ആരാധകരുടെ കാസിം ഭായ് റയല്‍ വിടുമോ? കാസിമിറോയ്‌ക്കായി കരുക്കള്‍ നീക്കി മാഞ്ചസ്റ്റര്‍ യുണൈറ്റഡ്; വിലയിട്ടു

By Jomit Jose  |  First Published Aug 19, 2022, 9:01 AM IST

60 ദശലക്ഷം പൗണ്ടിനാണ് സ്പാനിഷ് വമ്പന്മാരുമായി ചര്‍ച്ച തുടങ്ങിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്


മാഞ്ചസ്റ്റര്‍: റയല്‍ മാഡ്രിഡിന്‍റെ ബ്രസീലിയൻ മധ്യനിരതാരം കാസിമിറോയെ ടീമിലെത്തിക്കാൻ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. ഫ്രാങ്കി ഡിയോങ്ങുമായുള്ള ചര്‍ച്ചയിൽ പുരോഗതിയില്ലാത്തതാണ് യുണൈറ്റഡ് കാസിമിറോയിലെത്താന്‍ കാരണം. 

പ്രീമിയര്‍ ലീഗിൽ തുടര്‍ തോൽവിയുമായി അവസാന സ്ഥാനത്താണ് നിലവിൽ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. സീസൺ തുടങ്ങുന്നതിന് മുൻപ് പുതിയ പരിശീലകനെയെത്തിച്ച് ടീം അഴിച്ചുപണിയാൻ ശ്രമം തുടങ്ങിയെങ്കിലും വമ്പൻ പേരുകാരൊന്നും യുണൈറ്റഡിലെത്തിയില്ല. ക്രിസ്റ്റ്യാനോ റൊണാൾഡോ മാനേജ്മെന്‍റുമായി തെറ്റിയതും പോൾ പോഗ്ബ ടീം വിട്ടതും മറ്റ് പ്രധാനതാരങ്ങളുടെ മോശം ഫോമും ടീമിന്‍റെ ഒരുക്കങ്ങളെയും ബാധിച്ചു. മൂന്ന് മാസത്തിലധികമായി ഫ്രെങ്കി ഡിയോങ്ങിനെ ബാഴ്സലോണയിൽ നിന്ന് ഓൾഡ് ട്രഫോഡിലെത്തിക്കാൻ ശ്രമം തുടങ്ങിയെങ്കിലും ചര്‍ച്ചയിൽ യാതൊരു പുരോഗതിയും ഉണ്ടായിട്ടില്ല. 

Latest Videos

ഈ സാഹചര്യത്തിലാണ് റയൽ മാഡ്രിഡിന്‍റെ ബ്രസീലിയൻ താരം കാസിമിറോയെ ട്രാൻസ്ഫര്‍ ജാലകം അവസാനിക്കുന്നതിന് മുൻപ് ടീമിലെത്തിക്കാനുള്ള ശ്രമം. 60 ദശലക്ഷം പൗണ്ടിനാണ് സ്പാനിഷ് വമ്പന്മാരുമായി ചര്‍ച്ച തുടങ്ങിയിരിക്കുന്നത് എന്നാണ് ഗോള്‍ ഡോട് കോമിന്‍റെ റിപ്പോര്‍ട്ട്. മധ്യനിരയിലെയും പ്രതിരോധത്തിലെയും ടീമിന്‍റെ പിഴവുകൾക്ക് കാസിമിറോ പരിഹാരമാകുമെന്ന് യുണൈറ്റഡ് പരിശീലകന്‍ എറിക് ടെൻ ഹാഗ് കരുതുന്നു. കഴിഞ്ഞ സീസണിൽ റയലിനൊപ്പം ലാ ലിഗയും ചാമ്പ്യൻസ് ലീഗും സ്വന്തമാക്കിയ കാസിമിറോ ഈ സീസണിൽ സൂപ്പര്‍ കപ്പിലും ടീമിന്‍റെ വിജയത്തിൽ പങ്കാളിയായി. മുപ്പതുകാരനായ കാസിമിറോ റയലിനൊപ്പം 5 ചാമ്പ്യൻസ് ലീഗ് വിജയങ്ങളിൽ പങ്കാളിയായ താരമാണ്.

ട്രാൻസ്ഫര്‍ ജാലകം അടയ്ക്കാൻ രണ്ടാഴ്ച ശേഷിക്കെ യുവന്‍റസിന്‍റെ അഡ്രിയാൻ റാബിയോട്ട്, ബ്രൈറ്റൻ താരം മോയ്സെസ് കൈസെഡോ എന്നിവരുമായും യുണൈറ്റഡ് ചര്‍ച്ചകൾ നടത്തുന്നുണ്ട്. അത്ലറ്റിക്കോ താരം അൽവാരോ മൊറാട്ട, ബാഴ്സലോണ താരം ഒബമയാങ്ങ് എന്നിവരെയും ടീമിലെത്തിക്കാൻ യുണൈറ്റഡ് ശ്രമിച്ചിരുന്നു.

ഏഷ്യാ കപ്പ്: യോഗ്യതാ റൗണ്ടില്‍ യുഎഇ ടീമിനെ തലശ്ശേരിക്കാരന്‍ നയിക്കും; ടീമില്‍ വേറെയും മലയാളി താരങ്ങള്‍

click me!