മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ലബ് ഉടമകളായ ഗ്ലേസേഴ്സ് കുടുംബത്തിനെതിരെ മാസങ്ങളായി ആരാധകർ നടത്തുന്ന പ്രതിഷേധമാണ് ഒടുവിൽ വിൽപ്പനയിൽ എത്തിനിൽക്കുന്നത്
മാഞ്ചസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡ് വിൽക്കാനുള്ള തീരുമാനത്തിൽ നാടകീയ നീക്കം. ബിഡ് സമർപ്പിക്കേണ്ട സമയം അവസാന നിമിഷം ഇന്നത്തേക്ക് കൂടി നീട്ടി. ഖത്തർ കോടീശ്വരൻ ഷെയ്ക് ജാസിമാണ് ബിഡിൽ മുന്നിലെന്നാണ് സൂചന.
മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ലബ് ഉടമകളായ ഗ്ലേസേഴ്സ് കുടുംബത്തിനെതിരെ മാസങ്ങളായി ആരാധകർ നടത്തുന്ന പ്രതിഷേധമാണ് ഒടുവിൽ വിൽപ്പനയിൽ എത്തിനിൽക്കുന്നത്. 50600 കോടിയിലേറെ രൂപയായിരുന്നു ആദ്യ ഘട്ടത്തിൽ ഗ്ലേസേഴ്സ് ആഗ്രഹിച്ചിരുന്നതെങ്കിലും വമ്പൻ കമ്പനികൾ താൽപര്യം പ്രകടിപ്പിച്ചതോടെ 60800 കോടി രൂപ വരെ കിട്ടണമെന്നാണ് നിലവിലെ ആവശ്യം. എന്നാൽ ഏറ്റെടുക്കൽ നടപടികളുമായി മുന്നോട്ടുപോകുന്ന രണ്ട് പ്രമുഖ കമ്പനികളും ഇത്രയും വലിയ തുക ബിഡ് ചെയ്തിട്ടില്ലെന്നാണ് റിപ്പോർട്ട്. രണ്ടാംഘട്ടത്തിൽ ബിഡ് സമർപ്പിക്കേണ്ട സമയം ഇന്നലെ രാത്രി 9 മണിക്ക് അവസാനിക്കാനിരിക്കെയാണ് നാടകീയ നീക്കത്തിലൂടെ സമയം നീട്ടിയത്.
undefined
ബ്രിട്ടീഷ് ശതകോടീശ്വരൻ സർ ജിം റാറ്റ്ക്ലിഫിന്‍റെ കമ്പനി കൂടുതൽ സമയം ആവശ്യപ്പെട്ടെന്നാണ് സൂചന. ഖത്തർ ബാങ്കിംഗ് കമ്പനിയുടമയായ ഷെയ്ക് ജാസിം അൽതാനിയാണ് നിലവിൽ ബിഡിൽ മുന്നിൽ. 100% ഓഹരി സ്വന്തമാക്കി ക്ലബിനെ അടിമുടി ഉടച്ചുവാർക്കാനുമുള്ള ഓഫറാണ് അൽതാനി മുന്നോട്ടുവച്ചിരിക്കുന്നത്. ജിം റാറ്റ്ക്ലിഫിന് 69% ഓഹരിയിൽ മാത്രമാണ് താൽപര്യം. മാഞ്ചസ്റ്ററിൽ ജനിച്ച റാറ്റ്ക്ലിഫ് ആകട്ടെ പ്രീമിയർ ലീഗ് ടീം ബ്രിട്ടീഷുകാർ തന്നെ ഭരിക്കണമെന്ന വാക്കുകളുമായാണ് ആരാധകർക്കിടയിൽ സജീവമാകുന്നത്. ഫ്രഞ്ച് ലീഗ് ക്ലബ് നീസ്, ഇനിയോസ് സൈക്ലിംഗ് ടീം, ഫോർമുല വണ്ണിൽ മെഴ്സിഡീസുമായുള്ള കരാർ തുടങ്ങി കായികമേഖലയിൽ സജീവമാണ് ജിം റാറ്റ്ക്ലിഫ്.
ഖത്തറി ബാങ്ക് QIBയുടെ ചെയർമാനായ ഷെയ്ക് ജാസിം ഖത്തർ മുൻ പ്രധാനമന്ത്രിയുടെ മകൻ കൂടിയാണ്. ക്ലബ് വിൽക്കണമെന്ന് പറയുമ്പോഴും അറബ് കമ്പനി ടീം വാങ്ങുന്നതിനോട് ഒരു വിഭാഗം ആരാധകർക്ക് എതിർപ്പുണ്ട്. ഏറെക്കാലത്തെ മോശം പ്രകടനത്തിന് ശേഷം സീസണിൽ ശക്തമായ തിരിച്ചുവരവാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് നടത്തുന്നത്. ഇഎഫ്എൽ കപ്പ് ജേതാക്കളായ ടീം എഫ്എ കപ്പിൽ സെമിയിലും യൂറോപ്പ ലീഗിൽ ക്വാർട്ടറിലും എത്തിയിട്ടുണ്ട്. നിലവിൽ പ്രീമിയർ ലീഗിൽ മൂന്നാം സ്ഥാനത്താണ് യുണൈറ്റഡ്.
ശ്രേയസ് അയ്യരുടെ പരിക്ക്; വന്‍ ട്വിസ്റ്റ്, കെകെആര്‍ ആരാധകര്‍ക്ക് ആശ്വാസ വാര്‍ത്ത