ഗോളടിച്ച് കൂട്ടിയിട്ടും കാര്യമില്ല! വിനീഷ്യസിനെ ഒഴിവാക്കാനൊരുങ്ങി റയല്‍; മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പിന്നാലെ

By Web Team  |  First Published Jan 20, 2024, 8:50 AM IST

മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ പുതിയ ഉടമകളില്‍ ഒരാളായ സര്‍ ജിം റാറ്റ്ക്ലിഫ് വിനിഷ്യസിനായി 1371 കോടി രൂപ മുടക്കാന്‍ തയ്യാറാണ്.


മാഞ്ചസ്റ്റര്‍: റയല്‍ മാഡ്രിഡ് താരം വിനിഷ്യസ് ജൂനിയറിനെ സ്വന്തമാക്കാന്‍ നീക്കം തുടങ്ങി മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. കിലിയന്‍ എംബാപ്പേയെ ടീമില്‍ എത്തിക്കാനാണ് റയല്‍ വിനിഷ്യസിനെ കൈവിടാന്‍ തയ്യാറാവുന്നത്. എക്കാലത്തേയും വൈരികളായ ബാഴ്‌സലോണയ്ക്ക് എതിരെ സ്പാനിഷ് സൂപ്പര്‍ കപ്പ് ഫൈനലില്‍ ഹാട്രിക് നേടിയതിന് തൊട്ടുപിന്നാലെയാണ് റയല്‍ മാഡ്രിഡ് വിനിഷ്യസ് ജൂനിയറിനെ കൈവിടാന്‍ ഒരുങ്ങുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. 

എല്‍ ക്ലാസിക്കോയില്‍ മൂന്ന് ഗോളും ഒരു അസിസ്റ്റും സ്വന്തമാക്കിയ വിനിഷ്യസിനെ 1371 കോടി രൂപ നല്‍കിയാല്‍ വിട്ടുനല്‍കാമെന്നാണ് യുണൈറ്റഡിന് റയലിന്റെ വാഗ്ദാനം. വിനിഷ്യസിനെ വിറ്റുകിട്ടുന്ന പണത്തിലൂടെ ഏറെക്കാലമായി നോട്ടമിട്ട കിലിയന്‍ എംബാപ്പേയെ സ്വന്തമാക്കുകയാണ് സ്പാനിഷ് വമ്പന്‍മാരുടെ ലക്ഷ്യം. അഞ്ചുവര്‍ഷത്തേക്ക് ഏകദേശം 1582 കോടി രൂപയാണ് എംബാപ്പേയ്ക്ക് പ്രതിഫലമായി നല്‍കേണ്ടത്. ഇതിനുപുറമേ സൈനിംഗ് ഫീസും ബോണസുമെല്ലാം നല്‍കേണ്ടതുണ്ട്.

Latest Videos

undefined

വിനിഷ്യസിനെ യുണൈറ്റഡിന് നല്‍കിയാല്‍ ഈ തുകയുടെ ഭൂരിഭാഗവും കണ്ടെത്താമെന്നാണ് റയലിന്റെ കണക്കുകൂട്ടല്‍. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ പുതിയ ഉടമകളില്‍ ഒരാളായ സര്‍ ജിം റാറ്റ്ക്ലിഫ് വിനിഷ്യസിനായി 1371 കോടി രൂപ മുടക്കാന്‍ തയ്യാറാണ്. ചാംപ്യന്‍സ് ലീഗില്‍ നിന്ന് പുറത്താവുകയും പ്രീമിയര്‍ ലീഗില്‍ തപ്പിത്തടയുകയും ചെയ്യുന്ന പശ്ചാത്തലത്തില്‍ യുണൈറ്റഡ് മികച്ച താരങ്ങളെ സ്വന്തമാക്കണമെന്നാണ് റാറ്റ്ക്ലിഫ് കരുതുന്നത്. 

ഇതോടെ വിനിഷ്യസ് ഓള്‍ഡ് ട്രാഫോര്‍ഡില്‍ എത്താനുളള സാധ്യതയേറി. റയലും യുണൈറ്റഡും മുന്‍പും വമ്പന്‍ താരങ്ങളെ കൈമാറ്റം ചെയ്തിട്ടുണ്ട്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ഡേവിഡ് ബെക്കാം, റൂഡ് വാന്‍ നിസ്റ്റല്‍ റൂയി തുടങ്ങിയവരെ യുണൈറ്റഡില്‍ നിന്നാണ് റയല്‍ സാന്റിയാഗോ ബെര്‍ണബ്യൂവിലെത്തിച്ചത്. ഏഞ്ചല്‍ ഡി മരിയ, കാസിമിറോ, റാഫേല്‍ വരാനെ തുടങ്ങിയവരെ റയലില്‍ നിന്ന് യുണൈറ്റഡും സ്വന്തമാക്കിയിട്ടുണ്ട്.

ശ്രേയസ് ഗോപാലിന് നാല് വിക്കറ്റ്! അജിന്‍ക്യ രഹാനെ സംപൂജ്യന്‍, രഞ്ജിയില്‍ മുംബൈ എറിഞ്ഞിട്ട് കേരളം

click me!