കലണ്ടറൊരു 12 മാസം പിന്നിലോട്ട് മറിച്ചാൽ, അവിടെ സ്വർണപ്രഭയിൽ തിളങ്ങുന്ന ലുസൈൽ സ്റ്റേഡിയം കാണാം. മൈതാന മധ്യത്തിൽ ലിയോണൽ മെസിയെന്ന നായകൻ ചിരിച്ച് കൊണ്ട് അവിടെ നിൽക്കുകയാണ്.
ദോഹ: മലയാളിക്ക് സ്വന്തം നാടിനോളം അടുപ്പമുള്ള ഇടമായ ഖത്തറിന് ഇന്ന് ദേശീയ ദിനം. കുവൈത്ത് അമീറിന്‍റെ വിയോഗത്തെത്തുടർന്ന് ആഘോഷങ്ങൾ മാറ്റിവെച്ച് നിശബ്‍ദമായ അന്തരീക്ഷത്തിലാണ് ദേശീയ ദിനം കടന്നുപോകുന്നത്. ഫുട്ബോൾ ലോകകപ്പിന്‍റെ മികച്ച സംഘാടനം കൊണ്ട് ലോകത്തെ വിസ്മയിപ്പിച്ച ഓർമ്മകൾ ഇന്നും ഖത്തറിനെ വിട്ടുപോയിട്ടില്ല.
കലണ്ടറൊരു 12 മാസം പിന്നിലോട്ട് മറിച്ചാൽ, അവിടെ സ്വർണപ്രഭയിൽ തിളങ്ങുന്ന ലുസൈൽ സ്റ്റേഡിയം കാണാം. മൈതാന മധ്യത്തിൽ ലിയോണൽ മെസിയെന്ന നായകൻ ചിരിച്ച് കൊണ്ട് അവിടെ നിൽക്കുകയാണ്. ലോക ഫുട്ബോൾ കിരീടം ആകാശത്തേക്കുയർത്തിയത് കാണാം. ലോകമൊന്നായി വന്നിറങ്ങി, ആ കിരീടധാരണം കണ്ടു മടങ്ങുമ്പോൾ ഖത്തറെന്ന രാജ്യം സംഘാടന മികവിന്റെ കിരീടം കൂടി ഒപ്പമുയർത്തി അന്ന്.
undefined
വിശ്വാസമർപ്പിക്കാൻ മടിച്ച ലോകത്തിന് മുന്നിൽ രാജ്യത്തെ ആ കിരീടം ചൂടിച്ചത് നായകൻ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനിയാണ്. അന്ന് ഡിസംബർ പതിനെട്ടായിരുന്നു. ഖത്തറെന്ന രാജ്യം ഒന്നായിത്തീർന്ന ഐക്യത്തിന്‍റെ ദിനം, ഖത്തർ ദേശീയ ദിനം. രണ്ട് ആഘോഷങ്ങളിലും ഒരുപോലെ നിറഞ്ഞത് മലയാളികളാണ്. ഇന്നും ത്രസിപ്പിക്കുന്ന ഓർമ്മകൾ ഖത്തറിനെ വിട്ടുപോയിട്ടില്ല.
പ്രവാസികൾക്ക്, പ്രത്യേകിച്ച് മലയാളികൾക്ക് വലിയ പരിഗണനയാണ് ലോകകപ്പിലും രാജ്യത്തിന്റെ ഓരോ മേഖലയിലും ഖത്തർ നൽകിയത്. ഓരോ ദേശീയ ദിനത്തിലും വളർച്ചയിൽ ഒപ്പം നിന്ന ഖത്തറും മലയാളികളും തമ്മിലുള്ള ഈ ബന്ധം കൂടുതൽ ദൃഢമാകുന്നുണ്ട്. ഈ ദേശീയദിനം കടന്നുപോകുമ്പോൾ പുതിയൊരു ദൗത്യത്തിലാണ് രാജ്യം. ഗാസയിൽ വെടിയൊച്ചകളവസാനിപ്പിക്കാൻ വിശ്രമമില്ലാത്ത മധ്യസ്ഥ ഇടപെടലുകൾ നടത്തുന്നുണ്ട്. കുവൈത്ത് അമീറിന്‍റെ വിയോഗത്തെത്തുടർന്ന് ആഘോഷ പരിപാടികൾ മാറ്റിവെച്ചാണ് ദേശീയ ദിനം കടന്നുപോകുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം