വെംബ്ലിയില്‍ രണ്ടാംപകുതിയുടെ തുടക്കത്തിലും ഗുണ്ടോഗന്‍ സിറ്റിക്കായി ലക്ഷ്യംകണ്ടു, അതും വീണ്ടുമൊരു സുന്ദരന്‍ വോളിയിലൂടെ
വെംബ്ലി: എഫ്‌എ കപ്പ് ഫൈനലിന്‍റെ ചരിത്രത്തിലാദ്യമായി മാഞ്ചസ്റ്റര്‍ ടീമുകള്‍ മുഖാമുഖം വന്നപ്പോള്‍ കിരീടധാരികളായി സിറ്റി. വെംബ്ലിയിലെ അങ്കത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ ഒന്നിനെതിരെ രണ്ട് ഗോളിന് തകര്‍ത്താണ് സിറ്റിയുടെ കിരീടധാരണം. വോളികളിലൂടെ ഇൽകെ ഗുണ്ടോഗന്‍റെ വകയായിരുന്നു സിറ്റിയുടെ ഇരു ഗോളുകളും. ഇതില്‍ ആദ്യ ഗോള്‍ കിക്കോഫായി 13-ാം സെക്കന്‍ഡിലായിരുന്നു. എഫ്‌എ കപ്പ് ഫൈനലുകളുടെ ചരിത്രത്തിലെ വേഗമേറിയ ഗോളാണിത്. ഗുണ്ടോഗന്‍റെ ഇരു ഗോളുകളും കെവിന്‍ ഡിബ്രൂയിന്‍റെ അസിസ്റ്റില്‍ നിന്നായിരുന്നു. ബ്രൂണോ ഫെര്‍ണാണ്ടസിലൂടെയായിരുന്നു യുണൈറ്റഡിന്‍റെ ഏക ഗോള്‍ മറുപടി.
12-ാം സെക്കന്‍ഡില്‍ ഗോള്‍! ഗുണ്ടോഗന് റെക്കോര്‍ഡ്
undefined
വെംബ്ലി സ്റ്റേഡിയത്തില്‍ സിറ്റി ആരാധകരെ നീലക്കടലാക്കിയായിരുന്നു മത്സരത്തിന്‍റെ തുടക്കം. കിക്കോഫായി 12-ാം സെക്കന്‍ഡില്‍ യുണൈറ്റഡ് താരങ്ങളുടെയും ആരാധകരുടേയും ചങ്കില്‍ തീ കോരിയിട്ട് ഇൽകെ ഗുണ്ടോഗന്‍റെ വോളി ഡേവിഡ് ഡി ഹിയയെ കാഴ്‌ചക്കാരനാക്കി വലയിലെത്തി. കെവിന്‍ ഡിബ്രൂയിന്‍റെ അസിസ്റ്റില്‍ ഗോള്‍ ബാറിന്‍റെ വലത് പാര്‍ശ്വത്തിലൂടെയുള്ള ഗുണ്ടോഗന്‍റെ ബുള്ളറ്റ് ഷോട്ട് കണ്ട് നില്‍ക്കാന്‍ മാത്രമേ ഹിയക്കായുള്ളൂ. എഫ്‌എ കപ്പ് ഫൈനല്‍ ചരിത്രത്തിലെ വേഗമേറിയ ഗോളാണിത്. തൊട്ടുപിന്നാലെ കെവിന്‍ ഡിബ്രൂയിന്‍റെ ഫ്രീകിക്കില്‍ ലീഡ് രണ്ടാക്കാനുള്ള അവസരം സിറ്റിക്ക് ഒത്തുവന്നെങ്കിലും റോഡ്രിയുടെ ഹെഡര്‍ തലനാരിഴയ്‌ക്ക് ഗോളാകാതെ പോയി. ഇതിന് ശേഷം സിറ്റി തുടര്‍ ആക്രമണങ്ങളുമായി മുന്നിട്ട് നിന്നപ്പോള്‍ വല്ലപ്പോഴുമുള്ള പ്രത്യാക്രമണങ്ങളില്‍ ഒതുങ്ങി നിന്നു യുണൈറ്റഡ് താരനിര.
