സി കെ വിനീതും, റിനോ ആന്‍റോയും ചേര്‍ന്ന് ലീഗ് ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനത്തിന്‍റെ ഭാഗമായി നടന്ന സൗഹൃദ മത്സരത്തില്‍ കേരള പത്രപ്രവര്‍ത്തക യൂണിയനും മഞ്ഞപ്പടയും ഏറ്റുമുട്ടി
തിരുവനന്തപുരം: തലസ്ഥാനത്ത് ഇനി കാല്‍പന്താവേശത്തിന്‍റെ ദിനങ്ങള്‍. ഫുട്ബോള്‍ താരങ്ങളായ സി കെ വിനീതും, റിനോ ആന്‍റോയും ചേര്‍ന്ന് ലുലു ഫുട്ബോള്‍ ലീഗ് കിക്ക് ഓഫ് ചെയ്തതോടെ പതിനഞ്ച് ദിവസം നീളുന്ന മത്സരങ്ങള്‍ക്ക് തുടക്കമായി. ട്രാവൻകൂർ റോയൽസ് ഫുട്ബോൾ ക്ലബുമായി ചേർന്ന് നടത്തുന്ന ലീഗില്‍ 32 ടീമുകളാണ് മാറ്റുരയ്ക്കുക.
മാളിലെ ഗ്രാന്‍ഡ് എട്രിയത്തില്‍ നടന്ന ചടങ്ങില്‍ സി കെ വിനീത്, റിനോ ആന്‍റോ, ചേംബര്‍ ഓഫ് കൊമേഴ്സ് പ്രസിഡന്‍റ് എസ് എന്‍ രഘുചന്ദ്രന്‍ നായര്‍, ശംഖുമുഖം അസിസ്റ്റന്‍റ് കമ്മീഷണര്‍ ഡി.കെ പ്രിഥ്വിരാജ് എന്നിവര്‍ ചേര്‍ന്ന് ലുലു ഫുട്ബോള്‍ ലീഗ് ട്രോഫി പ്രകാശനം ചെയ്തു.
ഖത്തര്‍ ലോകകപ്പ്: മെസിയുടെ പരിക്ക്; അര്‍ജന്‍റീനക്ക് ആശ്വാസ വാര്‍ത്ത
രഘുചന്ദ്രന്‍ നായര്‍, മാച്ച് ബോള്‍ ലുലു മാൾ ചീഫ് എഞ്ചിനീയർ സുദീപിനും ട്രാവൻകൂർ റോയൽസ് ഫുട്ബോൾ ക്ലബിനുമായി കൈമാറി. ലീഗിന് മുന്നോടിയായി മാളിന്‍റെ നേതൃത്വത്തില്‍ ഓപ്പണ്‍ അരീനയില്‍ ഒരുക്കിയ ലുലു എസ്റ്റേഡിയോ ടര്‍ഫിന്‍റെ ഉദ്ഘാടനം അസിസ്റ്റന്‍റ് കമ്മീഷണര്‍ ഡി കെ പ്രിഥിരാജ് നിര്‍വ്വഹിച്ചു. ഫുട്ബോൾ ലീഗിനായി കേരളത്തിൽ മാൾ കേന്ദ്രീകരിച്ച് ടർഫൊരുക്കുന്നത് സമീപകാലത്ത് ഇതാദ്യമാണ്.
ലീഗ് ഉദ്ഘാടനത്തിന്‍റെ ഭാഗമായി നടന്ന സൗഹൃദ മത്സരത്തില്‍ കേരള പത്രപ്രവര്‍ത്തക യൂണിയന്‍റെ ടീമായ കേസരി എഫ്സിയും, മഞ്ഞപ്പട എഫ്സിയും ഏറ്റുമുട്ടി. ലീഗിലെ വിജയികൾക്ക് ആകെ ഒരു ലക്ഷം രൂപ വിലമതിയ്ക്കുന്ന സമ്മാനങ്ങളാണ് ലഭിയ്ക്കുക. നവംബർ 20നാണ് ഫൈനൽ.