കഴിഞ്ഞ സീസണോടെ ടീം വിട്ട കോച്ച് ഇവാന്‍ വുകോമനോവിച്ചിന്റെ ഗെയിംപ്ലാനിലെ പ്രധാന താരങ്ങളായിരുന്നു ഡിഫന്‍ഡറായ ലെസ്‌കോവിച്ചും മിഡ്ഫീല്‍ഡറായ ഡൈസുകെ സകായിയും.
കൊച്ചി: കേരളാ ബ്ലാസ്റ്റേഴ്‌സില്‍ നിന്ന് കൂടുതല്‍ താരങ്ങള്‍ ടീം വിട്ടുപോകുന്നു. വിദേശ താരങ്ങളായ മാര്‍കോ ലെസ്‌കോവിച്ചും ഡൈസുകെ സകായിയും അടുത്ത സീസണില്‍ ടീമിനൊപ്പം ഉണ്ടാവില്ല. ലെസ്‌കോവിച്ചും സകായിയും ടീമിനൊപ്പം തുടരില്ലെന്നും കരാര്‍ അവസാനിച്ചുവെന്നും ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചു. നിരന്തരം പരിക്കിന്റെ പിടിയിലാവുന്ന ലെസ്‌കോവിച്ചിന്റെ കരാര്‍ പുതുക്കേണ്ടെന്ന് ബ്ലാസ്റ്റേഴ്‌സ് തീരുമാനിക്കുകയായിരുന്നു.
കഴിഞ്ഞ സീസണോടെ ടീം വിട്ട കോച്ച് ഇവാന്‍ വുകോമനോവിച്ചിന്റെ ഗെയിംപ്ലാനിലെ പ്രധാന താരങ്ങളായിരുന്നു ഡിഫന്‍ഡറായ ലെസ്‌കോവിച്ചും മിഡ്ഫീല്‍ഡറായ ഡൈസുകെ സകായിയും. കഴിഞ്ഞ ദിവസം ബ്ലാസ്റ്റേഴ്‌സ് സഹ പരിശീലകനായ ഫ്രാങ്ക് ദോവനും ഗോളിമാരായ കരണ്‍ ജിത്ത് സിംഗും ലാറ ശര്‍മ്മയും ക്ലബ് വിട്ടിരുന്നു. താരങ്ങളെ കൂട്ടത്തോടെ പറഞ്ഞയക്കുന്നത് ആരാധകരേയും ചൊടിപ്പിച്ചിട്ടുണ്ട്. ക്ലബ് വില്‍ക്കുകയാണോ, അതോ ആദായ വില്‍പ്പനയാണോ എന്നൊക്കെയാണ് ആരാകരുടെ ചോദ്യം.
undefined
അതേസമയം, അഡ്രിയാന്‍ ലൂണയുടെ കരാര്‍ കഴിഞ്ഞ ദിവസം ബ്ലാസ്റ്റേഴ്സ് പുതുക്കി നല്‍കിയിരുന്നു. 2024 മേയ് 31 ന് നിലവിലെ കരാര്‍ അവസാനിക്കാനിരിക്കേയാണ് ഉറുഗ്വെന്‍ താരം 2027 വരെ നീളുന്ന പുതിയ കരാറില്‍ ഒപ്പു വെച്ചത്. 32കാരനായ ലൂണയ്ക്കു വേണ്ടി എഫ് സി ഗോവ സജീവമായി രംഗത്ത് ഉണ്ടായിരുന്നു. എഫ് സി ഗോവ മുന്നോട്ടുവെച്ച ഓഫര്‍ വേണ്ടെന്നു വെച്ചാണ് ലൂണ മഞ്ഞപ്പടയ്ക്കൊപ്പം തുടരാന്‍ തീരുമാനിച്ചത്.
കഴിഞ്ഞ മാസം 26നാണ് പരിശീലകന്‍ ഇവാന്‍ വുകോമാനോവിച്ച് ബ്ലാസ്റ്റേഴ്സിനോട് വിടപറഞ്ഞത്. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ബ്ലാസ്റ്റേഴ്‌സിന് പ്ലേ ഓഫ് കടക്കാന്‍ സാധിച്ചിരുന്നില്ല. പിന്നാലെയാണ് ക്ലബിന്റെ തീരുമാനം. 2021 സീസണ്‍ മുതല്‍ അദ്ദേഹം ബ്ലാസ്റ്റേഴ്‌സിനൊപ്പമുണ്ടായിരുന്നു. തുടര്‍ച്ചയായി മൂന്ന് തവണ ക്ലബിനെ പ്ലേ ഓഫിലെത്തിച്ച ഇവാന് ഒരു തവണ ബ്ലാസ്റ്റേഴ്‌സിനെ ഫൈനലിലെത്തിക്കാനും സാധിച്ചിരുന്നു. 2021-22 സീസണില്‍ ക്ലബ്ബിന്റെ ചരിത്രത്തില്‍ ഒരു സീസണിലെ ഉയര്‍ന്ന പോയിന്റ് സ്വന്തമാക്കിയത് ഇവാന്റെ കീഴിലായിരുന്നു. ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയതും സെര്‍ബിയക്കാരന്റെ കീഴില്‍ നിന്നുതന്നെ.