തിരിച്ചടിച്ച് ബ്രൂണോ
20-ാം മിനുറ്റില്‍ എര്‍ലിംഗ് ഹാളണ്ടിന്‍റെ ഷോട്ട് ഗോള്‍ ബാറിന് മുകളൂടെ പോയി. ഇരുപത്തിയെട്ടാം മിനുറ്റില്‍ മറ്റൊരു ആക്രമണവും ഡേവിഡ് ഹിയക്ക് വെല്ലുവിളിയായി. ഒറ്റയാന്‍ കുതിപ്പില്‍ ഡിബ്രൂയിന്‍റെ ഇടംകാലന്‍ ഷോട്ട് തലനാരിഴയ്‌ക്കാണ് ഗോളാകാതെ പോയത്. തൊട്ടുപിന്നാലെ സിറ്റി ആരാധകരെ നിരാശപ്പെടുത്തിയ ട്വിസ്റ്റ് മൈതാനത്ത് വിരിഞ്ഞു. ഹെഡര്‍ ശ്രമത്തിനിടെ ബിസാക്ക തൊടുത്തുവിട്ട പന്ത് ജാക്ക് ഗ്രീലിഷിന്‍റെ കൈയില്‍ തട്ടിയതോടെ റഫറി വാര്‍ പരിശോധനയ്‌ക്കൊടുവില്‍ പെനാല്‍റ്റി ബോക്‌സിലേക്ക് വിരല്‍ ചൂണ്ടി. കിക്കെടുത്ത ബ്രൂണോ ഫെര്‍ണാണ്ടസ് അനായാസം പന്ത് വലയിലേക്ക് കോരിയിട്ടു. തൊട്ടടുത്ത മിനുറ്റില്‍ സിറ്റി പ്രത്യാക്രമണം നടത്തിയെങ്കിലും ഗോളായില്ല. ഇതിന് പിന്നാലെയും സിറ്റിയുടെ ഏറെ മുന്നേറ്റങ്ങള്‍ കണ്ടപ്പോള്‍ മറുവശത്ത് യുണൈറ്റഡിന്‍റെ വരാന്‍റെ ഹെഡറും പാളി.
വീണ്ടും ഗുണ്ടോഗന്‍റെ വോളി!
വെംബ്ലിയില്‍ രണ്ടാംപകുതിയുടെ തുടക്കത്തിലും ഗുണ്ടോഗന്‍ സിറ്റിക്കായി ലക്ഷ്യംകണ്ടു, അതും വീണ്ടുമൊരു സുന്ദരന്‍ വോളിയിലൂടെ. 51-ാം മിനുറ്റില്‍ കെവിന്‍ ഡിബ്രൂയിന്‍ എടുത്ത ഫ്രീകിക്കില്‍ നിന്നായിരുന്നു വോളി. ഡിബ്രൂയിനെ ഫ്രഡ് വീഴ്‌ത്തിയതിനായിരുന്നു ഫ്രീകിക്ക് അനുവദിക്കപ്പെട്ടത്. മാര്‍ക്ക് ചെയ്യപ്പെടാതെ ബോക്‌സിന് പുറത്ത് നിന്ന ഗുണ്ടോഗന്‍ ഇത്തവണ വലയിലേക്ക് ഇടംകാല്‍ കൊണ്ട് നിറയൊഴിക്കുകയായിരുന്നു. 69-ാം മിനുറ്റില്‍ റാഷ്‌ഫോഡിന്‍റെ ഒരു ഷോട്ട് ബാറിന് തൊട്ട് മുകളിലൂടെ കടന്നുപോയി. 72-ാം മിനുറ്റില്‍ ഗുണ്ടോഗന്‍ ടാപ്പിംഗിലൂടെ വല ചലിപ്പിച്ചെങ്കിലും ഇത്തവണ ഓഫ്‌സൈഡായി. ഇതോടെ ഹാട്രിക് അവസരം പിഴച്ചു. തൊട്ടുപിന്നാലെ യുണൈറ്റഡിന്‍റെ പകരക്കാരന്‍ ഗര്‍ണാച്ചോയുടെ ഷോട്ട് നിര്‍ഭാഗ്യം കൊണ്ടുമാത്രം വലയിലെത്തിയില്ല. എക്‌സ്‌ട്രാടൈമില്‍ സമനിലയ്‌ക്കായി യുണൈറ്റഡ് കിണഞ്ഞ് പരിശ്രമിച്ചെങ്കിലും അവസാന മിനുറ്റില്‍ ഒര്‍ട്ടേഗയുടെ സേവ് നിര്‍ണായകമായി
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം