലേലത്തില്‍ പങ്കെടുക്കാനുള്ള അടിസ്ഥാന തുക.
ലിയോണല്‍ മെസിയെന്ന ഫുട്ബോള്‍ ഇതിഹാസം പിറന്നത് വെറുമൊരു നാപ്കിന്‍ പേപ്പറിലെഴുതിയ കരാറിലൂടെയായിരുന്നു. അര്‍ജന്‍റീനയിലെ റൊസാരിയോ തെരുവിലും ന്യൂവെൽസ്സ് ഓൾഡ് ബോയ്സ് ടീമിലുമായി പന്ത് തട്ടി അത്ഭുതങ്ങള്‍ കാട്ടി നടന്ന 13കാരന്‍ പയ്യനെ ബാഴ്സലോണയുടെ സ്പോര്‍ട്ടിംഗ് ഡയറക്ടായിരുന്ന കാള്‍സ് റെക്സാച്ച് ആണ് കണ്ടെത്തി ബാഴ്സ അക്കാദമിയിലെത്തിച്ചത്. വളര്‍ച്ചാ ഹോര്‍മോണ്‍ തകരാറുണ്ടായിരുന്ന മെസിയുടെ ചികിത്സ അടക്കം ഏറ്റെടുത്താണ് ബാഴ്സ അത്ഭുതബാലനെ ഏറ്റെടുത്തത്.
undefined
മെസിയുടെ കളി കണ്ട് ഇഷ്ടപ്പെട്ട റെക്സാച്ച് അവന് ആദ്യ കരാര്‍ നല്‍കിയത് ഒരു നാപ്കിന്‍ പേപ്പറിലായിരുന്നു. 2000 ഡിസംബര്‍ 14നായിരുന്നു ചരിത്രമായി മാറിയെ ആ കരാര്‍ ഒപ്പിട്ടത്. റെക്സാച്ചിന് പുറമെ അര്‍ജന്‍റീനയിലെ ഫുട്ബോള്‍ ഏജന്‍റുമാരായിരുന്ന ഗാഗിയോളി, ജോസഫ് മരിയ മിന്‍ഗ്വേല എന്നിവരുടെ കൈയോപ്പും നാപ്കിന്‍ പേപ്പറിലെഴുതിയ കരാറിലുണ്ട്. ഒരു ടെന്നീസ് ക്ലബ്ബില്‍ വെച്ചായിരുന്നു കരാര്‍ എഴുതിയത്.
മെസിയുടെ ചികിത്സ അടക്കം ഉറപ്പ് നല്‍കുന്ന വിശദമായ ഔദ്യോഗിക കരാര്‍ പിന്നീടാണ് ബാഴ്സ മെസിയുടെ പിതാവ് ജോര്‍ജെ മെസിക്ക് കൈമാറിയത്. ബാഴ്സലോണയില്‍ എത്തിയ മെസി പിന്നീട് ഇതിഹാസമായി. ബാഴ്സക്കൊപ്പം നേടാത്തതായി മെസിയുടെ കരിയറില്‍ ഒന്നുമില്ല. ഒടുവില്‍ ബാഴ്സലോണയില്‍ നിന്ന് കൂടുമാറിയ മെസി പി എസ് ജിയിലേക്കും പിന്നീട് അമേരിക്കയിലെ ഇന്‍റര്‍ മയാമിയിലേക്കും പോയി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക